നോട്ടുനിരോധനം; പാര്‍ലമെന്ററിക്ക് സമിതിക്ക് മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍
Daily News
നോട്ടുനിരോധനം; പാര്‍ലമെന്ററിക്ക് സമിതിക്ക് മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th January 2017, 5:13 pm

urjith

നോട്ടുനിരോധനത്തിന് ശേഷം നിരോധിച്ച എത്ര നോട്ടുകള്‍ തിരികെയെത്തിയെന്ന ചോദ്യത്തിന് പട്ടേലിന് മറുപടി നല്‍കാനായില്ല. നോട്ടുപ്രതിസന്ധി എന്നു പരിഹരിക്കാനാകുമെന്നും ഗവര്‍ണര്‍ക്ക് വ്യക്തമാക്കാന്‍ സാധിച്ചില്ല.

ന്യൂദല്‍ഹി: നോട്ടുനിരോധനം സംബന്ധിച്ച് പാര്‍ലമെന്ററി ധനകാര്യസമിതിക്ക് മുന്നില്‍ ഹാജരായ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് ഉത്തരം മുട്ടി. സമിതി ചോദിച്ച സുപ്രധാനമായ ചോദ്യങ്ങള്‍ക്ക് ഉര്‍ജിത് പട്ടേലിന് മറുപടി നല്‍കാനായില്ല.

നോട്ടുനിരോധനത്തിന് ശേഷം നിരോധിച്ച എത്ര നോട്ടുകള്‍ തിരികെയെത്തിയെന്ന ചോദ്യത്തിന് പട്ടേലിന് മറുപടി നല്‍കാനായില്ല. നോട്ടുപ്രതിസന്ധി എന്നു പരിഹരിക്കാനാകുമെന്നും ഗവര്‍ണര്‍ക്ക് വ്യക്തമാക്കാന്‍ സാധിച്ചില്ല.
നോട്ടുനിരോധനത്തിന് ശേഷം 9.2 ലക്ഷം രൂപയുടെ പുതിയ കറന്‍സി വിനിമയത്തിനെത്തിച്ചുവെന്ന് ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി കമ്മറ്റിയോട് പറഞ്ഞു.

ഉര്‍ജിത് പട്ടേലിന് മറുപടി നല്‍കാനായില്ലെന്ന് പാര്‍ലമെന്ററി സമിതി അംഗം (തൃണമൂല്‍) സുഗതാ റോയിയാണ് അറിയിച്ചത്. കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ധനകാര്യ സമിതി.

നോട്ടുനിരോധന നടപടികള്‍ക്ക് തുടക്കമിട്ടത് നവംബര്‍ ഏഴിനാണെന്നായിരുന്നു മുമ്പ് പാര്‍ലമെന്ററി സമിതിക്ക് ഉര്‍ജിത് പട്ടേല്‍ വിശദീകരണം എഴുതി നല്‍കിയിരുന്നത്. എന്നാല്‍ നടപടികള്‍ക്ക് തുടക്കമിട്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നുവെന്ന് ഊര്‍ജിത് പട്ടേല്‍ സമിതിയെ അറിയിച്ചത്. ഇതു സംബന്ധിച്ചുള്ള വൈരുദ്ധ്യങ്ങള്‍ക്കും ഉര്‍ജിത് പട്ടേലിന് മറുപടി നല്‍കാനായില്ല.

ഉര്‍ജിത് പട്ടേലിനൊപ്പം ഹാജരായ റിസര്‍വ്ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും എം.പിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനായില്ല. സാമ്പത്തികകാര്യ സെക്രട്ടറി ശക്തിദാസ്, ബാങ്കിങ് സെക്രട്ടറി അഞ്ജുലി ചിബ് ദുഗ്ഗല്‍, റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ തുടങ്ങിയ പ്രമുഖരാണ് സമിതിക്ക് മുന്നില്‍ ഹാജരായത്.

കെ.വി തോമസിന്റെ നേതൃത്വത്തിലുള്ള  പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ മുന്നിലും ഊര്‍ജിത് പട്ടേലിന് നാളെ ഹാജരാകേണ്ടി വരും.