കുംഭമേളയോടനുബന്ധിച്ച് യു.പിയിൽ പുതിയ ജില്ല, പേര് 'മഹാ കുംഭ്മേള'
national news
കുംഭമേളയോടനുബന്ധിച്ച് യു.പിയിൽ പുതിയ ജില്ല, പേര് 'മഹാ കുംഭ്മേള'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd December 2024, 1:51 pm

ലഖ്‌നൗ: 2025ലെ മഹാ കുംഭമേളയ്ക്ക് മുന്നോടിയായി ഉത്തർപ്രദേശ് സർക്കാർ ഞായറാഴ്ച മഹാ കുംഭ് പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ചു. മഹാ കുംഭമേള ജില്ല എന്നാണ് പുതിയ ജില്ല അറിയപ്പെടുക.

മഹാകുംഭമേളക്കെത്തുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഭരണപരമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുമായി യോഗി സർക്കാർ രൂപീകരിച്ചതാണ് താത്കാലിക ജില്ല.

നാല് തഹസിൽദാർ പ്രദേശങ്ങളിലെ 67 വില്ലേജുകളെ ബന്ധിപ്പിച്ചാണ് പുതിയ ജില്ല രൂപീകരിച്ചത്. ഈ താത്കാലിക ജില്ലയിൽ ഭരണം സാധാരണ ജില്ലകളിൽ പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിക്കും. ശക്തമായ ക്രമസമാധാനപാലനത്തിനായി പുതിയ ജില്ലയിൽ താത്കാലിക പൊലീസ് സ്റ്റേഷനുകളും സൃഷ്ടിക്കും.

അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന കുംഭമേള മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രധാന ഭരണപരമായ നീക്കമായി ഈ തീരുമാനത്തെ അധികാരികൾ കണക്കാക്കുന്നു. പ്രയാഗ്‌രാജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് എല്ലാ വിധ സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനായാണ് പുതിയ ജില്ലയുടെ രൂപീകരണം.

പുതുതായി നിർമിച്ച ജില്ലയിൽ മേള സമയത്തെ തയ്യാറെടുപ്പുകൾക്കും സേവനങ്ങൾ പരിപാലിക്കുന്നതിനുമായി ഒരു അഡ്മിനിസ്ട്രേറ്റീവ് ടീം ഉണ്ടായിരിക്കും. കുംഭമേള അവസാനിക്കുന്നത് വരെ ജില്ല നിലനിൽക്കുമെന്ന് അധികാരികൾ പറഞ്ഞു.

 

 

Content Highlight: Uttar Pradesh declares Maha Kumbh area as new district ahead of Kumbh Mela