ന്യൂദല്‍ഹി: ഡോ. കഫീല്‍ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച യോഗി സര്‍ക്കാരിന് തിരിച്ചടി. യു.പി സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി.
‘ക്രിമിനല്‍ കേസാണോ ഇത് എന്ന് തീരുമാനിക്കേണ്ടത് അവരാണ്. മറ്റൊരു കേസിന്റെ പുറത്ത് ഒരാളെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടങ്കലില്‍ വെക്കാന്‍ നിങ്ങള്‍ക്കാവില്ല’, എന്നായിരുന്നു കഫീല്‍ഖാന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ അംഗീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞത്.
‘ഇത് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായ നല്ല ഇടപെടലാണ്. ഹൈക്കോടതിയുടെ നല്ല ഉത്തരവാണ് ഇത്. അതില്‍ ഇടപെടേണ്ടതായ ഒരു കാരണവും കാണുന്നില്ല,’ ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ സെപ്തംബര്‍ ഒന്നിന് ഡോക്ടര്‍ കഫീല്‍ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതിനൊപ്പം അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കകയായും ചെയ്തിരുന്നു. നിയമവിരുദ്ധമായാണ് ദേശീയ സുരക്ഷാനിയമം ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
ഇതിന് പിന്നാലെയാണ് ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ യോഗി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കുറ്റകൃത്യത്തിലേര്‍പ്പെട്ട ചരിത്രമാണ് കഫീല്‍ഖാന് ഉള്ളതെന്നും അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ അച്ചടക്കനടപടിയിലേക്ക് കടന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തതെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ പറഞ്ഞിരുന്നത്.
എന്‍.എസ്.എ ചുമത്തിയാല്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ 12 മാസം വരെ കുറ്റം ചുമത്താതെ തടവിലിടാന്‍ സാധിക്കും.
ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്. ഇതോടെ കഫീല്‍ഖാന്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി.
തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്തു ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
പിന്നീട് പൗരത്വ നിയമത്തിന് എതിരായ സമരത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ വീണ്ടും അറസ്റ്റു ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 10ന് കോടതി ജാമ്യം നല്‍കിയെങ്കിലും യു.പി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും ജയിലിലാക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക