ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഉദ്ഘാടനത്തിനിടെ റോഡിന്റെ ഒരു ഭാഗം തകര്‍ന്നു. പുതിയതായി പണിത റോഡ് ബി.ജെ.പി എം.എല്‍.എ തേങ്ങയുടച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പൊട്ടല്‍ വന്നത്.
ഉത്തര്‍ പ്രദേശിലെ ബിജ്നോര്‍ സദര്‍ മണ്ഡലത്തിലാണ് സംഭവം.
1.16 കോടി മുടക്കി നിര്‍മിച്ച ഏഴര കിലോമീറ്റര്‍ നീളമുള്ള റോഡാണ് തേങ്ങയുടച്ചപ്പോള്‍ പൊളിഞ്ഞത്. ബി.ജെ.പി. എം.എല്‍.എ. സുചി മൗസം ചൗധരിയായിരുന്നു ഉദ്ഘാടക.
1.16 കോടി ചിലവഴിച്ച് ജലവിഭവ വകുപ്പാണ് റോഡ് നിര്‍മിച്ചത്. 7.5 കിലോമീറ്റാണ് റോഡിന്റെ നീളം.
റോഡില്‍ തേങ്ങയെറിഞ്ഞെങ്കിലും തേങ്ങക്ക് ഒന്നും സംഭവിച്ചില്ല. പകരം റോഡ് പൊളിയുകയായിരുന്നു.
റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് താന്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായെന്ന് എം.എല്‍.എ പറഞ്ഞു. ഉദ്ഘാടനം ഉപേക്ഷിച്ചെന്നും സംഭവം ജില്ലാ മജിസ്ട്രേട്ടുമായി സംസാരിച്ചെന്നും സുചി മൗസം പറഞ്ഞു.
ജില്ലാ മജിസ്ട്രേട്ട് മൂന്നംഗ സംഘത്തെ രൂപവത്കരിച്ചെന്നും സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.
അതേസമയം, 2018 മുതല്‍ ഉത്തര്‍പ്രദേശില്‍ 60,000 കോടിയിലധികം രൂപയുടെ ഹൈവേ പദ്ധതികള്‍ കേന്ദ്രം പരിഗണിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതില്‍ പകുതിയോളം തുകയുടെ പ്രൊപ്പോസലുകള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന 2020-21 സാമ്പത്തിക വര്‍ഷം മാത്രമാണ് പരിഗണിച്ചത്.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യാഴാഴ്ച പാര്‍ലമെന്റിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2020 മുതല്‍ പ്രൊപ്പോസലുകളുടെയും അത് അംഗീകരിച്ചു നല്‍കുന്നതിന്റെയും വേഗത കൂട്ടിയെന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ സാമ്പത്തിക വര്‍ഷത്തില്‍ (202122) 28,700 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡാറ്റ കാണിക്കുന്നു.