വാഷിംഗ്ടണ്‍/അങ്കാര: റഷ്യയില്‍ നിന്നും എസ്-400 മിസൈല്‍ വാങ്ങിയതിന്റെ പേരില്‍ തുര്‍ക്കിക്കെതിരെ കൂടുതല്‍ കര്‍ശന നടപടികളുമായി അമേരിക്ക. നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തിക്കൊണ്ടാണ് അമേരിക്ക നിലപാട് കടുപ്പിച്ചിരിക്കുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി നിയുക്ത പ്രസിഡന്റ് ജോ ബൈഡന് തലവേദന സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപരോധത്തിന്റെ ഭാഗമായി തുര്‍ക്കിയുടെ മിലിട്ടറി വകുപ്പിന് നല്‍കിയിരുന്ന എല്ലാ എക്‌സ്‌പോര്‍ട്ട് ലൈസന്‍സുകളും സാമ്പത്തിക സഹായവും യു.എസ് നിരോധിച്ചു. തുര്‍ക്കി മിലിട്ടറി വകുപ്പ് തലവനായ ഇസ്മായില്‍ ഡെമിറിന് സഞ്ചാര വിലക്കും ഏര്‍പ്പെടുത്തി.
അമേരിക്കയുടെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണ് തുര്‍ക്കി രംഗത്തെത്തിയിരിക്കുന്നത്. കൃത്യസമയത്ത് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കി.
‘പ്രസിഡന്റ് ട്രംപ് തന്നെ പല സന്ദര്‍ഭങ്ങളില്‍ തുര്‍ക്കി എസ്-400 മിസൈല്‍ വാങ്ങിയത് അംഗീകരിച്ചതാണ്. ഇപ്പോഴത്തെ തെറ്റായ തീരുമാനം യു.എസ് പുനരാലോചിക്കണം. അല്ലെങ്കില്‍ കൃത്യസമയത്ത് തക്കതായ രീതിയില്‍ തിരിച്ചടിക്കും’ തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുര്‍ക്കി തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.
എസ്-400 മിസൈലുകളുടെ പേരില്‍ അമേരിക്കയും തുര്‍ക്കിയും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി തര്‍ക്കത്തിലാണ്. നേരത്തെ എഫ്-35 ഫൈറ്റര്‍ സ്റ്റെല്‍ത്ത് ഡെവലപ്പ്‌മെന്റ് ആന്റ് ട്രെയ്‌നിംഗ് പ്രോഗ്രാമില്‍ നിന്നും അമേരിക്ക തുര്‍ക്കിയെ ഒഴിവാക്കിയിരുന്നു. അമേരിക്കയുടെ സുരക്ഷയെ ബാധിക്കുന്ന നടപടിയാണ് തുര്‍ക്കിയുടേതെന്നും ഇത് നാറ്റോ കരാറുകളുടെ ലംഘനമാണെന്നുമാണ് അമേരിക്ക അവകാശപ്പെടുന്നത്.
റഷ്യയുടെ പ്രതിരോധ വകുപ്പിനെ സാമ്പത്തികമായി സഹായിക്കുന്നതു കൂടാതെ റഷ്യക്ക് തുര്‍ക്കിയുടെ പ്രതിരോധമേഖലയില്‍ കടന്നുവരാന്‍ കൂടി ഈ മിസൈല്‍ വാങ്ങല്‍ നടപടി വഴിയൊരുക്കുമെന്ന് അമേരിക്ക ആരോപിക്കുന്നു. ഇത് തങ്ങളുടെ സൈനികരംഗത്തിന് വലിയ ഭീഷണിയാണെന്നും അമേരിക്ക പറയുന്നു.
‘തുര്‍ക്കി ഞങ്ങളുടെ ഏറെ പ്രധാനപ്പെട്ട സഖ്യകക്ഷിയും സുരക്ഷാമേഖലയിലെ പങ്കാളിയുമാണ്. അതുകൊണ്ട് തന്നെ എസ്-400 മിസൈല്‍ സ്വന്തമാക്കിയ തുര്‍ക്കി നടപടിയില്‍ പരിഹാരം കണ്ടുകൊണ്ട് ദശാബ്ദങ്ങളായി തുടരുന്ന പ്രതിരോധ മേഖലയിലെ അമേരിക്ക-തുര്‍ക്കി ബന്ധം പുനസ്ഥാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.’ അമേരിക്കന്‍ പ്രതിനിധി മൈക്ക് പോംപേ പറഞ്ഞു.
അതേസമയം അമേരിക്കയുടെ നടപടിയെ എതിര്‍ത്ത് റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ‘അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ ധാര്‍ഷ്ട്യം നിറഞ്ഞ മനോഭാവത്തിന്റെ അടുത്ത ഉദാഹരണമാണ് ഈ നടപടി. നിയമവിരുദ്ധവും ഏകപക്ഷീയവും അടിച്ചേല്‍പ്പിക്കുന്നതുമായ നടപടിയാണിത്.’ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക