ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് രാജിവെച്ചു. സ്ഥാനമേറ്റെടുത്ത് മാസങ്ങള്‍ക്കുള്ളിലാണ് തിരഥ് സിംഗ് രാജിവെച്ചിരിക്കുന്നത്.
കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രാത്രി 11 മണിയോടെ ഗവര്‍ണര്‍ ബേബി റാണി മൗര്യക്കയുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു.
ത്രിവേന്ദ്ര സിംഗ് റാവത്തിന് പകരമായാണ് തിരഥ് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി മാര്‍ച്ച് 10ന് ചുമതലയേല്‍ക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് തിരഥ് സിംഗ് റാവത്ത് എം.എല്‍.എ. ആയിരുന്നില്ല.
പൗരി ഗര്‍വാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാ എം.പിയായിരിക്കെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നത്. അദ്ദേഹം ലോക്സഭാ എം.പിയായി ഇപ്പോഴും തുടരുന്നുമുണ്ട്.
ഭരണഘടനാ നിയമപ്രകാരം മുഖ്യമന്ത്രിയായോ മന്ത്രിയായോ സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ ഒരു മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചിരിക്കണം.
തിരഥിന്റെ കാര്യത്തില്‍ സെപ്തംബര്‍ 10നുള്ളില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിക്കണമായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത കുറവാണ്.
ഈ സാഹചര്യത്തില്‍ സെപ്തംബര്‍ 10ന് മുമ്പ് തിരഥ് തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കില്‍ സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി നിലവില്‍വരും. ഇത് ഒഴിവാക്കാനാണ് രാജിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.