ന്യൂദല്‍ഹി: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയോട് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ സ്വീകരിക്കാനഭ്യര്‍ത്ഥിച്ച് അമിത് ഷാ. പാര്‍ലമെന്റില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഷാ ഉവൈസിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഉവൈസിക്ക് നേരെ വധശ്രമമുണ്ടായതിന് പിന്നാലെയാണ് അമിത് ഷാ സുരക്ഷ വര്‍ധിപ്പിക്കാനാവശ്യപ്പെട്ടത്. ഉവൈസിക്ക് നേരെ വെടിയുതിര്‍ക്കുന്നത് രണ്ട് പേര്‍ കണ്ടിരുന്നുവെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും അമിത് ഷാ വ്യക്തമാക്കി.
‘വളരെ പെട്ടന്നുതന്നെ നടപടിയെടുക്കാന്‍ സാധിച്ചു. ഇതിന്റെ ഭാഗമായി 2 പേരെ അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്നും ലൈസന്‍സുള്ള രണ്ട് തോക്കുകളും കണ്ടെടുത്തുകയും ചെയ്തിട്ടുണ്ട്. ഫോറന്‍സിക് ടീം ആവശ്യമുള്ള തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ട്,’ അമിത് ഷാ പറഞ്ഞു.
മുന്‍കൂട്ടി അനുവാദമില്ലാതെയാണ് ഉവൈസി പ്രചരണ പരിപാടികള്‍ക്കായി പോയതെന്നും ഇക്കാരണത്താലാണ് വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയാഞ്ഞതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
ബുള്ളറ്റ് പ്രൂഫ് കാറടക്കമുള്ള സുരക്ഷാ സംവിധാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നും ദയവായി ഉവൈസി സുരക്ഷ സ്വീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍, നേരത്തെ പരസ്പരം സംസാരിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യത്തില്‍ വിമുഖത കാണിക്കുകയായിരുന്നെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെത്തിയ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്ക് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ദല്‍ഹിക്ക് സമീപമുള്ള ടോള്‍ പ്ലാസയിലാണ് സംഭവമുണ്ടായതെന്നും വെടിയുതിര്‍ത്തവര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഓരോ പാര്‍ട്ടിയുടെയും സ്റ്റാര്‍ ക്യാമ്പെയ്‌നര്‍മാര്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഓരോ സംസ്ഥാനത്തിലും ക്യാമ്പെയ്നിന് വേണ്ടി എത്തുന്ന സ്റ്റാര്‍ ക്യാമ്പെയ്നര്‍മാര്‍ക്ക് വേണ്ട സുരക്ഷയൊരുക്കേണ്ടത് ചീഫ് സെക്രട്ടറിമാരുടെ ചുമതലയാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ക്യാമ്പെയ്നെത്തുന്ന നേതാക്കള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടാവുന്നുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിമാര്‍ക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.
സ്റ്റാര്‍/ ലീഡ് ക്യാമ്പെയ്നര്‍മാര്‍ തെരഞ്ഞെടുപ്പിന്റെ പ്രധാനഘടകങ്ങളിലൊന്നാണെന്നും കമ്മീഷന്‍ കത്തില്‍ പറയുന്നു. എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഇത്തരത്തിലൊരു മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.
തങ്ങള്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് പ്രചരണപരിപാടികള്‍ നടത്താനുദ്ദേശിക്കുന്നത്, ഏതു വഴിയിലൂടെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങള്‍ ക്യാമ്പെയ്നര്‍മാര്‍ പ്രസ്തുത ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.