ന്യൂദല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ച് അമേരിക്കന്‍ പാര്‍ലമെന്റ് അംഗം. കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കേറ്റ തിരിച്ചടിയും ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ ലംഘനവുമാണെന്ന് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സെനറ്റര്‍ റോ ഖന്ന അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് റോ ഖന്ന. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം രാഹുല്‍ ഗാന്ധിയുടെ അയോഗ്യത പിന്‍വലിക്കാന്‍ നരേന്ദ്രമോദി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
The expulsion of Rahul Gandhi from parliament is a deep betrayal of Gandhian philosophy and India’s deepest values. This is not what my grandfather sacrificed years in jail for. @narendramodi you have the power to reverse this decision for the the sake of Indian democracy. https://t.co/h85qlYMn1J
‘രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടി രാജ്യം മുന്നോട്ട് വെക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. അതേ സമയം ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പരസ്യമായ ലംഘനവുമാണ്. ഇതിന് വേണ്ടിയല്ല എന്റെ പൂര്‍വ്വികര്‍ ഭാരതത്തിനായി അവരുടെ ജീവന്‍ ത്യാഗം ചെയ്തത്. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് മോദി, നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാഹുലിന്റെ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറാകണം,’ റോ ഖന്ന ട്വീറ്റ് ചെയ്തു.
രാഹുല്‍ വിഷയത്തില്‍ സമാന പ്രതികരണവുമായി അമേരിക്കയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍ പേഴ്‌സണ്‍ ജോര്‍ജ് എബ്രഹാമും രംഗത്തെത്തി. രാഹുലിന്റെ അയോഗ്യത ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്നാണ് അദ്ദേഹം പറഞ്ഞത്. മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്ന സമീപനമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ഇന്ത്യന്‍ ജനാധിപത്യത്തിലെ ദുഖകരമായ ദിനമാണിന്ന്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ രാജ്യത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ കത്തി വെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഒരു എം.പിയെ പുറത്താക്കുന്നതൊക്കെ ലോകത്താകമാനമുള്ള ഇന്ത്യക്കാരെ നാണം കെടുത്തുന്നതിന് തുല്യമാണ്,’ ജോര്‍ജ് അബ്രഹാം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്. കോടതി വിധിക്കെതിരെ 30 ദിവസത്തിനുള്ളില്‍ സ്‌റ്റേ വാങ്ങിയില്ലെങ്കില്‍ അടുത്ത എട്ട് വര്‍ഷത്തേക്ക് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിലക്കാനും സാധ്യതയുണ്ട്.
Content Highlight: us senator react on rahul gandhi issue