കേരളത്തില്‍ തുടര്‍ച്ചയായി നടന്നുവന്ന ആദിവാസി ഭൂസമരങ്ങളെത്തുടര്‍ന്നാണ് 2004 ല്‍ ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ആറളം ഫാം പുനരധിവാസ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് നടപ്പിലാക്കിയ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ പദ്ധതി ഏതാണ്ട് തകര്‍ന്ന മട്ടിലാണ് ഇന്ന് കാണുന്നത്. ആദിവാസികള്‍ക്ക് വിതരണം ചെയ്ത ഭൂമിയില്‍ അവര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളൊരുക്കുന്നതിനായി ആയിരക്കണക്കിന് കോടി രൂപയാണ് ഇതിനകം പൊതുഖജനാവില്‍ നിന്നും ചെലവഴിച്ചത്. എന്നാല്‍ ഈ തുക മുഴുവന്‍ കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്നതിന്റെ തെളിവുകളാണ് ആറളത്ത് ഇന്ന് നാം കാണുന്നത്. നിര്‍മിച്ച വീടുകളില്‍ 90 ശതമാനവും വാസയോഗ്യമല്ലാത്തതാണ്. മഴയിലും മറ്റും ഏത് നിമിഷവും ഈ വീടുകള്‍ തകര്‍ന്നുവീണേക്കാമെന്ന ഭയത്തിലാണ് ആദിവാസികള്‍ കഴിയുന്നത്.
2008-09 കാലത്താണ് ഗുണഭോക്താക്കളായ ആദിവാസികളുടെ എതിര്‍പ്പ് വക വെക്കാതെ ഭവന നിര്‍മാണം പൂര്‍ണമായും സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന് സര്‍ക്കാര്‍ കൈമാറിയത്. അഡ്വാന്‍സ് തുകയായ 35 കോടി രൂപ കൈപ്പറ്റിയ നിര്‍മിതി കേന്ദ്രം ഇടനിലക്കാരായ ഉദ്യോഗസ്ഥരെ മുന്‍ നിര്‍ത്തി ഭീമമായ തുക തട്ടിയെടുത്തു. ആകെ 361 വീടുകളാണ് നിര്‍മിതി കേന്ദ്രം ഉണ്ടാക്കിയത്. ഇതില്‍ ഏതാനും വീടുകള്‍ നിര്‍മാണഘട്ടത്തില്‍ തന്നെ പൊളിഞ്ഞുവീണിരുന്നു. ബാക്കിയുള്ളതില്‍ മിക്ക വീടുകളും ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്.
നിര്‍മിതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ തെളിവുകള്‍ കൃത്യമായി പുറത്തുവന്നിട്ടും ഇതിനെതിരെ കൃത്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നമ്മുടെ സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല. പരാതികള്‍ വ്യാപകമായി ഉയര്‍ന്നതിനെത്തുര്‍ന്ന് വീടുനിര്‍മാണത്തിനുള്ള തുക ഗുണഭോക്താക്കള്‍ക്ക് നല്‍കുവാനുള്ള തീരുമാനം തത്വത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടെങ്കിലും ഇത് കോണ്‍ട്രാക്ടര്‍ ലോബികളിലേക്ക് തന്നെയാണ് വീണ്ടുമെത്തിയിട്ടുള്ളത്. ഇന്ന് കോണ്ട്രാക്ടര്‍മാരും ഉദ്യോഗസ്ഥരും പരസ്പരം ഒത്തുകൊണ്ടുള്ള ക്രമക്കേടുകളാണ് ആറളത്ത് നടക്കുന്നത്.