തിരുവനന്തപുരം: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അടുത്തതായി കേരളത്തില്‍ അധികാരം പിടിച്ചെടുക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
കേരളം പിടിക്കാമെന്നത് മോദിയുടെ ആഗ്രഹം മാത്രമാണെന്നും രാഷ്ട്രീയ നേതാക്കള്‍ അവരുടെ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും എം.എ ബേബിയും കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും നരേന്ദ്ര മോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശനും തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചതിന് പിന്നാലെയാണ് കേരളത്തില്‍ അധികാരം നേടലാണ് പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യമെന്ന് മോദി പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളടക്കം വ്യാപക വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.
മോദിയുടെ അതിര് കവിഞ്ഞ ആഗ്രമായാണ് പ്രസ്താവനയെ കാണുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കേരളം പിടിക്കാമെന്ന പൂതി മോദി മനസില്‍ വെച്ചാല്‍ മതിയെന്ന് പറഞ്ഞ കെ.സി വേണുഗോപാല്‍ കേരളത്തെ വേണ്ടപോലെ മനസിലാക്കാന്‍ പ്രധാനമന്ത്രിക്കായിട്ടില്ലെന്നും കുറ്റപ്പെടുത്തി.