കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി എ പ്ലസ് തമാശയായിരുന്നു, ഇത്തവണ നിലവാരം വീണ്ടെടുത്തു: വി. ശിവന്‍കുട്ടി
Kerala News
കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി എ പ്ലസ് തമാശയായിരുന്നു, ഇത്തവണ നിലവാരം വീണ്ടെടുത്തു: വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st July 2022, 6:43 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചതില്‍ പരോക്ഷ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത്തവണ എ പ്ലസിന്റെ കാര്യത്തില്‍ ഫലം നിലവാരമുള്ളതാക്കിയെന്നും ദേശീയ തലത്തില്‍ അംഗീകാരമുള്ള ഫലമാക്കി മാറ്റാന്‍ ജാഗ്രത കാണിച്ചുവെന്നും മന്ത്രി പറഞ്ഞു.

കൂള്‍വിക്കി അവാര്‍ഡ് വിതരണ വേദിയില്‍ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി ഫലം ദേശീയ തലത്തില്‍ വളരെ തമാശയായിരുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം തമാശയായിരുന്നു. ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായിരുന്നു. ഈ വര്‍ഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തത്,’ എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.

മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിട്ടും പ്ലസ് വണിന് സീറ്റുകള്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സര്‍ക്കാരിനെ കഴിഞ്ഞ വര്‍ഷം പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍ ഫുള്‍ എ പ്ലസ് കുറച്ചതാണെന്ന ആരോപണമാണിപ്പോള്‍ ഉയര്‍ന്നുവരുന്നത്.

99.26 ശതമാനമാണ് ഇത്തവണത്തെ വിജയ ശതമാനം. 4,23,303 വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട് ജില്ലയിലാണ്. ഫുള്‍ എ പ്ലസ് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 3,024 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.