ആഗസ്റ്റ് 31നകം സേനയെ പിന്‍വലിക്കണം; അമേരിക്കയ്ക്ക് സമയം നീട്ടി നല്‍കാതെ താലിബാന്‍
World News
ആഗസ്റ്റ് 31നകം സേനയെ പിന്‍വലിക്കണം; അമേരിക്കയ്ക്ക് സമയം നീട്ടി നല്‍കാതെ താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th August 2021, 9:48 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ പിന്‍വലിക്കുന്നതിന് അമേരിക്കയ്ക്ക് സമയം നീട്ടി നല്‍കില്ലെന്ന് താലിബാന്‍. താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദ് ആണ് അമേരിക്ക മുന്‍പ് പറഞ്ഞ ആഗസ്റ്റ് 31 എന്ന തിയതി നീട്ടി നല്‍കില്ലെന്ന് പറഞ്ഞത്.

എല്ലാ വിധത്തിലുള്ള ഒഴിപ്പിക്കല്‍ പ്രവര്‍ത്തികളും സേനയുടെ പിന്മാറ്റവും ആഗസ്റ്റ് 31നകം പൂര്‍ത്തിയാക്കണമെന്ന് താലിബാന്‍ നേതാവ് വ്യക്തമാക്കി. ആഗസ്റ്റ് 31 എന്ന തിയതി അമേരിക്കന്‍ ഭരണകൂടം തന്നെ തീരുമാനിച്ചതായിരുന്നു.

രാജ്യത്തെ സ്ഥിതി പഴയ രീതിയിലേക്ക് തിരിച്ച് വരികയാണെന്നും വിമാനത്താവളത്തിലാണ് നിലവില്‍ പ്രശ്നങ്ങളുള്ളതെന്നും താലിബാന്‍ നേതാവ് കൂട്ടിച്ചേര്‍ത്തു.

താലിബാനും സി.ഐ.എയും തമ്മില്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളോട് തനിക്കറിയില്ല എന്ന് പ്രതികരിച്ച സബീഹുള്ള മുജാഹിദ് പക്ഷെ കൂടിക്കാഴ്ചയുടെ കാര്യം നിഷേധിച്ചില്ല.

ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കുന്ന തിരക്കിലാണ്. അമേരിക്കയുടെ നേതൃത്വത്തില്‍ ഖത്തര്‍, യു.എ.ഇ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങള്‍ അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരുന്നു.

യൂറോപ്യന്‍ യൂണിയനും രാജ്യങ്ങള്‍ അഫഗാന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് ശേഷം അവിടുത്തെ ആയിരക്കണക്കിന് പൗരന്മാര്‍ രാജ്യം വിടുന്നതിനായി കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തമ്പടിക്കുന്ന അവസ്ഥയുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight; US must withdraw forces from Afghanistan by August 31: Taliban refuse to extend evacuation deadline