national news
ക്ലാസ് മുറിയില്‍ മുസ്‌ലിം പെണ്‍കുട്ടി നിസ്‌കരിക്കുന്ന വീഡിയോ; ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 28, 06:02 am
Monday, 28th March 2022, 11:32 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ലാസ് മുറിയില്‍ മുസ്‌ലിം പെണ്‍കുട്ടി നിസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ അന്വേഷണം നടത്താനൊരുങ്ങി ഹരിസിംഗ് ഗൗര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി.

സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ യൂണിവേഴ്‌സിറ്റി അധികൃതരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണം. സംഭവം അന്വേഷിക്കാന്‍ ആറംഗ കമ്മിറ്റിയെ യൂണിവേഴ്‌സിറ്റി ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടി ക്ലാസ് മുറിയില്‍ നിസ്‌കരിച്ചെന്നാരോപിച്ച് ഹിന്ദു ജാഗരണ്‍ മഞ്ചാണ് പരാതി നല്‍കിയത്. പെണ്‍കുട്ടി നിസ്‌കരിക്കുന്നതിന്റെ 19 സെക്കന്റുള്ള വീഡിയോ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും അതിന്റെ പരിസരത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കരുതെന്ന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മതപരമായ ആചാരങ്ങള്‍ വീട്ടില്‍ വെച്ചോ ആരാധനാലയങ്ങളില്‍ വെച്ചോ നടത്തണമെന്ന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

 

Content Highlights: Varsity in Madhya Pradesh probes student offering namaz on campus