Kerala News
ഗ്രാമകോടതിയുള്ള ഇന്ത്യയിലെ ആദ്യ മണ്ഡലമായി വാമനപുരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 25, 04:10 am
Saturday, 25th January 2025, 9:40 am

തിരുവനന്തപുരം: ഇന്ത്യയില്‍ ഗ്രാമകോടതിയുള്ള ആദ്യ മണ്ഡലമായി മാറി വാമനപുരം. വ്യവഹാരരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഗ്രാമകോടതി നടപ്പിലായത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ മുഴുവന്‍ മേഖലകളിലും നിയമസാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.

വാമനപുരം മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട പത്ത് ഗ്രാമപഞ്ചായത്തുകളാണ് ഗ്രാമകോടതിയുടെ പരിധിയിലുള്ളത്.

ഡി.കെ. മുരളി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ജില്ലാ ലീഗല്‍ അതോറിറ്റിയും വാമനപുരം മണ്ഡലം വികസന സമിതിയും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.


ഗ്രാമകോടതിയുടെ സ്ഥിരം അദാലത്ത് ഇന്ന് (ശനി) ആരംഭിക്കും. സ്ഥിരം അദാലത്തിന്റെ ഉദ്ഘാടനം വെഞ്ഞാറമൂട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലോകായുക്തയും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയുമായ എന്‍. അനില്‍ കുമാറാണ് നിര്‍വഹിച്ചത്.

എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് ഗ്രാമകോടതിയില്‍ അദാലത്ത് നടക്കുക. ഈ മാസത്തെ അദാലത്ത് ഇന്ന് 11 മണിയ്ക്ക് നടക്കും. ഒരാഴ്ച മുമ്പ് വരെ ലഭിക്കുന്ന പരാതികളാണ് അദാലത്തിനായി പരിഗണിക്കുക.

ഗ്രാമപഞ്ചായത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള പരാതി പെട്ടികളില്‍ പരാതിയെഴുതി നിക്ഷേപിക്കണം. സിവില്‍-ക്രിമിനല്‍ സ്വഭാവമുള്ള പരാതികള്‍ ഒരേസമയം അദാലത്തില്‍ പരിഗണിക്കും. ഗ്രാമകോടതിയില്‍ ഫയല്‍ ചെയ്യേണ്ടതില്ലാത്ത ക്രിമിനല്‍-പോക്‌സോ കേസുകള്‍ ഒഴികെയുള്ള സിവില്‍-കുടുംബ വ്യവഹാര കേസുകളില്‍ അദാലത്ത് പരിഹാരം കാണും.

പരാതികള്‍ പരിഗണിച്ച ശേഷം നിയമജ്ഞരുടെ സാന്നിധ്യത്തില്‍ പരിഹാര നടപടി സ്വീകരിക്കും. പരാതികള്‍ ശേഖരിച്ച ശേഷം ലീഗല്‍ സര്‍വീസ് ടീം പരാതിക്കാര്‍ക്ക് നോട്ടീസ് അയക്കും. തുടര്‍ന്നായിരിക്കും അദാലത്ത് നടക്കുക.

വോളൻ്റിയർമാർക്കുള്ള ക്ലാസുകളും കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികൾക്കുള്ള പഞ്ചായത്തുതല ക്ലാസുകളും പൂർത്തിയായി. കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Content Highlight: Vamanapuram became the first mandal in India to have a village court