Kerala News
അധികാരത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും അന്ധതയാണ് മുഖ്യമന്ത്രിക്ക്; ജനങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 17, 12:12 pm
Thursday, 17th March 2022, 5:42 pm

തിരുവനന്തപുരം: കെ റെയില്‍ കല്ലിടലിനെതിരെ സമരം ചെയ്യുന്ന ജനങ്ങളോടൊപ്പം യു.ഡി.എഫുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൊലീസുകാര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് കാണിച്ച അതിക്രമത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശക്തമായ സമരത്തിലേക്ക് പോവുകയാണ്, ജനങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും. അധികാരത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും അന്ധതയാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് കേരളത്തില്‍ കെ റെയിലിനെതിരെ നടക്കുന്ന സമരം കാണാതെ പോകുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കെ റെയിലിനെ ജനങ്ങള്‍ ചെറുത്തു. സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് മുഖ്യമന്ത്രി,’ വി.ഡി. സതീശന്‍ പറഞ്ഞു.

ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയിലിന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. സ്ത്രീകളടക്കമുള്ളവരെ പൊലീസുകാര്‍ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.

ഒരു സ്ത്രീയെ പൊലീസ് വലിച്ചിഴക്കുമ്പോള്‍ ചെറിയ മകന്‍ തടയാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ചങ്ങനാശേരിയില്‍  ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കെ റെയില്‍ വിരുദ്ധ സമരസമിതിയും യു.ഡി.എഫും ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിയിരുന്നു.

കെ റെയിലിനെതിരെ സമരം ശക്തമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിന്റെ ലംഘനമാണുണ്ടായതെന്നും വി.ഡി. സതീശന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.


Content Highlights: V D Satheesan says about k Rail issue