അമേരിക്കയുടെ വിവരം ചോര്‍ത്തല്‍ അസ്വീകാര്യമെന്ന് ഇന്ത്യ
India
അമേരിക്കയുടെ വിവരം ചോര്‍ത്തല്‍ അസ്വീകാര്യമെന്ന് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2013, 11:45 am

[]ന്യൂദല്‍ഹി: വിദേശ പൗരന്‍മാരുടേതടക്കം അമേരിക്ക നടത്തുന്ന വിവര ചോര്‍ത്തലിനെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. യു.എസ്സിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എ ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നത് അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എന്‍.എസ്.എയെ കുറിച്ച് അടുത്തിടെ പുറത്ത് വന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇന്ത്യയുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.[]

2007 മുതല്‍ ലോകത്തെമ്പാടുമുള്ള വെബ് സൈറ്റ് ഉപഭോക്താക്കളുടെ ഇ-മെയില്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ആക്ടിവിറ്റി, ഇന്റര്‍നെറ്റ് കോളുകള്‍ എന്നിവ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എ ചോര്‍ത്തുന്നതായി വെളിപ്പെട്ടിരുന്നു.

മുന്‍ സി.ഐ.എ ഏജന്റായ എഡ്വേര്‍ഡ് സ്‌നോഡനാണ് അമേരിക്കയുടെ രഹസ്യം ചോര്‍ത്തല്‍ വാര്‍ത്ത പുറത്ത് വിട്ടത്. വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ സ്‌നോഡനെ കാണാതാവുകയും ചെയ്തിരുന്നു.

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍, യാഹൂ, ഫേസ്ബുക്ക്, സ്‌കൈപ്പ്, യൂട്യൂബ് എന്നിവയില്‍ നിന്ന് അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നായിരുന്നു സ്‌നോഡന്റെ വെളിപ്പെടുത്തല്‍.

പ്രിസം എന്നാണ് ഇങ്ങനെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് പേര് നല്‍കിയിരുന്നത്. അമേരിക്കയുടെ നീക്കം ഉത്കണ്ഡപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

അമേരിക്കയെ പോലെ ഇന്ത്യക്കും സൈബര്‍ സുരക്ഷാ സംവിധാനങ്ങളുണ്ട്. അത് ദേശ സുരക്ഷാ ഉപദേശകരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അക്ബറുദ്ദീന്‍ പറഞ്ഞു.

എഡ്വേര്‍ഡ് സ്‌നോഡനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം:

നെറികെട്ട ലോകത്ത് ജീവിക്കാന്‍ വയ്യാതാകുമ്പോള്‍ സത്യങ്ങള്‍ വിളിച്ച് പറയും; എഡ്വേര്‍ഡ് സ്‌നോഡനുമായുള്ള അഭിമുഖം