Entertainment
ആ നടന്റെ രണ്ടാം ഭാര്യയുടെ റോളാണെന്ന് അറിഞ്ഞില്ല; അന്നത് വലിയ കുറച്ചിലായിരുന്നു: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 03, 05:23 pm
Tuesday, 3rd December 2024, 10:53 pm

ഉര്‍വശിയും നടന്‍ ഭാഗ്യരാജും ഒന്നിച്ച് 1983ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു മുന്താനൈ മുടിച്ച്. ഭാഗ്യരാജ് തന്നെയായിരുന്നു ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സിനിമയില്‍ പരിമളം എന്ന കഥാപാത്രമായിട്ടായിരുന്നു ഉര്‍വശി എത്തിയത്.

ഗ്രാമത്തിലെ സ്‌കൂളില്‍ അധ്യാപകനായി എത്തുന്ന നായകനെ (ഭാഗ്യരാജ്) ഇഷ്ടപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന കഥാപാത്രമായിരുന്നു ഉര്‍വശിയുടേത്. നായകന്റെ രണ്ടാം ഭാര്യയായിരുന്നു പരിമളം. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉര്‍വശിക്ക് പതിമൂന്ന് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

അന്ന് അങ്ങനെയൊരു കഥാപാത്രം ചെയ്യുകയെന്നത് വലിയ കുറച്ചിലായിരുന്നെന്ന് പറയുകയാണ് ഉര്‍വശി. പക്ഷെ തങ്ങള്‍ ആ കഥാപാത്രത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഭാഗ്യരാജിന്റെ മകളായിട്ടാകും അഭിനയിക്കേണ്ടതെന്ന് കരുതിയതാണ് പോയതെന്നും നടി പറയുന്നു. മഴവില്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഈ സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് പതിമൂന്ന് വയസായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ആയിട്ടാണ് ഞാന്‍ അതില്‍ അഭിനയിക്കുന്നത്. ആദ്യ ഭാര്യ മരിച്ച ശേഷം വിഭാര്യനായി അദ്ദേഹം ഞങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്നതായിരുന്നു കഥ.

അന്ന് അങ്ങനെയൊരു കഥാപാത്രം ചെയ്യുകയെന്നത് വലിയ കുറച്ചിലായിരുന്നു. പക്ഷെ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ മകളായിട്ടോ മറ്റോ ആകും അഭിനയിക്കുന്നത് എന്ന് കരുതിയതാണ് പോയത്. കല ചേച്ചിയായിരുന്നു അദ്ദേഹത്തിന്റെ ഒരു ഹീറോയിന്‍.

എന്നാല്‍ കല ചേച്ചി മെലിഞ്ഞിട്ടായിരുന്നു. ചേച്ചിയെ അദ്ദേഹത്തിന്റെ ജോഡിയായിട്ട് പറ്റുന്നില്ലെന്ന് പറഞ്ഞു. അങ്ങനെ ഒരു മാസം കഴിഞ്ഞാണ് എന്നെ വിളിക്കുന്നത്. അവിടെ ചെന്നപ്പോഴാണ് ഈ റോള്‍ ആണെന്ന് മനസിലാകുന്നത്. പിന്നെ അവര് പറഞ്ഞു തന്നതൊക്കെ അതുപോലെ തന്നെ ചെയ്യുകയായിരുന്നു. വേറെ ഒന്നുംതന്നെ എനിക്ക് അറിയില്ലായിരുന്നു,’ ഉര്‍വശി പറഞ്ഞു.


Content Highlight: Urvashi Talks About K Bhagyaraj And Mundhanai Mudichu Movie