മുണ്ടക്കൈ ദുരന്തം; തിരിച്ചറിയപ്പെടാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം
Kerala News
മുണ്ടക്കൈ ദുരന്തം; തിരിച്ചറിയപ്പെടാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2024, 10:37 pm

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ തിരിച്ചറിയപ്പെടാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങളാണ് പുത്തുമലയില്‍ സംസ്‌കരിച്ചത്. സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാരം.

സര്‍ക്കാരിന് വേണ്ടി മന്ത്രിമാര്‍ അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാരായ കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, എം.ബി. രാജേഷ്, എം.എല്‍.എ ടി. സിദ്ദിഖ്, ജില്ലാ കളക്ടര്‍ മേഘശ്രീ, മറ്റു ജില്ലാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി ആളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത്.

പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയിലാണ് സംസ്‌കാരം നടന്നത്. 2019ല്‍ പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 17 പേര്‍ മരിച്ചിരുന്നു. ദുരന്തത്തില്‍ അകപ്പെട്ട അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

2019ല്‍ ഉരുള്‍പൊട്ടലുണ്ടായ അതേ പ്രദേശത്താണ് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. രക്തസാമ്പിളുകൾ ശേഖരിച്ചതിന് ശേഷമാണ് തിരിച്ചറിയപ്പെടാത്തവരുടെ സംസ്കാരം നടത്തിയത്. തിരിച്ചറിയാത്ത ബാക്കി മൃതദേഹങ്ങളുടെ സംസ്‌കാരം നാളെ നടത്തും.

തിരിച്ചറിയാത്ത അഞ്ച് മൃതദേഹങ്ങള്‍ കല്‍പ്പറ്റയിലെ ശ്മശാനത്തില്‍ ഇന്നലെ സംസ്‌കരിച്ചതായി മന്ത്രി കെ. രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തിരിച്ചറിയാത്ത കൂടുതല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി വെള്ളരിമല വില്ലേജില്‍ 64 സെന്റ് ഭൂമി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത വിവരവും മന്ത്രി അറിയിച്ചിരുന്നു. ഈ ഭൂമിയിലാണ് ഇപ്പോള്‍ എട്ട് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

Content Highlight: Unidentified dead bodies found in wayanad landslides laid to rest in Puthumala