ന്യൂദല്‍ഹി: ഇന്തോനീഷ്യയില്‍ പിടിയിലായ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ദല്‍ഹിയിലെത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഛോട്ടാരാജനെ ദല്‍ഹിയിലേക്ക് കൊണ്ടുവന്നത്.
പുലര്‍ച്ചെ 5.30ന് പാലം എയര്‍പോര്‍ട്ടിലെത്തിയ രാജനെ പിന്നീട് സി.ബി.ഐ ഹെഡ്ക്വാട്ടേഴ്‌സിലേക്കു കൊണ്ടുപോയി. അദ്ദേഹത്തെ ഉടനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമെന്ന് സി.ബി.ഐ ഉറവിടങ്ങള്‍ പറയുന്നു.
സി.ബി.ഐ ഹെഡ്ക്വാട്ടേഴ്‌സിലേക്കുള്ള എല്ലാ പാതകളും ദല്‍ഹി പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. സി.ഐ.എസ്.എഫ് സെക്യൂരിറ്റി ശക്തമാക്കിയിട്ടുണ്ട്.
അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ബാലി അന്താരാഷ്ട്ര എയര്‍പോര്‍ട്ട് അടച്ചിട്ടതിനെ തുടര്‍ന്നാണ് ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കുന്നത് വൈകിയത്. എയര്‍പോര്‍ട്ട് തുറക്കുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ ആരംഭിക്കുകയായിരുന്നു.
രാജനെതിരായ ഇന്ത്യയിലുള്ള എല്ലാ കേസുകളുടെ അന്വേഷണം മഹാരാഷ്ട്ര സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പോലീസിലെ ഒരു വിഭാഗത്തിന് അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും അതിനാല്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്നും ഛോട്ടാ രാജന്‍ പറഞ്ഞിരുന്നു. കേസ് സി.ബി.ഐയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചതിനാല്‍ ഇനി ഛോട്ടാ രാജനെ മുംബൈ പോലീസിനു കൈമാറേണ്ടതില്ല.
കഴിഞ്ഞമാസം 25നായിരുന്നു രാജനെ അറസ്റ്റു ചെയ്തത്. സി.ബി.ഐ, ദല്‍ഹി, മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ഞായറാഴ്ചയാണ് ബാലിയിലെത്തിയത്. മുംബൈയില്‍ മാത്രം 20ല്‍ അധികം കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 75ല്‍ പരം കേസുകള്‍ ഛോട്ടാ രാജന്റെ പേരിലുണ്ട്. ദല്‍ഹി, ലക്‌നൗ, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാജേന്ദ്ര സദാശിവ് നികാലിഞ്ച് എന്ന ഛോട്ടാ രാജന്റെ പേരില്‍ 75ലേറെ കേസുകളാണുള്ളത്. കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ നീളുന്നു കുറ്റകൃത്യങ്ങള്‍.
20 കൊലക്കേസുകള്‍ ഉള്‍പ്പെടെ 70 കേസുകളാണ് രാജനെതിരെ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ അഞ്ചെണ്ണം തീവ്രവാദ നിരോധന നിയമപ്രകാരമുള്ളതാണ്.