national news
പപ്പുവില്‍ നിന്ന് വ്യത്യസ്തനായി ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്; രാഹുല്‍ ഗാന്ധിയെ കോടതി കയറ്റും: ലളിത് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 30, 06:48 am
Thursday, 30th March 2023, 12:18 pm

ന്യൂദല്‍ഹി: ഏത് കാരണത്താലാണ് പാലായനക്കാരനാണെന്ന് മുദ്ര കുത്തുകയെന്നും താന്‍ ഒരു സാധാരണ പൗരനാണെന്നുള്ള വാദവുമായി ലളിത് മോദി. തനിക്ക് ഇതുവരെ അറസ്റ്റ് വരിക്കേണ്ടി വന്നിട്ടില്ലെന്നും ഇത് രാഹുല്‍ ഗാന്ധിയുടെ പകപോക്കലാണെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്ക് വെച്ചു.

‘ഞാന്‍ നിയമത്തില്‍ നിന്ന് ഒളിച്ചോടിയതാണെന്ന് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തോട് ബന്ധപ്പെട്ടവരും ഇടക്കിടെ പറയുന്നത് ഞാന്‍ കാണുന്നുണ്ട്. എന്തുകൊണ്ട്? എങ്ങനെ? എപ്പോഴാണ് ഞാന്‍ ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്?

പപ്പു എന്ന രാഹുല്‍ ഗാന്ധിയില്‍ നിന്ന് വ്യത്യസ്തനായി ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. പ്രതിപക്ഷ നേതാക്കള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലെന്ന് തോന്നുന്നു. അതുകൊണ്ടവര്‍ പകപോക്കുകയാണ്,’ ലളിത് മോദി പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ യു.കെ കോടതി കയറ്റുമെന്നും അദ്ദേഹം പറഞ്ഞു.

‘ ഞാന്‍ രാഹുല്‍ ഗാന്ധിയെ യു.കെ കോടതി കയറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ശക്തമായ തെളിവുകള്‍ ഹാജരാക്കേണ്ടി വരും. അദ്ദേഹം കോടതിയില്‍ വിഡ്ഢിയാകുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ ലളിത് മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിരവധി കോണ്‍ഗ്രസ് നേതാക്കളെ ടാഗ് ചെയ്ത് കൊണ്ട് അവര്‍ക്ക് എങ്ങനെയാണ് ഇത്രയും സ്വത്ത് ഉണ്ടായതെന്നും അ്‌ദ്ദേഹം ചോദിച്ചു.

‘ഞാന്‍ മേല്‍വിലാസവും ഫോട്ടോകളും അയച്ച് തരാം. യഥാര്‍ത്ഥ അഴിമതിക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ പറ്റിക്കാന്‍ നോക്കണ്ട.

ഗാന്ധി കുടുംബം ഇന്ത്യ ഭരിക്കാന്‍ തങ്ങള്‍ മാത്രമാണ് യോഗ്യരെന്ന് പ്രചരിപ്പിക്കുന്നു. നിങ്ങള്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ ഞാന്‍ തിരിച്ച് വരും.

ഒരു ചില്ലിക്കാശ് പോലും ഞാനെടുത്തുവെന്ന് 15 വര്‍ഷമായിട്ടും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ 100 ബില്യണ്‍ ഡോളറിനടുത്ത് വരുമാനം ഉണ്ടാക്കിയിട്ടുള്ള ലോകത്തിലെ തന്നെ കായിക മാമാങ്കം നടത്തിയത് ഞാനാണ്.

രാജ്യത്തിന് വേണ്ടി മോദി കുടുംബം 1950 മുതല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ മറക്കരുത്. ഞാനും അവര്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നതിലപ്പുറം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി, എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെ നരേന്ദ്ര മോദി എന്ന പേര് വന്നു എന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവാദമായിരുന്നു. ഇതിനെതിരെ ഗുജറാത്ത് മന്ത്രി സൂറത് കോടതിയില്‍ പരാതി നല്‍കി.

തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. പിന്നാലെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു.

content highlight: Unlike Pappu I am a common man; Rahul Gandhi will be taken to court: Lalit Modi