തിരുവനന്തപുരം: കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തരെ അക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
സംഭവം അന്വേഷിക്കാന്‍ ഡി.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
ദൗര്‍ഭാഗ്യകരമായ ഒരു സംഭവമാണ് നടന്നത്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റും ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലേര്‍പ്പെടേണ്ട കാര്യമില്ലെന്നും അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും, നമ്മള്‍ നമ്മുടെ ജോലി ചെയ്യുകയാണ് വേണ്ടതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എ ഗ്രൂപ്പ് യോഗം നടക്കുന്നതറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ടി.സിദ്ദിഖിന്റെ അനുയായികളാണ് യോഗം ചേര്‍ന്നതെന്നാണ് വിവരം. യോഗത്തെക്കുറഞ്ഞെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് ഉള്‍പ്പടെ മര്‍ദനമേറ്റിരുന്നു.