തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനെ യു.ഡി.എഫ് തെരഞ്ഞെടുത്തു. രമേശ് ചെന്നിത്തലയെ തന്നെ പ്രതിപക്ഷ സ്ഥാനത്ത് നിലനിര്‍ത്തണമെന്ന് ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വാദിച്ചെങ്കിലും മാറ്റിയേ തീരുവെന്ന് യുവനേതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം അറിയിക്കുകയായിരുന്നു.
കേരളത്തിലേറ്റ ദയനീയ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയിലും മുന്നണിയിലും അടിമുടി മാറ്റം വേണമെന്ന് ഹൈക്കമാന്റും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തലമുറമാറ്റം കുറിച്ചുകൊണ്ട് പ്രതിപക്ഷനേതാവായി വി.ഡി സതീശനെത്തുന്നത്.
നിയുക്ത പ്രതിപക്ഷനേതാവായ ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍, ഇനി യു.ഡി.എഫ് കേരളത്തില്‍ വര്‍ഗീയതക്കെതിരെ സന്ധിയില്ലാ സമരം നടത്തുമെന്നും അതായിരിക്കും ഒന്നാമത്തെ പരിഗണനയെന്നും വി.ഡി സതീശന്‍ പ്രഖ്യാപിച്ചു. സംഘപരിവാര്‍ അടക്കമുള്ള വിധ്വംസക ശക്തികള്‍ക്കെതിരെയുമുള്ള പോരാട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെ യു.ഡി.എഫ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍പും പല തവണ വര്‍ഗീയതക്കും സംഘപരിവാറിനുമെതിരെ ശക്തമായ നിലപാടെടുക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത നേതാവാണ് വി.ഡി സതീശന്‍. പലപ്പോഴും കോണ്‍ഗ്രസില്‍ നിന്നും വിരുദ്ധമായ നിലപാടുകളും ഈ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്.
ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വര്‍ഗീയതക്കെതിരെ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോള്‍, 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് താന്‍ നടത്തിയ പ്രസംഗത്തെ കുറിച്ച് വി.ഡി സതീശന്‍ പരാമര്‍ശിച്ചിരുന്നു. കേരളത്തില്‍ അന്ന് ഏറെ ചര്‍ച്ചയായ പ്രസംഗമായിരുന്നു അത്.
‘ എന്റെ ഒന്നാമത്തെ ലക്ഷ്യം തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതല്ല, എന്റെ ഒന്നാമത്തെ ലക്ഷ്യം കേരളത്തിന്റെ മണ്ണില്‍ വര്‍ഗീയ വിഷവിത്തുക്കള്‍ പാകാന്‍ ഒരു ശക്തിയെയും അനുവദിക്കാതിരിക്കുക എന്നതാണ്,’ എന്നായിരുന്നു വി.ഡി സതീശന്റെ വാക്കുകള്‍. സംഘപരിവാര്‍ വെള്ളത്തിന് തീ പിടിപ്പിക്കാന്‍ നില്‍ക്കുകയാണെന്നും അന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വ്യത്യസ്ത മതങ്ങളില്‍ പെട്ട ജനവിഭാഗങ്ങളില്‍ തൊണ്ണൂറ് ശതമാനവും മതേതരത്വത്തില്‍ വിശ്വസിക്കുന്നവരാണെന്നും ബി.ജെ.പിക്ക് അവരെ മാറ്റാനാകില്ലെന്നും സതീശന്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്നിട്ടാണെങ്കിലും ബി.ജെ.പി ഉന്നയിക്കുന്ന വര്‍ഗീയ പ്രചരണത്തിന്റെ മുനയൊടിക്കാന്‍ ശ്രമിക്കുമെന്നും ആ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു കോണ്‍ഗ്രസുകാരാനെന്ന നിലയിലാണ് ഇതു പറയുന്നതെന്നും മതേതരത്വത്തില്‍ വിശ്വസിക്കുന്ന, സാമൂഹ്യപ്രതിബദ്ധതയുള്ള, കേരളത്തിലെ ജനങ്ങളുടെ ശിരസ്സ് താഴാന്‍ താന്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ ഒരു സമുദായ നേതാക്കളുടെയും മുന്‍പില്‍ മുട്ടുമടക്കില്ലെന്ന പറഞ്ഞ അദ്ദേഹം ക്രൈസ്തവ സഭകള്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിലടക്കം ഇടപെടുന്നതിനെതിരെയും അന്ന് രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
2016ലെ ഈ പ്രസംഗത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ തന്നെയായിരുന്നു പ്രതിപക്ഷ നേതാവായി തെരഞ്ഞടുക്കപ്പെട്ട ആദ്യ വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം ആവര്‍ത്തിച്ചത്. മതേതര കാഴ്ചപ്പാടുകളില്‍ യു.ഡി.എഫ് വെള്ളം ചേര്‍ക്കുകയോ വിട്ടുവീഴ്ച നടത്തുകയോ ചെയ്യില്ലെന്നും ആ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വര്‍ഗീയതക്കെതിരെ യു.ഡി.എഫ് മുന്‍പന്തിയില്‍ നിന്ന് പോരാടുമെന്നും വി.ഡി സതീശന്‍ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഏറ്റവും കൂടുതല്‍ കലഹിച്ച നേതാക്കളിലൊരാളാണ് വി.ഡി സതീശന്‍. പല വിഷയങ്ങളിലും പാര്‍ട്ടിയില്‍ നിന്നും വിരുദ്ധമായ നിലപാടും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. 2019ല്‍ ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയപ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായ നിലപാടായിരുന്നു വി.ഡി സതീശന്‍ സ്വീകരിച്ചത്. ഇത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാടല്ല തന്റേതെന്നും സ്ത്രീ സമത്വമെന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് താനെന്നും അന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ കൂടിയായിരുന്ന സതീശന്‍ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ആള്‍ക്കൂട്ടത്തിന് പിന്നാലെ പോകരുതെന്ന നിലപാടില്‍ അന്നും ഇന്നും ഉറച്ചുനില്‍ക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.
