ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തകര്‍പ്പന്‍ വിജയമാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ക്യാപ്പിറ്റല്‍സ് നേടിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 13 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയിച്ചുകയറിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ദല്‍ഹി ഓപ്പണിങ് മാച്ചുകളില്‍ തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കുന്നത്.
സൂപ്പര്‍ താരവും ബെംഗളൂരുവിന്റെ സ്വന്തം ഹോം ടൗണ്‍ ഹീറോയുമായ കെ.എല്‍. രാഹുലിന്റെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയത്. നാലാമനായി ഇറങ്ങിയ രാഹുല്‍ 53 പന്തില്‍ ആറ് സിക്സും ഏഴ് ഫോറും ഉള്‍പ്പടെ 93 റണ്‍സ് നേടി പുറത്താകാതെ നിന്നു. ട്രിസ്റ്റന്‍ സ്റ്റബ്സ് 23 പന്തില്‍ നിന്ന് 38 റണ്‍സും നേടി പുറത്താകാതെ നിന്നു.
മത്സരത്തിലെ താരമായ രാഹുലിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. രാഹുല്‍ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിലായിരുന്നു വിഷമിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മികച്ച പ്രകടനമാണ് താരം പുറത്തെടുത്തതെന്ന് സിദ്ദു പറഞ്ഞു.
മാത്രമല്ല ആര്‍.സി.ബിക്കെതിരെ വിജയിച്ച ശേഷം രാഹുല്‍ ഗ്രൗണ്ടില്‍ നടത്തിയ ആഘോഷപ്രകടനത്തെക്കുറിച്ചും മുന്‍ താരം സംസാരിച്ചു. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററാണ് രാഹുലെന്നും സിദ്ദു പറഞ്ഞു.
‘അവന്റെ യുദ്ധം അവനോടുതന്നെയാണ്. ആ പോരാട്ടത്തില്‍ അവന്‍ വിജയിച്ചു. അവന്റെ സ്‌ട്രൈക്ക് റേറ്റ് ആയിരുന്നു പ്രശ്‌നം, പക്ഷേ ഇപ്പോള്‍ അവന്‍ ആ ആശങ്ക പരിഹരിച്ചു. കെ.എല്‍. രാഹുല്‍ തന്റെ കഴിവ് പുറത്തെടുത്തു. അദ്ദേഹത്തിന് തന്നെ ദേഷ്യം വന്നു, ആര്‍.സി.ബിക്കെതിരായ മത്സരം ജയിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആഘോഷം എല്ലാം തുറന്ന് കാട്ടുന്നു.
അവന്‍ ചങ്ങലകളെല്ലാം പൊട്ടിച്ചു. മുമ്പ് അവനെ വിമര്‍ശിച്ചിരുന്ന ആളുകള്‍ക്ക് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. ഏത് ബാറ്റിങ് പൊസിഷനില്‍ നിന്നും മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിയുമെന്ന് രാഹുല്‍ തെളിയിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: IPL 2025: Navjot Singh Sidhu Praises K.L Rahul