കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലും ബീഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയേറ്റതിനു പിന്നാലെ എന്‍.ഡി.എയിലും ഒറ്റപ്പെട്ട് ബി.ജെ.പി. തെലുങ്ക് ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതിനു പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും മുന്നണി ബന്ധം ഉപേക്ഷിച്ചു. പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയാണ് ജി.ജെ.എം എന്ന ഗൂര്‍ഖ ജനമുക്തി മോര്‍ച്ച.
ബി.ജെ.പി വിശ്വാസ വഞ്ചന കാണിച്ചെന്നാരോപിച്ചാണ് മുന്നണി വിടുന്നതെന്ന് ജി.ജെ.എം അധ്യക്ഷന്‍ എല്‍.എം ലാമ പറഞ്ഞു. പാര്‍ട്ടിക്ക് ഇനി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്നും ലാമ വ്യക്തമാക്കി.
“ബി.ജെ.പി പശ്ചിമ ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രസ്താവനയില്‍ തങ്ങള്‍ നിരാശരാണ്. തെരഞ്ഞെടുപ്പുകളില്‍ ഇനി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. ഗൂര്‍ഖകളോട് ബി.ജെ.പിക്ക് യാതൊരു അനുകമ്പയുമില്ല. തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള സഹായം മാത്രമാണ് അവര്‍ക്ക് വേണ്ടത്.” ലാമ പറഞ്ഞു.
ഡാര്‍ജലിങ് ലോക്സഭാ സീറ്റില്‍ 2009-ലും 2014-ലും ബി.ജെ.പിയുടെ ജയം ഞങ്ങള്‍ നല്‍കിയ സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാള്‍ നിയമസഭയില്‍ മൂന്ന് എം.എല്‍.എമാരുള്ള പാര്‍ട്ടിയാണ് ജി.ജെ.എം
നേരത്തെ ഗൂര്‍ഖലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബംഗാളില്‍ നീണ്ട പ്രക്ഷോഭം നടത്തിയ പാര്‍ട്ടിയാണ് ജി.ജെ.എം. തെലുങ്ക് ദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതിനു പിന്നാലെ ജി.ജെ.എം മുന്നണി ബന്ധം ഉപേക്ഷിച്ചത് എന്‍.ഡി.എ നേതൃത്വത്തിനു തലവേദനയാണ്.
നേരത്തെ ബീഹാറില്‍ നിതീഷ് കുമാറും രാം വിലാസ് പാസ്വാനും എന്‍.ഡി.എ ബന്ധം ഉപേക്ഷിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ എന്‍.ഡി.എ സഖ്യത്തെ പരാജയപ്പെടുത്തി ആര്‍.ജെ.ഡി മികച്ച വിജയം നേടിയതാണ് എന്‍.ഡി.എ നേതാക്കളായ നിതീഷ് കുമാറിനെയും രാം വിലാസ് പാസ്വാനെയും പുതിയ മുന്നണിയുടെ ആലോചനയിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുതിയ സഖ്യത്തെക്കുറിച്ച് ലോക് ജനശക്തി പാര്‍ട്ടി രാം വിലാസ് പാസ്വാനുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് ജനതാദള്‍ യു വിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ കുമാറായിരുന്നു വ്യക്തമാക്കിയത്.