'അടിയന്തരാവസ്ഥയോട് പൊരുതിയപോലെ ബംഗാളിലെ ജനാധിപത്യത്തിനു വേണ്ടിയും പൊരുതും'- പ്രകാശ് ജാവഡേക്കര്‍
national news
'അടിയന്തരാവസ്ഥയോട് പൊരുതിയപോലെ ബംഗാളിലെ ജനാധിപത്യത്തിനു വേണ്ടിയും പൊരുതും'- പ്രകാശ് ജാവഡേക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2019, 11:40 pm

ന്യൂദല്‍ഹി: മമതാ ബാനര്‍ജിയുടെ കീഴില്‍ ബംഗാള്‍ നേരിടുന്നത് അടിയന്തരാവസ്ഥയെക്കാള്‍ കുറഞ്ഞതൊന്നുമല്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ബി.ജെ.പി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്നും അതു സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ‘സൂപ്പര്‍ എമര്‍ജന്‍സി’യില്‍ക്കൂടിയാണു കടന്നുപോയതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ജാവഡേക്കര്‍ രംഗത്തെത്തിയത്.

‘ബംഗാളില്‍ മമത ചെയ്യുന്ന കാര്യങ്ങള്‍ അടിയന്തരാവസ്ഥയെക്കാള്‍ കുറഞ്ഞതൊന്നുമല്ല. ഒരു സംസ്ഥാനം ഭരിക്കുന്ന മമത ചെയ്യുന്ന കാര്യങ്ങള്‍ വളരെ മോശമാണ്.’- പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ജാവഡേക്കര്‍ ആരോപിച്ചു.

1975-ല്‍ അടിയന്തരാവസ്ഥയോടു പൊരുതിയതുപോലെ തന്റെ പാര്‍ട്ടി ബംഗാളില്‍ ജനാധിപത്യത്തിനുവേണ്ടി പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നത് ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മാധ്യമസ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യമാധ്യമത്തിന്റെയും ഒക്കെ കാലമാണ്. ഇന്ന് അഭിപ്രായസ്വാതന്ത്രമുണ്ട്. അതു നേരത്തേ കോണ്‍ഗ്രസ് ഇല്ലാതാക്കിയതായിരുന്നു. എന്നാല്‍ ഈ സ്വാതന്ത്ര്യമുള്ള കാലത്തെയാണ് ചില രാഷ്ട്രീയക്കാര്‍ സൂപ്പര്‍ എമര്‍ജന്‍സി എന്നു വിളിക്കുന്നത്. അത് കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് പോരാട്ടം നടത്തിയ അടല്‍ ബിഹാരി വാജ്‌പേയിയെപ്പോലുള്ളവരെ താന്‍ സ്മരിക്കുന്നതായും അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ ജാവഡേക്കര്‍ പറഞ്ഞു.

ചരിത്രത്തില്‍ നിന്നും നമ്മള്‍ പഠിക്കേണ്ടതുണ്ടെന്നും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ പോരാടണമെന്നും മമത ട്വീറ്റ് ചെയ്തിരുന്നു.