തനിക്ക് അപകടം സംഭവിച്ച ശേഷം മോഹൻലാൽ കാണാൻ വന്നുവെന്നും മമ്മൂട്ടി മെസേജ് അയച്ചുവെന്നും പറയുകയാണ് ഉമ തോമസ് എം. എൽ. എ. മോഹൻലാൽ കാണാൻ വന്നപ്പോൾ തനിക്ക് സന്തോഷം തോന്നിയെന്നും പി.ടി. തോമസിനോടുള്ള സ്നേഹം കൊണ്ടാണ് മോഹൻലാൽ കാണാൻ വന്നതെന്നും ഉമ തോമസ് പറയുന്നു.
അപകടം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ മമ്മൂട്ടി തനിക്ക് ‘ഗെറ്റ് വെൽ സൂൺ’ എന്നെ മെസേജ് അയച്ചുവെന്നും അത് ഓർമ വന്ന ശേഷമാണ് കണ്ടതെന്നും ഉമ തോമസ് പറയുന്നു. തൻ്റെ കൂടെയുണ്ടായിരുന്ന ശാലു മമ്മൂട്ടിയോട് മാറ്റങ്ങളും വ്യത്യാസങ്ങളും അറിയിക്കുന്നുണ്ടായിരുന്നെന്നും ഉമ തോമസ് പറഞ്ഞു. മമ്മൂട്ടി അതിനൊക്കെ ദുഅ ചെയ്തുകൊണ്ട് മറുപടി അയച്ചുവെന്നും ഉമ കൂട്ടിച്ചേർത്തു. മനോരമ ന്യൂസിലെ നേരെ ചൊവ്വെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉമ തോമസ്.
‘മോഹൻലാൽ വന്ന് കഴിഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. പി.ടിയോടുള്ള സ്നേഹം കൊണ്ടാണ് അദ്ദേഹം വന്നത് എന്നാണ് എനിക്ക് തോന്നുന്നത്. മമ്മൂക്ക ഈ സംഭവം നടന്ന് മിനിറ്റുകൾക്കകം എനിക്ക് ‘ഗെറ്റ് വെൽ സൂൺ’ എന്നൊരു മെസേജ് അയച്ചിരുന്നു. അത് ഞാൻ പിന്നീട് ഓർമയൊക്കെ വന്ന് കഴിഞ്ഞപ്പോഴാണ് കാണുന്നത്. എൻ്റെ കൂടെയുള്ള ശാലു ഇതെല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു അദ്ദേഹത്തിനോട്. ഓരോ ദിവസത്തിലെ മാറ്റങ്ങളും വ്യത്യാസങ്ങളും അറിയിച്ചുകൊണ്ടേയിരുന്നു. അതിനെല്ലാം അദ്ദേഹം ദുഅ ചെയ്തുകൊണ്ട് മറുപടി അയക്കുന്നുണ്ടായിരുന്നു,’ ഉമ തോമസ് പറയുന്നു.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിക്കിടെ ഡിസംബർ 29നായിരുന്നു ഉമ തോമസിന് അപകടം നടന്നത്. താത്കാലിക വേദിയിൽ നിന്നും 15 അടി ഉയരത്തിൽ നിന്നും വീണാണ് ഉമയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാന ആരോഗ്യപ്രശ്നം.
Content Highlight: Uma Thomas MLA Saying That Mohanlal Met After That Accident and Mammootty Messaged Me