ശിവന്‍ കുട്ടിക്കെതിരെയുള്ള വ്യാജ പ്രചരണവും സമരാഭാസങ്ങളും അവസാനിപ്പിക്കണം; എല്‍.ഡി.എഫ് പ്രതിഷേധത്തിലേക്ക്
Kerala News
ശിവന്‍ കുട്ടിക്കെതിരെയുള്ള വ്യാജ പ്രചരണവും സമരാഭാസങ്ങളും അവസാനിപ്പിക്കണം; എല്‍.ഡി.എഫ് പ്രതിഷേധത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd August 2021, 3:56 pm

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിനെ പ്രതിരോധിക്കാന്‍ സി.പി.ഐ.എം മന്ത്രിക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന വ്യാജപ്രചാരണവും സമരാഭാസങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ആഗസ്റ്റ് 3,5 തീയതികളില്‍ പ്രതിഷേധ സമരം സംഘടപ്പിക്കുമെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

വി. ശിവന്‍കുട്ടിയുടെ പേരിലുള്ള കേസ് ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഉള്ളതാണ്. അഴിമതി കേസില്‍ അടക്കം പ്രതിയായവര്‍ രാജി വെയ്ക്കാത്ത കേരളത്തില്‍ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പ്രതിയായ മന്ത്രി രാജി വെക്കണം എന്ന് പറയുന്നത് അങ്ങേയറ്റം അപഹാസ്യമാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരാഭാസങ്ങള്‍ അരങ്ങേറുകയാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ മന്ത്രിയുടെ സ്വകാര്യ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത് അടക്കമുള്ള നടപടികള്‍ ആണ് ഇവര്‍ സ്വീകരിച്ചത്. സ്വകാര്യ വസതിയ്ക്ക് മുന്നില്‍ സമരം നടത്തുന്നത് അസാധാരണമാണ്. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വി. ശിവന്‍കുട്ടിക്കെതിരായ കേസ് തെരഞ്ഞെടുപ്പിന് മുമ്പ് ഉള്ളതാണ്. മന്ത്രിയായ ശേഷം അദ്ദേഹം ഒരു കേസില്‍ പോലും പ്രതിയല്ല. അഴിമതിക്കെതിരെ നിയമസഭയില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായുള്ള കേസ് സാധാരണനിലയ്ക്ക് നിയമസഭയ്ക്കകത്ത് തന്നെ തീരേണ്ടതുമാണ്.

ആ സന്ദര്‍ഭത്തില്‍ എട്ട് എം.എല്‍.എമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനുശേഷം പൊലീസിനെ ഉപയോഗിച്ച് ക്രിമിനല്‍ കേസ് എടുത്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റ കുത്സിതപ്രവര്‍ത്തനമാണ്.

ഒരു കുറ്റത്തിന് 2 ശിക്ഷ സാധാരണ ഉണ്ടാകാറില്ല. നിയമസഭയില്‍ വലിയ പ്രതിഷേധം ഇതിനേക്കാള്‍ രൂക്ഷമായ നിലയില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്, എം.എല്‍.എമാരുടെ പേരില്‍ നടപടി എടുത്തിട്ടും ഉണ്ടായിരുന്നു. അന്നൊന്നും പൊലീസിനെ വിളിച്ചുവരുത്തി നിയമസഭയ്ക്കകത്ത് കേസെടുക്കുന്ന രീതി ഉണ്ടായിട്ടില്ല. ആദ്യമായാണ് അത്തരം ഒരു അസാധാരണ രീതി യു.ഡി.എഫ് പടച്ചുണ്ടാക്കിയതെന്നും പ്രസ്താവനയില്‍ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ബി.ജെ.പിയും യു.ഡി.എഫും നടത്തുന്ന ജനാധിപത്യവിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് മൂന്നിന് നേമം നിയോജക മണ്ഡലത്തിലും, ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം ജില്ലയില്‍ ഒട്ടാകെയും എല്‍.ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘കേസില്‍ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധി, അതിനര്‍ത്ഥം കുറ്റം ചെയ്തതായി കോടതി വിധിച്ചു എന്നല്ല. ഇതിന് മുന്‍പ് വിചാരണ നേരിട്ട മന്ത്രിമാര്‍ ആരും രാജിവെച്ചതായി അറിയില്ല.  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരായി മൊഴി കൊടുത്തു, സി.എന്‍. ബാലകൃഷ്ണന്‍, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, രഘുചന്ദ്രപാല്‍ എന്നിവരെല്ലാം മന്ത്രിമാരായിരിക്കെ കോടതിയില്‍ വിചാരണ നേരിട്ടവരാണ്.  ഇതില്‍ പലതും അഴിമതി ആക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു.  അവരാരും രാജി വെച്ചില്ല,’ പ്രസ്താവനയില്‍ പറഞ്ഞു.

വി. ശിവന്‍കുട്ടിയെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റ് പ്രസ്താവിച്ചതായി മാധ്യമങ്ങളില്‍ കണ്ടു. ശിവന്‍കുട്ടി നേമം നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധിയാണ്, ജനപ്രതിനിധിയെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനം ജനാധിപത്യവിരുദ്ധമാണ്.

അതിശക്തമായ പ്രസ്ഥാനത്തിന്റെ ഭാഗമാണ് വി. ശിവന്‍കുട്ടി, ജനപ്രതിനിധി എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ബി.ജെ.പി ഒരുമ്പെട്ടാല്‍ ജനങ്ങളെ അണിനിരത്തി അതിശക്തമായി നേരിടുമെന്ന് ഞങ്ങള്‍ ഓര്‍മ്മപെടുത്തുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: LDF To protest against e propaganda and agitation on minister V.  Shivankuty