ന്യൂദല്‍ഹി: ജൂലൈ 20 നാണ് ഉത്തര്‍പ്രദേശ് ഗവര്‍ണറായി മുതിര്‍ന്ന ബി.ജെ.പി നേതാവും ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയുമായ ആനന്ദി ബെന്നിനെ യു.പി ഗവര്‍ണറായി നിയമിച്ചത്. മധ്യപ്രദേശ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാണ് ആനന്ദിബെന്നിനെ യു.പിയിലേക്ക് കൊണ്ടുവന്നത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ മധ്യപ്രദേശില്‍ നിന്നും മാറ്റി ബി.ജെ.പി ഭരിക്കുന്ന യു.പിയിലേക്ക് എന്തുകൊണ്ട് ആനന്ദിബെന്നിനെ കൊണ്ടുവന്നെന്ന ചോദ്യം ആ ഘട്ടത്തില്‍ തന്നെ സംസ്ഥാന നേതാക്കള്‍ തന്നെ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ആനന്ദിബെന്നിന്റെ വരവ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനും പ്രത്യേകിച്ചും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമുള്ള മുന്നറിയിപ്പാണെന്നാണ് റിപ്പോര്‍ട്ട്. യോഗിയ്ക്ക് കടിഞ്ഞാണിടാന്‍ വേണ്ടി ആനന്ദിബെന്നിനെ മോദിയും അമിത് ഷായും കൊണ്ടുവന്നതാണെന്ന രീതിയിലുള്ള സംസാരങ്ങളും നടക്കുന്നുണ്ട്.
തിങ്കളാഴ്ച പുതിയ ഗവര്‍ണര്‍ ലഖ്നൗ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ആനന്ദിബെന്‍ വിളിച്ചിരുന്നു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചായിരുന്നു പ്രധാനമായും യോഗം ചര്‍ച്ച ചെയ്തത്. പ്രത്യേകിച്ചും കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതികള്‍ എത്രത്തോളം സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടെന്നായിരുന്നു ആനന്ദിബെന്‍ അന്വേഷിച്ചത്.
വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഗവര്‍ണര്‍ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ജില്ലാ ഉദ്യോഗസ്ഥരുമായി അവലോകന യോഗങ്ങള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം രാജ്ഭവന്‍ പത്രക്കുറിപ്പില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
” യോഗിയ്ക്ക് കടിഞ്ഞാണിടാനും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുമാണ് ആനന്ദിബെന്നിനെ നിയമിച്ചത്. അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും കണ്ണും കാതുമാണ് ആനന്ദിബെന്‍. യു.പിയിലെ ഭരണത്തെ കുറിച്ചും വികസനത്തെ കുറിച്ചും കേന്ദ്രനേതൃത്വത്തിന് കൃത്യമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വേണ്ടിക്കൂടിയാണ് ഇത്. – യു.പി മന്ത്രി പറഞ്ഞതായി നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം അവസാനം മന്ത്രിമാരുമായുള്ള പ്രത്യേക യോഗവും ആനന്ദിബെന്‍ വിളിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികളിലാണ് ഗവര്‍ണറുടെ ശ്രദ്ധയെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെ കേന്ദ്ര പദ്ധതികള്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അവര്‍ ഇതിനകം അന്വേഷിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതികള്‍ പ്രകാരം ഉത്തര്‍പ്രദേശിന് ലഭിച്ച ഫണ്ടുകളെക്കുറിച്ചും എത്രമാത്രം ഫണ്ടുകള്‍ വിനിയോഗിച്ചുവെന്നതിനെക്കുറിച്ചും ധനകാര്യ വകുപ്പില്‍ നിന്ന് ആനന്ദിബെന്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്.
അതേസമയം ഗവര്‍ണറുടെ ഇടപെടലുകളെ ചൊല്ലി ഉത്തര്‍പ്രദേശിലെ ഭരണനേതാക്കള്‍ക്കിടയില്‍ വിഭിന്നാഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു സമാന്തര സര്‍ക്കാര്‍ കേന്ദ്രമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുമോ എന്നും രാജ്ഭവനിലും മന്ത്രിമാര്‍ ഇനി റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങളുമാണ് അംഗങ്ങള്‍ ഉയര്‍ത്തുന്നത്.
”ആനന്ദിബെന്നിന്റേയും യോഗിയുടേയും രീതികള്‍ രണ്ട് തരത്തിലാണ്. അവര്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കീഴിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദിക്ക് എന്താണ് വേണ്ടതെന്ന് അവര്‍ക്ക് മനസിലാകും. എന്നാല്‍ യോഗിക്ക് അദ്ദേഹത്തിന്റേതായ രീതിയുണ്ട്. അതുകൊണ്ട് തന്നെ പദ്ധതികള്‍ വിലയിരുത്തുന്നതില്‍ വ്യത്യാസങ്ങളുണ്ടാകും എന്നാല്‍ ഇത് ആത്യന്തികമായി മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള ബന്ധത്തില്‍ ഒരുപക്ഷേ വിള്ളല്‍ വരുത്തുന്നതാവും”-എന്നാണ് നേതാക്കള്‍ പ്രതികരിക്കുന്നത്.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും നിലപാടുകളുടെ പേരിലും ആനന്ദിബെന്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ്.
ലഖ്നൗവില്‍ അവര്‍ ആദ്യമായി രാജ്ഭവന്റെ കവാടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. തുടര്‍ന്ന് അവര്‍ സ്വന്തം സുരക്ഷ വെട്ടിക്കുറച്ചു. ടിബി ബാധിച്ച ഒരു കുട്ടിയെ അവര്‍ ദത്തെടുക്കുകയും രാജ്ഭവനിലെ 20 ഓളം വരുന്ന ഉദ്യോഗസ്ഥരോട് ടിബി ബാധിച്ച ഒരു കുട്ടിയെയെങ്കിലും ദത്തെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2016 ല്‍ പട്ടിദാര്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ചും ആനന്ദിബെന്‍ നിലപാട് വ്യക്തമാക്കിയിരുന്നു.