അര്‍ജന്റൈന്‍ ഇതിഹാസം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കരിം ബെന്‍സെമയാണെന്ന് അത്‌ലെറ്റിക് ബില്‍ബാവോ ഗോളി ഉനൈ സൈമണ്‍. മെസിക്ക് ശേഷം കരിയറില്‍ താന്‍ നേരിട്ടവരില്‍ അപകടകാരിയായ കളിക്കാരന്‍ ബെന്‍സെമയാണെന്നും സൈമണ്‍ പറഞ്ഞു. ഡയേറിയോ എ.എസിനോട് സംസാരിക്കുമ്പോഴാണ് സൈമണ്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘എനിക്ക് വളരെ ഇഷ്ടമുള്ള താരമാണ് ബെന്‍സെമ. മെസി കഴിഞ്ഞാല്‍ ഞാന്‍ നേരിട്ടിട്ടുള്ളവരില്‍ വെച്ച് ഏറ്റവും അപരകടകാരിയായ താരമാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ബെന്‍സെമ,’ സൈമണ്‍ പറഞ്ഞു.
2022ലെ ബാലണ്‍ ഡി ഓര്‍ ജേതാവായ ബെന്‍സെമ റയല്‍ മാഡ്രിഡിനായി കളിച്ച 647 മത്സരങ്ങളില്‍ നിന്ന് 353 ഗോളുകള്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിലും ക്ലബ്ബ് തല മത്സരങ്ങളിലുമായി 10 തവണ സൈമണ്‍ ബെന്‍സെമക്കെതിരെ കളിച്ചിട്ടുണ്ട്. അതില്‍ ഏഴ് തവണ സൈമണെ വെട്ടിച്ച് വലകുലുക്കാന്‍ ബെന്‍സെമക്ക് സാധിച്ചിരുന്നു.
അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ റയലുമായുള്ള കരാര്‍ അവസാനിക്കുന്ന ബെന്‍സെമ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ക്ലബ്ബുമായി പിരിയുകയാണെന്ന് താരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതിന് സമാനമായ വേതനം നല്‍കി ബെന്‍സെമയെ സ്വന്തമാക്കുമെന്നും വിവിധ റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 214 മില്യണ്‍ യൂറോക്ക് രണ്ട് വര്‍ഷത്തെ കരാറിലാണ് താരത്തെ ഇത്തിഹാദ് സ്വന്തമാക്കുക.
അല്‍ ഇത്തിഹാദിന്റെ ഓഫര്‍ ആദ്യം നിരസിച്ച ബെന്‍സെമ പിന്നീട് ക്ലബ്ബ് മോഹവില വാഗ്ദാനം ചെയ്തപ്പോള്‍ ക്ലബ്ബുമായി സൈനിങ് നടത്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബെന്‍സെമ സൗദി ക്ലബ്ബിന്റെ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ ക്രിസ്റ്റ്യാനോക്ക് ശേഷം ഉയര്‍ന്ന വേതനത്തില്‍ മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുന്ന ലോകത്തെ രണ്ടാമത്തെ താരമായി ബെന്‍സെമ മാറും.
2009ല്‍ ലിയോണില്‍ നിന്നുമാണ് ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ലോസ് ബ്ലാങ്കോസിന്റെ ഭാഗമാകുന്നത്. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലുകള്‍ സ്വന്തമാക്കിയ ബെന്‍സെമ നാല് തവണ റയലിനെ സ്പാനിഷ് ചാമ്പ്യന്‍മാരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
റയലിനായി കളിച്ച 647 മത്സരങ്ങളില്‍ നിന്നും 353 ഗോളുകളാണ് ബെന്‍സെമ അടിച്ചുകൂട്ടിയത്. 2022-23 സീസണില്‍ മാത്രം 42 മത്സരങ്ങളില്‍ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചു.