അഞ്ച് നേരത്തെ ബാങ്ക് വിളിവരെ നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ചത് ക്രൂരത, ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല: വി പി സുഹറ
Kerala News
അഞ്ച് നേരത്തെ ബാങ്ക് വിളിവരെ നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ചത് ക്രൂരത, ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല: വി പി സുഹറ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd August 2020, 4:35 pm

കോഴിക്കോട്: അഞ്ച് നേരത്തെ ബാങ്ക് വിളി തീരുവരെ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം കോടതി മാതാവിനെതിരെ ശിക്ഷ വിധിച്ചിരുന്നു. നവജാത ശിശുവിന് ലഭിക്കേണ്ട മുലപ്പാല്‍ നിഷേധിക്കുന്നത് എന്തിന്റെ പേരിലായാലും പൊറുക്കാനാകാത്ത കുറ്റമാണെന്ന് സാമൂഹ്യപ്രവര്‍ത്തകയായ വി.പി സുഹറ സംഭവത്തില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

മതവിശ്വാസത്തിന്റെ പേരില്‍ യാഥാസ്ഥിതികരായവരുടെ ഇത്തരം പ്രകടനപരമായ പ്രവര്‍ത്തികള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. കുഞ്ഞങ്ങളോടുള്ള ഇത്തരം ക്രൂരതകള്‍ യാതൊരു കാരണവശാലും ന്യായികരിക്കത്തക്കതല്ലെന്നും വി പി സുഹറ പറഞ്ഞു.

റമസാന്‍ കാലത്ത് ഇസ്‌ലാം കുഞ്ഞുങ്ങളേയും പ്രായമായവരേയും വ്രതാനുഷ്ടാനങ്ങളി നിന്നും ഒഴിവാക്കിയതിന്റെ അതേ യുക്തി നവജാത ശിശുവിന് കിട്ടേണ്ട മുലപ്പാല്‍ വൈകിപ്പിക്കാതിരിക്കുന്നതിനും ബാധകമാകേണ്ടതാണെന്നും വി.പി സുഹറ ചൂണ്ടിക്കാണിച്ചു. ഇത്തരം വിഷയങ്ങള്‍ ലഘൂകരിച്ചു കാണുന്നതിനെതിരെ സമുദായ മനസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഇതിനായി അമ്മമാര്‍ തന്നെ മുന്നോട്ടുവരണമെന്നും വി.പി സുഹറ അഭിപ്രായപ്പെട്ടു.

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പ്രതിയായ ഓമശ്ശേരി സ്വദേശിനി ഹഫ്സത്തിന് ആയിരം രൂപയും കോടതി പിരിയുന്നത് വരെ നില്‍പ്പുശിക്ഷയുമാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി വിധിച്ചത്. അതേസമയം കേസില്‍ പ്രതികളായിരുന്ന കള്ളന്തോട് ഹൈദ്രോസ് തങ്ങള്‍, യുവതിയുടെ ഭര്‍ത്താവ് അബൂബക്കര്‍ എന്നിവരെ കോടതി വെറുതെ വിട്ടു. 2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

മുക്കം ഇ.എം.എസ് സഹകരണ ആശുപത്രിയിലായിരുന്നു സംഭവം. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അബൂബക്കര്‍ ഇടപെട്ട് വിലക്കുകയായിരുന്നു. പള്ളിയില്‍ നിന്ന് ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് അബൂബക്കര്‍ നിര്‍ബന്ധം പിടിച്ചു. ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടേ മുലപ്പാല്‍ കൊടുക്കാവൂ എന്നായിരുന്നു ഇയാളുടെ വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നീട് സംഭവത്തില്‍ ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞ് പിതാവ് അബൂബക്കര്‍ രംഗത്ത് എത്തിയിരുന്നു. ‘മാപ്പ്’ തലക്കെട്ടിലുള്ള കുറിപ്പില്‍, പറ്റിയ അബദ്ധം അംഗീകരിക്കുന്നുവെന്നും തെറ്റിനെ ന്യായികരിക്കുകയല്ല തെറ്റുകള്‍ മനസ്സിലാക്കി സംഭവിച്ചത് ജനങ്ങളെ അറിയിക്കുകയാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.

സംഭവത്തില്‍ അമ്മയെ മാത്രം കുറ്റക്കാരിയാക്കി ശിക്ഷ വിധിച്ച കോടതി നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്നും അമ്മയെ കര്‍ശനമായി വിലക്കിയ ഭര്‍ത്താവിനെയും മറ്റുള്ളവരെയും വെറുതെവിട്ടത് ശരിയായ നടപടിയായില്ലെന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു.

