തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന സംഭവങ്ങളാണ് നിയമസഭയുടെ അകത്തും സ്പീക്കര്‍ ഓഫീസിന് മുന്‍പിലും നടന്നത്. സ്പീക്കറെ മനപ്പൂര്‍വ്വം പരഹാസപാത്രമാക്കാനുള്ള കുടുംബ അജണ്ടയാണ് നിയമസഭയില്‍ നടക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ വ്യക്തിയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
അടിയന്തര പ്രമേയം രണ്ടാം ദിവസവും തള്ളിയതിന് പിന്നാലെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഉമ തോമസ് എം.എല്‍.എ അവതരിപ്പിച്ച പ്രമേയമായിരുന്നു ഇന്ന് സ്പീക്കര്‍ തള്ളിയത്. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
‘ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന സംഭവങ്ങളാണ് നിയമസഭയുടെ അകത്തും സ്പീക്കര്‍ ഓഫീസിന് മുന്‍പിലും നടന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളെല്ലാം തടയുകയാണ്.
സ്പീക്കറെ പരിഹസിക്കാനുള്ള കുടുംബ അജണ്ടയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിയമസഭയില്‍ നടക്കുന്നത്. മരുമകന്‍ എത്ര വലിയ പി.ആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ്. സ്പീക്കറെ പരിഹാസപാത്രമാക്കി മാറ്റി, പ്രതിപക്ഷത്തിന് എതിരാക്കി മാറ്റി, നിയമസഭാ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബ അജണ്ടയാണിത്,’ വി.ഡി സതീശന്‍ പറഞ്ഞു.
‘സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ അല്ലാതെ പിന്നെ എവിടെ പോയി പറയും? ഇത് നിയമസഭയാണോ അതോ കൗരവ സഭയാണോ? ഇതുപോലൊരു വിഷയം അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് നിയമസഭ കൂടുന്നത്? മറുപടി പറയാന്‍ പറ്റില്ലെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നത്?
പാര്‍ലമെന്റില്‍ മോദി ഭരണകൂടം ചെയ്യുന്ന അതേ രീതിയിലാണ് ഇവിടെ മുഖ്യമന്ത്രിയുടെ അഹങ്കാരം എത്തിയിരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്ക് തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ്. ഭരണപക്ഷത്തിന് ഇഷ്ടമുള്ള വിഷയം മാത്രം ചര്‍ച്ച ചെയ്യണമെന്നാണ് അവരുടെ നിലപാടെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ച മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉള്‍പ്പെടെ ഗാര്‍ഡുകള്‍ ആക്രമിച്ചെന്നും കെ.കെ. രമ എം.എല്‍.എയെ കയ്യേറ്റം ചെയ്‌തെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന പരാമര്‍ശം മുഹമ്മദ് റിയാസ് നിയമസഭയില്‍ നടത്തിയിരുന്നു. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ എന്ത് അധികാരമാണുള്ളതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. ഇത് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ മനപ്പൂര്‍വമുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: VD Satheesan slams Pinarayi Vijayan; Ruckus in Niyamasabha