മിഥുനം എന്ന ചിത്രത്തിൽ നായകൻ ആകേണ്ടിയിരുന്നത് ശ്രീനിവാസൻ എന്ന് നടി ഉർവശി. ശ്രീനിവാസൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നതെന്നും പിന്നീട് മോഹൻലാൽ ചിത്രം നിർമിക്കുകയും അദ്ദേഹം തന്നെ നായകനായി അഭിനയിക്കുകയായിരുന്നെന്നും ഉർവശി പറഞ്ഞു. മൂവിമാൻ ബ്രോഡ്‍കാസ്റ്റിങ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പണ്ടത്തെ കാലത്ത് ഒരു നായക നടന് ചില ഗുണങ്ങൾ വേണമെന്നൊക്കെ ആളുകൾ വിചാരിച്ചിരുന്ന സമയം ആയിരുന്നു. അതിനെയൊക്കെ മറികടന്ന് വളരെ ആത്മവിശ്വാസത്തോടെ വന്നൊരു നടനാണ് ശ്രീനിയേട്ടൻ. അദ്ദേഹത്തിന്റെയുള്ളിൽ ഒരു മികച്ച നടനുണ്ട്, ഒരു തിരക്കഥാകൃത്തുമുണ്ട്.
ഏതൊരു വലിയ നടിമാരുടെ കൂടെ അഭിനയിച്ചാലൂം അദ്ദേഹത്തിനറിയാം പുള്ളിക്ക് ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടെന്ന്. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അതാണ്. കഴിവുണ്ടെങ്കിൽ നമ്മളെ ജനങ്ങൾ അംഗീകരിക്കും എന്നുള്ള ഒരു ആത്മ വിശ്വാസം എല്ലാവർക്കും വേണം. അത് ആണിനായാലും പെണ്ണിനായാലും.
ശ്രീനിയേട്ടന്റെ ചില കഥകൾ കണ്ടാലേ തോന്നും ഇത് നമ്മളെ ഉദ്ദേശിച്ച് എഴുതിയതാണോയെന്ന്, അല്ലെങ്കിൽ എന്റെ ഈ സ്വഭാവം ഒക്കെ ഏങ്ങനെ കണ്ടുപിടിച്ചുവെന്ന് തോന്നും. എന്നോട് അഭിനയിക്കാൻ വരുമ്പോൾ എപ്പോഴും പറയും അത് ഉർവശിയുടെ രീതിയിൽ ചെയ്താൽ മതിയെന്ന്.
ഒരു കഥാപാത്രത്തെ ആര് ചെയ്താലാണ് അത് ആളുകൾക്ക് ഇഷ്ടപ്പെടുകയെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. മിഥുനം ഞാനും ശ്രീനിയേട്ടനും ചെയ്യാനിരുന്ന സിനിമയാണ്. അതും ശ്രീനിയേട്ടന്റെ സംവിധാനത്തിൽ. ആ സ്ക്രിപ്റ്റ് അത്രയും നല്ലതായിരുന്നതുകൊണ്ട് പിന്നീട് മോഹൻലാൽ ഏറ്റെടുത്ത് അദ്ദേഹം തന്നെ പ്രൊഡ്യൂസ് ചെയ്യുകയായിരുന്നു,’ ഉർവശി പറഞ്ഞു.
സാനു കെ.ചന്ദ്രൻ, ആശിഷ് ചിന്നപ്പ, പ്രിജിൻ എം.പി എന്നിവർ തിരക്കഥയെഴുതി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ജലധാര പമ്പ് സെറ്റ് എന്ന സിനിമയാണ് ഉർവശിയുടെ ഏറ്റവും പുതിയ ചിത്രം. ഉർവശിയെ കൂടാതെ ഇന്ദ്രൻസ്, ടി.ജി. രവി, ജോണി ആന്റണി, വിജയരാഘവൻ, സജിൻ ചെറുകയിൽ, സനുഷ, നിഷ സാരംഗ്, അൽതാഫ് സലിം, വിഷ്ണു ഗോവിന്ദൻ, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. വണ്ടർ ഫ്രെയിംസ് ഫിലിമിലാൻഡ് പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ എത്തും.