പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ വിട്ടയച്ച പോക്‌സോ കോടതി വിധിക്കെതിരെ പെണ്‍കുട്ടികളുടെ അമ്മ നാളെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിധി റദ്ദാക്കണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീല്‍. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനായി പെണ്‍കുട്ടികളുടെ കുടുംബം നാളെ കൊച്ചിയില്‍ എത്തും.
ശനിയാഴ്ചയാണ് പോക്‌സോ കോടതി വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കുടുംബത്തിന് ലഭിച്ചത്. പകര്‍പ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് കൈമാറുന്നത് വൈകിപ്പിച്ചതായി അമ്മ ആരോപിച്ചു.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ നേരത്തെ ആശ്യപ്പെട്ടിരുന്നെങ്കിലും കുട്ടികളുടെ മാതാപിതാക്കള്‍ക്കും സര്‍ക്കാറിനും അപ്പീല്‍ നല്‍കാന്‍ സാഹചര്യമുള്ള നിലയില്‍ സി.ബി.ഐ അന്വേഷണാവശ്യം സ്വീകാര്യമല്ല എന്ന് കോടതി പറഞ്ഞിരുന്നു. സി.ബി.ഐ അന്വേഷണത്തിനുളള ഹരജി വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും വിധി പറഞ്ഞ കേസില്‍ എങ്ങനെ പുതിയ അന്വേഷണം നടത്താന്‍ പറ്റുമെന്നും കോടതി ചോദിച്ചിരുന്നു .
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കാതെ അന്വേഷിക്കാന്‍ സാധിക്കില്ല എന്ന് സി.ബി.ഐ വ്യതമാക്കിയിട്ടുണ്ട്.വാളയാര്‍ കേസ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.