ഉര്‍ജിത് പട്ടേലിന്റെ രാജി ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്കേറ്റ കനത്ത തിരിച്ചടി: മന്‍മോഹന്‍ സിങ്ങ്
national news
ഉര്‍ജിത് പട്ടേലിന്റെ രാജി ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്കേറ്റ കനത്ത തിരിച്ചടി: മന്‍മോഹന്‍ സിങ്ങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th December 2018, 10:54 pm

ന്യൂദല്‍ഹി: ഉര്‍ജിത് പട്ടേലിന്റെ രാജി ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്കേറ്റ കനത്ത തിരിച്ചടിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. ആര്‍.ബി.ഐ റിസേര്‍വുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുക്കുകയില്ലെന്നു താന്‍ പ്രത്യാശിക്കുന്നതായിയും മന്‍മോഹന്‍ സിങ്ങ് പറഞ്ഞു.

“ആര്‍.ബി.ഐ റിസേര്‍വ് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്ന് ആര്‍.ബി.ഐയുടെ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ നേരത്തെ പറഞ്ഞിരുന്നു. ഗവര്‍ണ്ണറുടെ രാജി അത്തരമൊരു നീക്കത്തിന്റെ സൂചനയല്ലെന്ന് ഞാന്‍ പ്രത്യാശിക്കുന്നു”- ഉര്‍ജിത്തിന്റെ രാജിക്ക് പിന്നാലെ പുറത്തു വിട്ട കുറിപ്പില്‍ മന്‍മോഹന്‍ പറയുന്നു. ഇന്ത്യന്‍ സമ്പദ്ഘടന പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് ഉര്‍ജിത് രാജി വെച്ചതില്‍ ദുഖം പ്രകടിപ്പിച്ചു കൊണ്ടാണ് മന്‍മോഹന്‍ സിങ്ങ് കുറിപ്പ് ആരംഭിക്കുന്നത്.

Also Read ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണം; മുന്നറിയിപ്പുമായി രഘുറാം രാജന്‍

റിസേര്‍വുകളെ ചൊല്ലി ആര്‍.ബി.ഐയുമായി കൊമ്പുകോര്‍ത്ത കേന്ദ്ര സര്‍ക്കാരിനേയും അദ്ദേഹം തന്റെ കുറിപ്പില്‍ പ്രത്യക്ഷമായി വിമര്‍ശിക്കുന്നുണ്ട്. “സ്ഥാപനങ്ങള്‍ കെട്ടിപ്പെടുത്താന്‍ ഒരുപാട് കാലത്തെ പരിശ്രമം ആവശ്യമാണ്, എന്നാല്‍ അത് തകര്‍ക്കാന്‍ പെട്ടെന്ന് കഴിയും. ആര്‍.ബി.ഐ പോലെയുള്ള സ്ഥാപനങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുത്തുന്നതില്‍ മുന്നിലുണ്ടായിരുന്നത്. ഹ്രസ്വ കാലത്തേക്കുള്ള രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇത്തരം സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നത് മണ്ടത്തരമാണ്”- 1991-1996 കാലയളവില്‍ രാജ്യത്തെ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച മന്‍മോഹന്‍ തന്റെ കുറിപ്പില്‍ പറയുന്നു.

Also Read ആത്മാഭിമാനമുള്ള ആര്‍ക്കും ഈ സര്‍ക്കാരിനോടൊപ്പം പ്രവര്‍ത്തിക്കാനാവില്ല; ഉര്‍ജിത് പട്ടേലിന്റെ രാജിയില്‍ പി.ചിദംബരം

നേരത്തെ ഉര്‍ജിത് പട്ടേലിന്റെ രാജിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രഘുറാം രാജന്‍, പി.ചിദംബരം, കപില്‍ സിബല്‍ എന്നിവര്‍ എന്നിവരും. ആര്‍.ബി.ഐയുടെ സ്വതന്ത്ര്യമായ പ്രവര്‍ത്തനാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ പുറത്തുകൊണ്ടു വന്നത് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യയായിരുന്നു. ഇതോടെ കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

Also Read രാജ്യത്തെ അസ്ഥിരമായ ബാങ്കിങ്ങ് മേഖലയെ ചിട്ടപ്പെടുത്തിയത് ഊര്‍ജിത് പട്ടേല്‍, അദ്ദേഹത്തെ ഞങ്ങള്‍ മിസ്സ് ചെയ്യും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ആര്‍.ബി.ഐ ബോര്‍ഡ് ഓഫ് ഡയരക്ടേര്‍സ് മീറ്റ് കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പാണ് ഉര്‍ജിത്തിന്റെ രാജി. നവംബര്‍ 19ന് നടന്ന ആര്‍.ബി.ഐ ബോര്‍ഡ് മീറ്റില്‍ കരുതല്‍ ധനശേഖരത്തെക്കുറിച്ചുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ആര്‍.ബി.ഐയുടെ കീഴിലുള്ള ധനശേഖരത്തിലെ അധിക ധനം കേന്ദ്രത്തിന് ഉപയോഗിക്കാനുതകുന്ന തരത്തില്‍ പുതിയ നയം കൊണ്ട് വരണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടിരുന്നു.