വി പി സുഹറ ഡൂള്‍ന്യൂസിന് നല്‍കിയ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാത്തതിന്റെ പേരില്‍ കോടതി ഉമ്മക്ക് ശിക്ഷ നല്‍കിയ വാര്‍ത്ത അതീവ ഗുരുതരമാണ്. അധികമാരും ചര്‍ച്ച ചെയ്യാത്ത വിധം സാമാന്യമായപ്പോയ ഒരു അവസ്ഥയിലേക്ക് ഇക്കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

മതവിശ്വാസത്തിന്റെ പേരില്‍ യാഥാസ്ഥിതികരായവരുടെ ഇത്തരം പ്രകടനപരമായ പ്രവര്‍ത്തികള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. നവജാത ശിശുവിന് കിട്ടേണ്ട മുലപ്പാല്‍ നിഷേധിക്കുന്നത് എന്തിന്റെ പേരിലായാലും പൊറുക്കാനാവാത്ത കുറ്റമാണ്.
കുഞ്ഞങ്ങളോടുള്ള ഇത്തരം ക്രൂരതകള്‍ യാതൊരു കാരണവശാലും ന്യായികരിക്കത്തക്കതല്ല.

പ്രസവാനാന്തരമുള്ള ശാരീരിക ശുദ്ധി വരുത്തിയതിന് ശേഷം എത്രയും നേരത്തെ കുഞ്ഞങ്ങള്‍ക്ക് ആദ്യത്തെ മുലപ്പാല്‍ നല്‍കേണണ്ടത് കുഞ്ഞിന്റെ ശരീരത്തിലെ ഗ്ലൂക്കോസ് നഷ്ടപ്പെടാതിരിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും നിര്‍ബന്ധമാണെന്ന് ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്.

ആ സമയങ്ങളില്‍ മുലപ്പാല്‍ നിഷേധിക്കുന്നത് കുഞ്ഞിന്റ ആരോഗ്യത്തെ സാരമായി ബാധിക്കാന്‍ ഇടവരുത്തുമെന്നതു കൊണ്ട് തന്നെ എത്രയും നേരത്തെ മുലപ്പാല്‍ നല്‍കുകയെന്നത് പരിഗണന അര്‍ഹിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലും നമ്മുടെ നാട്ടിലെ തന്നെ ചില മാതൃശിശു സംരക്ഷണ ആശുപത്രികളിലുമെല്ലാം പ്രസവം കഴിഞ്ഞുടനെ ശാരീരികശുദ്ധി വരുത്തിയതിന് ശേഷം കുഞ്ഞിനെ അമ്മയുടെ മാറിടത്തില്‍ കമിഴ്ത്തിക്കിടത്തുകയും കുഞ്ഞ് തന്നെ അവരുടെ ഭക്ഷണം കണ്ടെത്തി മുലപ്പാല്‍ നുണയുകയും ചെയ്യുന്ന ശാസ്ത്രീയ രീതിയാണ് അവലംബിച്ചു പോരുന്നത്.

മണിക്കൂറുകളോളം കുഞ്ഞിന് പാല്‍ കൊടുക്കാതിരിക്കുന്നത് കുഞ്ഞിന് ന്യായമായി കിട്ടേണ്ട പരിഗണന നിഷേധിക്കലാണ്. മാത്രമല്ല, മണിക്കൂറുകളോളം കുഞ്ഞിന് പാല്‍ കൊടുക്കാതിരുന്നാല്‍ മാറിടത്തില്‍ പാല്‍ നിറയുന്നതനുസരിച്ച് പ്രസവിച്ച സ്ത്രീകള്‍ക്ക് കഠിനമായ വേദനയും മറ്റും അനുഭവപ്പെടാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ അഞ്ച് നേരത്തെ ബാങ്ക് വിളിവരെ കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്നത് ക്രൂരവും കുഞ്ഞിന്റെ അവകാശലംഘനവുമാണ്.

ഇതോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യം റമസാന്‍ കാലത്ത് ഇസ്‌ലാം കുഞ്ഞുങ്ങളേയും പ്രായമായവരേയും വ്രതാനുഷ്ടാനങ്ങളി നിന്നും ഒഴിവാക്കിയതിന്റെ അതേ യുക്തി നവജാത ശിശുവിന് കിട്ടേണ്ട മുലപ്പാല്‍ വൈകിപ്പിക്കാതിരിക്കുന്നതിനും ബാധകമാകേണ്ടതാണെണന്നതാണ്. ഇത്തരം വിഷയങ്ങള്‍ ലഘൂകരിച്ചു കാണുന്നതിനെതിരെ സമുദായ മനസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അമ്മമാര്‍ തന്നെ ഈ വിഷയങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുവരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Social activist V.P Suhara responds to the incident where newborn denied breast feeding because of religious reasons