ഇന്ത്യ ടുഡേ വര്‍ഗീയ ധ്രുവീകരണം അവസാനിപ്പിക്കണം; ഗ്രൂപ്പിന് കീഴിലെ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കത്ത്
Natonal news
ഇന്ത്യ ടുഡേ വര്‍ഗീയ ധ്രുവീകരണം അവസാനിപ്പിക്കണം; ഗ്രൂപ്പിന് കീഴിലെ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th September 2023, 8:34 am

ന്യൂദൽഹി: ഇന്ത്യാ ടുഡേക്ക് കീഴിലുള്ള ചാനലുകളിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന്റെ മറവിൽ വർഗീയ ധ്രുവീകരണം നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസന്ത് വാലി സ്കൂളിലെ പൂർവവിദ്യാർത്ഥികൾ ഉടമകൾക്ക് കത്തെഴുതി.

ഇംഗ്ലീഷ് ചാനൽ ഇന്ത്യ ടുഡേ, ഹിന്ദി ചാനൽ ആജ് തക് ഉൾപ്പെടെ ഒരുപാട് ടി.വി ചാനലുകൾ ഗ്രൂപ്പിന് ഉണ്ട്.
വസന്ത് വാലിയിൽ പഠിക്കുമ്പോൾ തങ്ങൾ ബഹുമാനിക്കാൻ പഠിച്ച സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നീ തത്വങ്ങളെ തുരങ്കം വെക്കുന്നതാണ് വാർത്താ ചാനലുകളിലെ ഉള്ളടക്കം എന്ന് കത്തിൽ പറയുന്നു.

വസന്ത് വാലിയിലെ 18 ബാച്ചുകളിൽ നിന്നായി പഠിച്ചിറങ്ങിയ 165 വിദ്യാർത്ഥികളാണ് ചാനലുകളുടെയും ഇന്ത്യ ടുഡേ വാർത്താ മാസികയുടെയും ചീഫ് എഡിറ്റർ അരുൺ പൂരിക്ക് കത്തെഴുതിയത്. സെപ്റ്റംബർ 13ന് അയച്ച ഇമെയിലിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

‘വസന്ത് വാലി സ്കൂളിലെ പൂർവവിദ്യാർത്ഥികൾ എന്ന നിലയിലാണ് ഞങ്ങൾ ഇന്നീ കത്തെഴുതുന്നത്. ‘വസന്ത് വാലി സ്കൂളിന്റെ സ്ഥാപകർ ഇന്ത്യ ടുഡേ ഗ്രൂപ്പ് ആണ്. ഇന്ന് ഇന്ത്യ ടുഡേ, ആജ് തക് ഉൾപ്പെടെ ഒരുപാട് ടി.വി ചാനലുകളുടെ ഉടമസ്ഥത ഗ്രൂപ്പിനാണ്. അടിയന്തരാവസ്ഥ, 1984ലെ ദൽഹി കലാപം, 2002ലെ ഗുജറാത്ത്‌ കലാപം തുടങ്ങി ഇന്ത്യയിലെ കറുത്ത ദിനങ്ങളിലെല്ലാം ശക്തമായി നിലകൊണ്ട ചരിത്രമാണ് ഇന്ത്യ ടുഡേക്ക് ഉള്ളത്. അതിനാൽ തന്നെ ഞങ്ങൾക്ക് വളരെയധികം അഭിമാനവുമുണ്ട്.

ഇതേ സ്ഥാപനത്തിൽ നിന്ന് തന്നെയാണ് ഞങ്ങൾ സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ തത്വങ്ങളെ കുറിച്ച് പഠിച്ചതും.
നിർഭാഗ്യം എന്ന് പറയട്ടെ, ഇന്ന് ഇതേ തത്വങ്ങൾക്ക് ഇന്ത്യ ടുഡേ ഗ്രൂപ്പിനകത്ത് തന്നെയുള്ളവർ നിരന്തരം തുരങ്കം വെക്കുകയാണ്.

ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എഡിറ്ററുമായ താങ്കൾ, നിങ്ങളുടെ ചാനലുകളിൽ നിന്ന് പുറത്തുവിടുന്ന വിദ്വേഷം അവസാനിപ്പിക്കുകയും മാധ്യമപ്രവർത്തനത്തിന്റെ മറവിൽ വർഗീയ ധ്രുവീകരണം നടത്തുന്നവരെ സംബന്ധിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം എന്നതാണ് ഞങ്ങളുടെ ആവശ്യം,’ കത്തിൽ പറയുന്നു.

അതേസമയം ഇന്ത്യ ടുഡേയെ പൂർണമായും മറ്റു ചാനലുകളുമായി താരതമ്യം ചെയ്യുകയല്ലെന്നും പൂർവവിദ്യാർത്ഥികൾ വ്യക്തമാക്കി. ഇപ്പോഴും മികച്ച മാധ്യമപ്രവർത്തനം നടത്തുന്നവരും ഇന്ത്യ ടുഡേയിൽ ഉണ്ടെന്നും അവർ പറഞ്ഞു.
‘ഇന്നത്തെ മാധ്യമങ്ങൾ എല്ലാത്തിനും ഉപരിയായി റേറ്റിങ്ങിനാണ് പ്രധാന്യം കൊടുക്കുന്നത് എന്ന് അറിയാം. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഞങ്ങൾ ഇന്ത്യ ടുഡേയെ മറ്റു ടി.വി ചാനലുകളുമായി താരതമ്യം ചെയ്യുകയല്ല.

ഇപ്പോഴത്തെ നിലയിലും മികച്ച മാധ്യമപ്രവർത്തനം നടത്തുന്നവർ ഇന്ത്യ ടുഡേയിൽ ഉണ്ട്. സംസ്ഥാന, കേന്ദ്ര തലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ വളരെ കൃത്യമായി നടത്തുന്നതാണ് ആക്സിസ് – മൈ ഇന്ത്യ എക്‌സിറ്റ് പോളുകൾ. ഹരിയാനയിലെ നൂഹിൽ കലാപം നടന്നപ്പോൾ ആജ് തക്കിലെ ശ്രേയ ചാറ്റർജി കലാപം എങ്ങനെ ആ നാടിനെ ബാധിക്കും എന്നതിനെ കുറിച്ച് ഒരു മുഴുവൻ സെഗ്മെന്റ് ചെയ്തു. ആജ് തക്കിലെ തന്നെ മറ്റൊരു റിപ്പോർട്ടർ ആണ് കലാപത്തിലെ ആദ്യത്തെ ദൃശ്യങ്ങൾ പുറത്തുവിട്ടത്,’ പൂർവവിദ്യാർത്ഥികൾ പറഞ്ഞു.

അതേസമയം ആജ് തക്കിലെ വാർത്താ അവതാരകർ നടത്തുന്ന ധ്രുവീകരണം ആശങ്കപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. നൂഹിലെ കലാപത്തിന് പിന്നാലെ അമ്പതിലധികം പഞ്ചായത്തുകൾ മുസ്‌ലിം സമുദായത്തെ ബഹിഷ്കരിക്കുകയും 1200ഓളം കെട്ടിടങ്ങൾ പൊളിക്കുകയും ചെയ്തപ്പോൾ ഇതിനെ ചോദ്യം ചെയ്യുന്നതിന് പകരം ന്യായീകരിക്കുകയാണ് അവതാരകർ ചെയ്തതെന്നും അവർ കുറ്റപ്പെടുത്തി.

Content Highlight: Vasant Valley Alums Fire Salvo at School Owner, the India Today Group, for Communally Polarising TV News