യു.പി കൂട്ടബലാത്സംഗം;പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പിന്നെ എങ്ങോട്ട് കൊണ്ടുപോകും: വിവാദത്തിന് പിന്നാലെ ന്യായീകരിച്ച് പൊലീസ്
national news
യു.പി കൂട്ടബലാത്സംഗം;പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പിന്നെ എങ്ങോട്ട് കൊണ്ടുപോകും: വിവാദത്തിന് പിന്നാലെ ന്യായീകരിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th September 2020, 7:26 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചെന്ന ആരോപണങ്ങള്‍ തെറ്റെന്ന് യു.പി പൊലീസ് ഡി.ജി.പി പ്രശാന്ത് കുമാര്‍. ഇന്ത്യ ടുഡെയോടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

കുടുംബത്തിന്റെ സമ്മതത്തോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രിതന്നെ സംസ്‌കരിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അനുവാദത്തോടെയാണ് മൃതദേഹം സംസ്‌കരിക്കുന്നതെന്ന് ജോയിന്റ് മജിസ്‌ട്രേറ്റ് അറിയിച്ചിരുന്നു. കുട്ടിയുടെ കുടുബാംഗങ്ങളും ഗ്രാമത്തിലെ മുതിര്‍ന്നവരുമാണ് ഈ തീരുമാനമെടുത്തത്. ഇക്കാര്യം മജിസ്‌ട്രേറ്റ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവെച്ചിരുന്നു. പൊലീസ് കുടുംബത്തെ നിര്‍ബന്ധിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണ്’- പ്രശാന്ത് കുമാര്‍ പറഞ്ഞു.

‘പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞയുടനെ കുട്ടിയുടെ മൃതദേഹം ഹത്രാസിലേക്കാണ് കൊണ്ടുപോയത്. അതല്ലാതെ മറ്റെങ്ങോട്ടാണ് കൊണ്ടുപോകേണ്ടിയിരുന്നത്? സഫ്ദര്‍ജംഗ് ആശുപത്രിയിലുണ്ടായിരുന്നെന്നാരോപിക്കുന്ന കുടുംബം ഹത്രാസിലെത്തിയതെങ്ങനെ? യു.പി പൊലീസിന് കേസ് മറച്ചുവെച്ചിട്ട് എന്ത് കാര്യം? ‘- പ്രശാന്ത് ചോദിച്ചു.

കേസന്വേഷണം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എറ്റെടുത്തിരിക്കുകയാണ്. പൊലീസ് പിഴവ് കാണിച്ചിട്ടുണ്ടെങ്കില്‍ തുടരന്വേഷണത്തില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 14നാണ് പെണ്‍കുട്ടി കൂട്ടബാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഹത്രാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights:  Up Police Denies Allegations Of Hatras Girl’s family