കുപ്രസിദ്ധ ഇസ്രഈലി ബറ്റാലിയനായ നെത്‌സ യെഹൂദ യു.എസ് സൈന്യത്തെ സഹായിക്കാന്‍ യോഗ്യര്‍: അമേരിക്ക
World News
കുപ്രസിദ്ധ ഇസ്രഈലി ബറ്റാലിയനായ നെത്‌സ യെഹൂദ യു.എസ് സൈന്യത്തെ സഹായിക്കാന്‍ യോഗ്യര്‍: അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2024, 4:17 pm

ന്യൂയോര്‍ക്ക്: കുപ്രസിദ്ധ ഇസ്രഈലി ബറ്റാലിയന്‍ നെത്‌സ യെഹൂദ യു.എസ് സൈന്യത്തെ സഹായിക്കാന്‍ യോഗ്യരാണെന്ന് അമേരിക്ക. അധിനിവേശ വെസ്റ്റ് ബാങ്കിനെ നിയന്ത്രിക്കുന്ന ഇസ്രഈല്‍ ബറ്റാലിയനാണ് നെത്‌സ യെഹൂദ. ഫലസ്തീനിലെ മനുഷ്യവകാശ ലംഘനങ്ങളില്‍ പ്രധാനിയായ നെത്‌സ യെഹൂദയെയാണ് യു.എസ് യോഗ്യരായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ നിലവില്‍ ഇസ്രഈലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബറ്റാലിയനെ അംഗീകരിക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. യു.എസ് നല്‍കുന്ന ധനസഹായം സ്വീകരിക്കുന്നതില്‍ നിന്ന് ബറ്റാലിയനെ തടയാന്‍ ബൈഡന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മാത്യു മില്ലര്‍ ചൂണ്ടിക്കാട്ടി.

2022ല്‍ നെത്‌സ യെഹൂദയിലെ സൈനികര്‍ വൃദ്ധനായ ഒമര്‍ അസദ് എന്ന ഫലസ്തീന്‍-അമേരിക്കന്‍ പൗരനെ കണ്ണും കൈയും വായയും മൂടിക്കെട്ടി തണുത്തുറഞ്ഞ ഒരു കാര്‍ പാര്‍ക്കിങ്ങില്‍ മരണാസന്നനാക്കിയിരുന്നു. സംഭവത്തില്‍ യു.എസ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല.

അതേസമയം ലേഹി നിയമം എന്നറിയപ്പെടുന്ന ഫെഡറല്‍ നിയന്ത്രണങ്ങള്‍ പ്രകാരം, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനിക ഗ്രൂപ്പുകള്‍ക്കുള്ള സഹായം അമേരിക്ക നിര്‍ത്തലാക്കേണ്ടതുണ്ട്. എന്നാല്‍ ഇസ്രഈലില്‍ ഈ നിയമം പ്രയോഗിക്കുന്നതില്‍ യു.എസ് തുടക്കം മുതല്‍ക്കേ പരാജയപ്പെട്ടിരുന്നു.

മനുഷ്യവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്ന നാല് തരം ചെയ്തികളാണ് ലേഹി നിയമം ചൂണ്ടിക്കാട്ടുന്നത്. നിയമവിരുദ്ധമായ കൊലപതകങ്ങള്‍, പീഡനം, ബലാത്സംഗം, നിര്‍ബന്ധിത തിരോധാനങ്ങള്‍ എന്നിവയാണ് നിയമത്തില്‍ പറയുന്ന നാല് ദുരുപയോഗങ്ങള്‍.

2016 മുതല്‍ 2023 വരെ ഈ നിയമം നടപ്പിലാക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന് ‘ജസ്റ്റ് സെക്യൂരിറ്റി’ എന്ന ലീഗല്‍ ഫോറം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രസ്തുത നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടി നിയമ വിരുദ്ധമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എസിന്റെ നിലപാട് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സമ്മര്‍ദത്തിന്റെ ഫലമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. മാസങ്ങള്‍ക്ക് മുമ്പ് നെത്‌സ യെഹൂദയെ അയോഗ്യമാക്കാന്‍ യു.എസ് നടപടിയെടുക്കുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ നെതന്യാഹു ഇക്കാര്യത്തില്‍ രോഷം പ്രകടിപ്പിച്ചതായും യു.എസിന്റെ നിലപാടില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന് അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നെത്‌സ യെഹൂദയിലെ സൈനികരെ സന്ദര്‍ശിച്ച ശേഷം, മൂല്യങ്ങളെ കുറിച്ചും ധാര്‍മികതയെ കുറിച്ചും തങ്ങളെ പഠിപ്പിക്കാന്‍ ലോകത്ത് ആര്‍ക്കും കഴിയില്ലെന്ന് പറഞ്ഞിരുന്നു.

Content Highlight: US says notorious Israeli battalion Netzah Yehuda eligible to aid US military