'തിരിച്ചുപോവാന്‍ കയ്യില്‍ കാശുപോലുമില്ല' ബേപ്പൂര്‍ കുടുങ്ങിയ ഉരു തൊഴിലാളികള്‍ പറയുന്നു
രോഷ്‌നി രാജന്‍.എ

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ബേപ്പൂരില്‍ കുടുങ്ങിക്കിടക്കുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഉരു തൊഴിലാളികള്‍. കേരളത്തില്‍ നിന്നും ലക്ഷദ്വീപിലേക്ക് ചരക്ക് കൊണ്ടുപോവുന്ന തൊഴിലാളികളാണിവര്‍.

കാശ് കടം വാങ്ങി ഭക്ഷണം കഴിച്ചും മഴ കൊണ്ട് ഉരുവില്‍ ഉറങ്ങിയുമാണ് നാല്‍പതോളം വരുന്ന തൊഴിലാളികള്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ കുടുങ്ങിക്കിടക്കുന്നത്. മാര്‍ച്ച് 23 നാണ് ഇവര്‍ ബേപ്പൂരിലെത്തിയത്. ലോക്ക്ഡൗണ്‍ തീരുന്നതുവരെ നാട്ടിലേക്ക് പോവാന്‍ കഴിഞ്ഞില്ലെങ്കിലും കടം മേടിക്കാതെ ഭക്ഷണം കഴിക്കാനുള്ള സാഹചര്യമെങ്കിലും ഉണ്ടാവണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.

ലോക്ക്ഡൗണിന് ശേഷം ഉരു ചരക്ക് നിരോധനം കൂടി വരുമ്പോള്‍ ഈ വര്‍ഷം തൊഴിലില്ലെന്നാണ് ഇവര്‍ പറയുന്നത്. നാട്ടിലേക്ക് മടങ്ങാനുള്ള കാശ് പോലും കയ്യിലില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

എന്നാല്‍ തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് പോര്‍ട്ട് അധികൃതര്‍ പറയുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നു കൂടി തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും പോര്‍ട്ട് അധികൃതര്‍ പറയുന്നു.

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.