ആഫ്രിക്കക്കെതിരായ അനീതികൾക്ക് അറുതി വരുത്തണം: അന്റോണിയോ ഗുട്ടെറസ്
World News
ആഫ്രിക്കക്കെതിരായ അനീതികൾക്ക് അറുതി വരുത്തണം: അന്റോണിയോ ഗുട്ടെറസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2024, 3:30 pm

വാഷിങ്ടൺ: ആഫിക്കക്കെതിരായ അനീതികൾക്ക് അറുതി വരുത്തണമെന്ന പ്രസ്താവനയുമായി യു.എൻ ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടെറസ്. ഒപ്പം ആഫ്രിക്കൻ ഭൂഖണ്ഡത്തിന് യു.എൻ കൗൺസിലിൽ സ്ഥിരമായ ഒരു അംഗം ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഫ്രിക്കൻ നേതാക്കളോട് സംസാരിക്കുകയായിരുന്നു ഗുട്ടെറസ്.

ആഫ്രിക്ക-ചൈന ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഗുട്ടെറസിന്റെ പ്രസ്താവന. 50തിൽ അധികം ആഫ്രിക്കൻ നേതാക്കളും ഈ ഫോറത്തിൽ പങ്കെടുത്തിരുന്നു. ഫോറത്തിൽ സംസാരിക്കവെ ആഫ്രിക്കൻ നേതാക്കളോടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. നൂറ്റാണ്ടുകളായി ആഫ്രിക്ക നേരിടുന്ന അനീതികൾ നേരിടണമെന്നും അതിന് അറുതി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം യു.എൻ കൗൺസിലിൽ ആഫ്രിക്കയുടെ സ്ഥിരമായ ഒരു അംഗം എന്നും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ആഫ്രിക്കൻ ഭൂഖണ്ഡത്തിന് സെക്യൂരിറ്റി കൗൺസിലിൽ ഇപ്പോഴും ഒരു സ്ഥിരമായ സീറ്റ് ഇല്ല എന്നത് അനുവദിക്കാനാവില്ല. പല ആഫ്രിക്കൻ രാജ്യങ്ങളും കടത്തിൽ മുങ്ങിയിരിക്കുകയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അവർ കഷ്ടപ്പെടുകയാണ്. പല രാജ്യങ്ങൾക്കും ആവശ്യമായ സഹായങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ല. ദാരിദ്ര്യ നിർമാർജ്ജനത്തിനായുള്ള സഹായം പോലും പലർക്കും ലഭിക്കുന്നില്ല,’ ഗുട്ടെറസ് പറഞ്ഞു.

ദാരിദ്ര്യ നിർമാർജ്ജനം ഉൾപ്പടെ ചൈനയുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം പ്രത്യേകം സംസാരിക്കുകയും ചെയ്തു. അതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായ ചൈനയുടെ സഹായം വ്യവസായ മേഖല, സാങ്കേതിക വിദ്യ, ധനകാര്യം തുടങ്ങിയ മേഖലകളിൽ ആഫ്രിക്കക്ക് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ആഫ്രിക്കൻ രാജ്യങ്ങളും ചൈനയും തമ്മിലുള്ള പ്രാഥമിക മൾട്ടി-ലാറ്ററൽ കോ-ഓർഡിനേഷൻ സംവിധാനമാണ് ചൈന – ആഫ്രിക്ക സഹകരണ ഫോറം. ആഫ്രിക്കയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ സഹകരണത്തിനാണ് ചൈന – ആഫ്രിക്ക ഫോറം ഊന്നൽ നൽകുന്നത്. ഇത് മുഖേന സഹായ ഗ്രാൻ്റുകൾ, വായ്പകൾ, പലിശ രഹിത വായ്പകൾ എന്നിങ്ങനെ പല രൂപങ്ങളിലായി ചൈന ആഫ്രിക്കക്ക് സഹായം നൽകുന്നു.

 

Content Highlight: United Nations’ Antonio Guterres says ‘injustices’ against Africa must be corrected