ഉണ്ണി മുകുന്ദന്‍ നടത്തുന്ന സിനിമാ നിര്‍മാണ കമ്പനിയാണ് ഉണ്ണി മുകുന്ദന്‍ ഫിലിംസ്. താരം നായകനായ മേപ്പടിയാന്‍ നിര്‍മിച്ചത് ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആയിരുന്നു.
തന്റെ പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ച് സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍.
”ഉണ്ണി മുകുന്ദന്‍ ഫിലിംസ് ഞാന്‍ ഒറ്റക്ക് നടത്തിക്കൊണ്ട് പോകുന്ന ഒരു കമ്പനിയാണ്. എനിക്ക് എന്റേതായ രീതിയിലുള്ള ഫങ്ഷനിങ്ങ് ഉണ്ട്. കാരണം ഞാന്‍ പഠിച്ച സ്‌കൂളും എന്റെ ലൈഫ്‌സ്റ്റൈലും ഞാന്‍ ജോലി ചെയ്ത സ്ഥലവുമെല്ലാം അങ്ങനെയായിരുന്നു.
പിന്നെ, സമയത്തിന് ഞാന്‍ വാല്യു കൊടുക്കാറുണ്ട്. യു.എം.എഫില്‍ രാവിലെ ആറരക്ക് തന്നെ വര്‍ക്ക് തുടങ്ങും. എന്റെ കമ്പനിയില്‍ എനിക്ക് ചില കാര്യങ്ങള്‍ മസ്റ്റ് ആണ്. പ്രൊഡക്ടീവ് മണിക്കൂറുകള്‍ പ്രധാനമാണ്.
ടീം ഹാപ്പിയാണ്. സിനിമ അഞ്ചോ ആറോ ഏഴോ മാസം കഴിഞ്ഞാണ് പ്രേക്ഷകര്‍ കാണുക. അതിന് മുമ്പെ തന്നെ എന്റെ കൂടെ വര്‍ക്ക് ചെയ്ത ആളുകള്‍ ഹാപ്പിയായിരിക്കണം.
ഷൂട്ടിങ്ങ് ഒരു ഫോര്‍മാലിറ്റി ആയാണ് ഞാന്‍ കാണുന്നത്. പ്രധാനപ്പെട്ട വര്‍ക്കുകളെല്ലാം പ്രീ പ്രൊഡക്ഷനിലാണ്. ഷൂട്ടിങ്ങ് ഫണ്‍ ആയിരിക്കണം, ഞാന്‍ ഇമോഷണലി എന്‍ഗേജ്ഡ് ആകുന്ന സ്ഥലമാണ് ഷൂട്ടിങ്ങ്. അവിടെ എനിക്ക് മറ്റ് കാര്യങ്ങള്‍ ചോദിക്കാന്‍ സമയമുണ്ടാകില്ല. എല്ലാം ഓര്‍ഗനൈസ്ഡ് ആയിരിക്കണം.
എന്റെ ടീം അതൊക്ക വൃത്തിയായി ചെയ്യുന്നുമുണ്ട്. മാര്‍ക്കറ്റിങ്ങ് ആയാലും. ഞാന്‍ കഴിഞ്ഞ ദിവസം നോക്കിയപ്പോള്‍, ഒരു മാനേജ്‌മെന്റ് സ്‌കൂളില്‍ സിനിമയുടെ മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് പഠിപ്പിച്ചപ്പോള്‍ മേപ്പടിയാന്റെ മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജിയാണ് ചര്‍ച്ച ചെയ്തത്.
ഞങ്ങള്‍ ഒരു മുറിയിലിരുന്ന് റാന്‍ഡം ആയി പ്ലാന്‍ ചെയ്ത ഹാര്‍ഡ് ഹിറ്റിങ്ങ് സംഭവമായിരുന്നു.
എന്റെ സിനിമ മാസ് ജനങ്ങള്‍ കാണണമെന്നായിരുന്നു ആഗ്രഹം. മാക്‌സിമം അത്തരത്തിലുള്ള പ്ലാനിങ്ങ് നടത്തി. ഇത് ഒറ്റക്ക് ചെയ്യാന്‍ പറ്റില്ല. ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്ന് പറയുമ്പോള്‍ എന്റെ പേര് ഉണ്ട് എന്നേ ഉള്ളൂ, എന്റെ കൂടെ കുറേ ആള്‍ക്കാരുണ്ട്.
യു.എം.എഫിലെ ആദ്യത്തെ എംപ്ലോയി എന്റെ ഫാന്‍സ് അസോസിയേഷനിലെ എറണാകുളം ജില്ലയിലെ ഒരു പയ്യനാണ്. അല്ലാതെ വലിയ ഒരു മാനേജ്‌മെന്റ് കമ്പനിയിലെ ഒരു മാര്‍ക്കറ്റിങ്ങ് ഹെഡ് ഒന്നുമല്ല.
എന്റെ ഇത്രയും വലിയ കമ്പനിയില്‍ അവന് സ്ഥാനം കൊടുക്കാന്‍ കാരണം അവന് എന്നോടുള്ള കൂറും ആത്മാര്‍ത്ഥതയും പ്രധാനമാണ്. എത്ര പൈസ കൊടുത്താലും എന്റെ ഫാന്‍സ് എന്നോട് കാണിക്കുന്ന വിശ്വാസ്യത വേറാരും കാണിക്കാന്‍ പോകുന്നില്ല. പൈസയേക്കാളും ഇവര്‍ക്ക് പ്രധാനം ഉണ്ണി മുകുന്ദന്റെ സന്തോഷങ്ങളാണ്.
ഫാന്‍സിലെ പയ്യന്മാര്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ മാത്രമല്ല. അവര്‍ക്ക് പഠിപ്പുണ്ട്, വിദ്യാഭ്യാസമുണ്ട്. എനിക്ക് അവര്‍ ഡിസര്‍വ് ചെയ്യുന്ന ജോലി എന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ കൊടുക്കാം. അതില്‍ എനിക്ക് ലഭിക്കുന്നത് അവരുടെ ആത്മാര്‍ത്ഥതയാണ്. അത് വളരെ പ്രധാനമാണ്.
ഈ കമ്പനിയില്‍ നിന്ന് ഒരു സിനിമ വരുമ്പോള്‍ അത് മാക്‌സിമം ആളുകളില്‍ എത്തിക്കണമെന്ന് അവനേക്കാള്‍ കൂടുതല്‍ വേറെയാരും ചിന്തിക്കില്ല. കാരണം ഈ ജോലി ഇല്ലെങ്കിലും അവന്‍ സിനിമ പ്രൊമോട്ട് ചെയ്യും,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Content Highlight: Unni Mukundan about his fans and production company Unni Mukundan films