വാഷിംഗ്ടണ്‍: അമേരിക്കയുടെ ഹെയ്ത്തിയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ രാജിവെച്ചു. കഴിഞ്ഞദിവസമായിരുന്നു അമേരിക്കയുടെ നാടുകടത്തല്‍ നയത്തില്‍ പ്രതിഷേധിച്ച് ഹെയ്ത്തിയിലെ പ്രതിനിധി ഡാനിയേല്‍ ഫൂടെ രാജി വെച്ചത്.
അമേരിക്കന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അഭയാര്‍ത്ഥി ക്യാംപില്‍ നിന്നും പൗരന്മാരെ ഹെയ്ത്തിയിലേക്ക് തന്നെ തിരിച്ചയച്ച അമേരിക്കന്‍ നടപടിയാണ് ഫൂടേയുടെ രാജിയിലേക്ക് നയിച്ചത്. ഹെയ്ത്തിയില്‍ ഇപ്പോഴും പ്രതിസന്ധി തുടരുന്നതിനാല്‍ നടപടി തെറ്റായിരുന്നു എന്നാണ് ഫൂടെയുടെ വാദം.
”ആയിരക്കണക്കിന് ഹെയ്ത്തിയന്‍ അഭയാര്‍ത്ഥികളേയും നിയമവിരുദ്ധ കുടിയേറ്റക്കാരേയും ഹെയ്ത്തിയിലേക്ക് തിരിച്ചയച്ച അമേരിക്കയുടെ മനുഷ്യത്വരഹിതമായ നടപടിക്ക് ഞാന്‍ ഒരിക്കലും കൂട്ടുനില്‍ക്കില്ല,” അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് നല്‍കിയ രാജിക്കത്തില്‍ ഫൂടെ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഏറ്റവും അടുത്ത അനുയായികള്‍ക്കിടയില്‍ പോലും ഈ തീരുമാനത്തിനെതിരെ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. രാജിയെത്തുടര്‍ന്ന് ഐക്യരാഷ്ട്രസംഘടനയുടെ ഭാഗത്ത് നിന്നും അമേരിക്കന്‍ ഭരണകൂടത്തിന് നേരെ വലിയ സമ്മര്‍ദ്ദമാണുള്ളത്.
കഴിഞ്ഞ ജൂലൈയിലായിരുന്നു ഡാനിയേല്‍ ഫൂടേയെ ഹെയ്ത്തിയിലെ പ്രത്യേക നയതന്ത്ര പ്രതിനിധിയായി അമേരിക്ക നിയമിച്ചത്. ഹെയ്ത്തി പ്രസിഡന്റ് ജൊവനേല്‍ മോയ്‌സിന്റെ വധത്തിന് പിന്നാലെയായിരുന്നു ഡാനിയേല്‍ ഫൂടേയുടെ നിയമനം.
ഹെയ്ത്തിയിലുണ്ടായിരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളേയും കലാപങ്ങളേയും തുടര്‍ന്ന് അവിടത്തെ ആയിരക്കണക്കിന് ജനങ്ങളാണ് കഴിഞ്ഞ ആഴ്ചകളിലായി ടെക്‌സസ് അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കടന്നത്. എന്നാല്‍ അമേരിക്കന്‍ അതിര്‍ത്തി പട്രോള്‍ സംഘം അവരെ ഹെയ്ത്തിയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഇത്തരത്തില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥയും അക്രമങ്ങളും പ്രകൃതിക്ഷോഭവും ദാരിദ്ര്യവും കാരണം നശിക്കപ്പട്ട അവസ്ഥയില്‍ നിന്നും രക്ഷ തേടി അവിടത്തെ പൗരന്മാര്‍ അമേരിക്കയിലെത്തുമ്പോള്‍ അവരെ അവരുടെ രാജ്യത്തേക്ക് തന്നെ തിരിച്ചയക്കുന്നത് മനുഷ്യത്വമില്ലാത്ത നടപടിയാണെന്നായിരുന്നു ഫൂടേയുടെ വാദം.
കുതിരപ്പുറത്ത് റോന്ത് ചുറ്റുന്ന പട്രോള്‍ സംഘം ഹെയ്ത്തി പൗരന്മാരുടെ പിറകെ പോകുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് കുടിയേറ്റക്കാരെ അമേരിക്ക കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നാല്‍ ഫൂടേയുടെ രാജി നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്നുമായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി നെഡ് പ്രൈസ് വിഷയത്തില്‍ പ്രതികരിച്ചത്.