ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്ത് നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ് ഈ വിജയത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിച്ച ഒമ്പത് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘രണ്ടാം തരംഗത്തില്‍ വൈറസ് അതിവേഗം പടരാന്‍ തുടങ്ങി, ആളുകളെ മോശമായി ബാധിക്കുകയും ചെയ്തു. എന്നിട്ടും ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് നിയന്ത്രിക്കുകയും കുറയുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇത് ഒരു കൂട്ടായ വിജയമാണ്. ഇന്ത്യ പോലെ വലിയ ഒരു രാജ്യത്ത് ഇത് നേട്ടമാണ്,’ അമിത് ഷാ പറഞ്ഞു.
വികസിത രാജ്യങ്ങള്‍ പോലും കൊവിഡിനെ നേരിടാന്‍ പാടുപെട്ടെന്നും നമ്മള്‍ ക്ഷമയോടും ആസൂത്രണത്തോടെയും കൂടി യുദ്ധം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഓക്‌സിജന്റെ ആവശ്യകത 10,000 മെട്രിക് ടണ്ണില്‍ നിന്ന് 3,500 മെട്രിക് ടണ്ണായി കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് കൊവിഡ് ഇന്ത്യയില്‍ കുറയുകായാണെന്നാണ്. ഇന്ത്യയിലെ വാക്‌സിനേഷന്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയതാണെന്നും പ്രധാനമന്ത്രി വിഭാവനം ചെയ്തതുപോലെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഭാവിയില്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.