ഗസയെ മെച്ചപ്പെടുത്താന്‍ 30 ദിവസം തരും; ഒരുക്കമല്ലെങ്കില്‍ ഇസ്രഈലിനുള്ള സഹായങ്ങള്‍ നിര്‍ത്തേണ്ടിവരും: പെന്റഗണ്‍
World News
ഗസയെ മെച്ചപ്പെടുത്താന്‍ 30 ദിവസം തരും; ഒരുക്കമല്ലെങ്കില്‍ ഇസ്രഈലിനുള്ള സഹായങ്ങള്‍ നിര്‍ത്തേണ്ടിവരും: പെന്റഗണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th October 2024, 6:22 pm

ന്യൂയോര്‍ക്ക്: ഇസ്രഈലിന് നല്‍കുന്ന സൈനിക സഹായം നിര്‍ത്തിവെക്കേണ്ടി താക്കീതുമായി പെന്റഗണ്‍. സൈനിക ആക്രമണങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ ഗസയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ സൈനിക സഹായം നിര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. ഗസയെ മെച്ചപ്പെടുത്താന്‍ 30 (ഒരു മാസം) ദിവസമാണ് യു.എസ് ഇസ്രഈലിന് നല്‍കിയിട്ടുള്ളത്.

ഒരു മാസത്തിനുള്ളില്‍ ഇസ്രഈലി അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിന് സൈനിക സഹായം നിര്‍ത്തിവെക്കേണ്ടി വരുമെന്ന് പെന്റഗണും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച്, 2023 ഒക്ടോബര്‍ മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ ഗസയില്‍ ആക്രമണങ്ങള്‍ നടത്തുന്നതിനായി യു.എസ് 18 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധങ്ങളും സഹായങ്ങളും നെതന്യാഹു സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമാണ് ആയുധങ്ങള്‍ നല്‍കുന്നതെന്നായിരുന്നു പെന്റഗണ്‍ ഉള്‍പ്പെടെ നേരത്തെ നല്‍കിയ വിശദീകരണം.

എന്നാല്‍ 2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഭരണകൂടത്തിന്റെ ഇസ്രഈല്‍ അനുകൂല നിലപാടിനെതിരെ ഉയരുന്ന പ്രതിഷേധവും കണക്കിലെടുത്താണ് പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഗസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ അടുത്തിടെയായി കുറയുകയാണെന്നും വിഷയത്തില്‍ 30 ദിവസത്തിനകം പരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രഈലിന് കത്തയച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആഗോള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഗസയിലേക്കെത്തുന്ന ഭക്ഷ്യ സഹായം ഉള്‍പ്പെടെയുള്ളവയുടെ എണ്ണം ഗണ്യമായി കൂടിയെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇത് 50 ശതമാനത്തിലേക്ക് കുറഞ്ഞുവെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇതിനുപിന്നാലെയാണ് ഇസ്രഈലിന് മുന്നറിയിപ്പുമായി പെന്റഗണ്‍ രംഗത്തെത്തിയത്. ഏപ്രിലിന്റെ ആദ്യവാരത്തില്‍ ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിനെ തടയുന്ന നീക്കങ്ങള്‍ ഐ.ഡി.എഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് യു.എസ് ഇസ്രഈലിന് താകീത് നല്‍കിയിരുന്നു.

അതേസമയം വെസ്റ്റ് ബാങ്കിലും ഗസയിലുമായി ഇസ്രഈലി സൈന്യം അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ പോലും യു.എസ് നെതന്യാഹു സര്‍ക്കാരിന് സൈനിക സഹായം നല്‍കിയിട്ടുണ്ട്.

Content Highlight: US threatens to cut arms deliveries to Israel