വാഷിങ്ടണ്‍: അമേരിക്കന്‍ പഠനം സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. യു.എസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന എഫ്-1 വിസകള്‍ യു.എസ് ഭരണകൂടം വ്യാപകമായി തള്ളുന്നതായി റിപ്പോര്‍ട്ട്.
2023-24 വര്‍ഷത്തില്‍ എഫ്-1 സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ 41 ശതമാനവും അമേരിക്ക നിരസിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിച്ച ഡാറ്റകള്‍ പ്രകാരം ദി ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്.
2023 ഒക്ടോബര്‍ മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവില്‍ യു.എസിലെ എഫ്-1 വിസയ്ക്ക് അപേക്ഷിച്ച 6.79 ലക്ഷം അപേക്ഷകളില്‍ 2.79 ലക്ഷം അപേക്ഷകള്‍ നിരസിക്കപ്പെട്ടു, 2022-23 നേക്കാള്‍ 36 ശതമാനം അധികമാണിത്. 2023-24 ല്‍ അനുവദിച്ച ആകെ സ്റ്റുഡന്റ് വിസകളുടെ എണ്ണം 4.01 ലക്ഷമാണ്. അതിന് മുന്‍പത്തെ വര്‍ഷം ഇത് 4.45ലക്ഷമായിരുന്നു. കൊവിഡിന് ശേഷമുള്ള വര്‍ഷം അപേക്ഷകളില്‍ വലിയ രീതിയിലുള്ള വര്‍ധനവ് ഉണ്ടായിരുന്നു.
എന്നാല്‍ ഏത് രാജ്യത്തില്‍ നിന്നുള്ള വിസകളാണ് നിഷേധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കുന്നത് താരതമ്യേന കുറവാണ്. 2024 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 63,973 വിസകള്‍ മാത്രമെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുള്ളൂ. എന്നാല്‍ 2023ല്‍ ഇത് 1.03 ലക്ഷമായിരുന്നു. ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ട് അനുസരിച്ച്, യു.എസില്‍ നിന്ന് വിസ ലഭിക്കാതെ പുറത്താക്കപ്പെടുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇന്ത്യക്കാരാണ്.
അതേസമയം എഫ്-1 വിസ ഇത്തരത്തില്‍ നിഷേധിക്കാനുള്ള കാരണം യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിട്ടില്ല. എന്നാല്‍ യു.എസ് മാത്രമല്ല കാനഡയും വിദ്യാര്‍ത്ഥി വിസ നയങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
തദ്ദേശീയര്‍ക്ക് വീട് ലഭിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും തൊഴില്‍മേഖലയിലെ മത്സരം കുറയ്ക്കുന്നതിനുമായാണ് കാനഡ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 2024 മുതലാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ നിയന്തണം ഏര്‍പ്പെടുത്തി തുടങ്ങിയത്. 2025ല്‍ ഇത് കൂടുതല്‍ ശക്തമാക്കി.
Content Highlight: Setback for students; US rejects F-1 visas; Visa rejection rate at highest in 10 years