‘ബി.ജെ.പി നടത്തുന്നത് പോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അതിന്റേതായ പാരമ്പര്യവും വഴികളുമുണ്ട്. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധ നിലപാട് മാറണമെന്നാണ് എന്റെ അഭിപ്രായം. എന്റേതിന് സമാനമായ അഭിപ്രായമുളള ഒരുപാട് പേര്‍ പാര്‍ട്ടിക്കുളളിലുണ്ട്,’ വി.ഡി സതീശന്‍ അന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ശബരിമല വിഷയത്തിലെ തന്റെ നിലപാട് പാര്‍ട്ടിക്കുളളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും കേരളത്തില്‍ സ്ത്രീ സമത്വത്തിന്റെ പേരിലല്ലാ ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണകാലത്ത് ക്ഷേത്രങ്ങളിലെ സ്വത്ത് സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നുവെന്ന പ്രചാരണം ഉടലെടുത്തിരുന്നു.
ഈ ആരോപണങ്ങളടക്കം ചര്‍ച്ചയാക്കികൊണ്ട് എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ സമത്വ മുന്നേറ്റ യാത്രയുടെ പശ്ചാത്തലത്തില്‍, നിയമസഭയില്‍ സബ്മിഷന്‍ സമര്‍പ്പിച്ച് സംസാരിച്ചത് വി.ഡി സതീശനായിരുന്നു. അതീവ രൂക്ഷമായ ഭാഷയിലായിരുന്നു അന്ന് അദ്ദേഹം സഭയില്‍ സംസാരിച്ചത്.
ക്രിസ്ത്യന്‍, മുസ്‌ലിം ദേവാലയങ്ങളുടെ വരുമാനം അവര്‍ തന്നെ കൈകാര്യം ചെയ്യുന്നു. എന്നാല്‍ ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്ന വെള്ളം പോലും കത്തുന്ന വര്‍ഗീയ പ്രചാരണമാണ് ചിലര്‍ നടത്തുന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഈ വര്‍ഗീയ പ്രചാരണം ജാഥ നടത്തുകയും പാര്‍ട്ടിയുണ്ടാക്കുകയും ചെയ്യുന്ന ചിലര്‍ ഏറ്റുപിടിച്ചിരിക്കുകയാണെന്നും വെള്ളാപ്പിള്ളി നടേശന്റെ പേരെടുത്ത് പറയാതെ സതീശന്‍ പറഞ്ഞു.
ക്ഷേത്രവരുമാനത്തിന് ലഭിക്കുന്ന ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ എടുക്കുന്നില്ലെന്നും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും മറ്റുമായി അങ്ങോട്ട് തുക അനുവദിക്കുകയാണ് ചെയ്യാറാള്ളതെന്നും ദേവസ്വം മന്ത്രി ശിവകുമാര്‍ അന്ന് സഭയില്‍ മറുപടി നല്‍കി. കൃത്യമായ കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഈ മറുപടിക്ക് ശേഷം ആരോപണങ്ങള്‍ കെട്ടടങ്ങുകയായിരുന്നു. ക്ഷേത്രങ്ങളുടെ സ്വത്തും സര്‍ക്കാരുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളിലൊന്നായി അന്നത്തെ സബ്മിഷനും മറുപടിയും മാറി.
ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുകളോട് ചേര്‍ന്നും അല്ലാതെയും തന്റെ സംഘപരിവാര്‍ വിരുദ്ധ കാഴ്ചപ്പാടുകളും പുരോഗമന ആശയങ്ങളും നിരന്തരമായി പങ്കുവെക്കുന്ന നേതാവ് കൂടിയാണ് വി.ഡി. സതീശന്‍. കേരളത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് വി.ഡി. സതീശന്‍ പ്രതിപക്ഷനേതാവായി എത്തുന്നത്.
സംഘപരിവാറിനും മറ്റു വര്‍ഗീയതകള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ് പിന്നോട്ടുപോകുന്നുവെന്ന ആരോപണങ്ങള്‍ കൂടി ഉയരുന്ന പശ്ചാത്തലത്തിലുള്ള സതീശന്റെ കടന്നുവരവ് ഒരുപക്ഷെ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടു വന്നേക്കാമെന്നാണ് കോണ്‍ഗ്രസ് അണികള്‍ തന്നെ മുന്നോട്ടുവെക്കുന്ന പ്രതീക്ഷ. രാഷ്ട്രീയ നിരീക്ഷകരും സമാനമായ ചില വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്.