കാംപാല: ഫലസ്തീനിനെ ഒരു രാജ്യമായി അംഗീരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിലുടനീളമുള്ള എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിച്ച് എക്യരാഷ്ട്ര സഭയുടെ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. ശനിയാഴ്ച ഉഗാണ്ടന്‍ തലസ്ഥാനമായ കാംപാലയില്‍ നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ (നോണ്‍ അലൈന്‍ഡ് മൂവ്‌മെന്റ്, എന്‍.എ.എം) ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീന്‍ ജനതയുടെ രാഷ്ട്ര പദവിക്കുള്ള അംഗീകാരം നിഷേധിക്കുന്ന നിലപാട് സ്വീകാര്യമല്ലെന്നും സ്വന്തമായി ഒരു രാഷ്ട്രമെന്ന ഫലസ്തീനിയന്‍ ജനതയുടെ ആവശ്യം എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗസ സ്ട്രിപ്പില്‍ ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഗുട്ടറസ് ഇക്കാര്യം പറഞ്ഞത്.
ഈ യുദ്ധം ഇത്തരത്തില്‍ തുടര്‍ന്നാല്‍ ലോകത്തിന്റെ സമാധാനത്തിന് തന്നെ ഭീഷണയാകുമെന്നും ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് യു.എന്‍. ജനറല്‍ സെക്രട്ടറി പറഞ്ഞു. ഗസ മുനമ്പിലെ ഇസ്രഈലിന്റെ നിയമവിരുദ്ധമായ കടന്നുകയറ്റത്തെ ശക്തമായി അപലപിച്ച ഉച്ചകോടി ശാശ്വതമായ വെടി നിര്‍ത്തല്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
ഈസ്റ്റ് അല്‍ ഖുദ്‌സ് തലസ്ഥാനമാക്കി ഫലസ്തീന്‍ രാജ്യത്തിന്റെ രാഷ്ട്ര നിര്‍മാണത്തിനും പരമാധികാരത്തിനും ചേരിചേരാ പ്രസ്ഥാനം ആഹ്വാനം ചെയ്തു.
ഔപചാരികമായി ഒരു ഗ്രൂപ്പുമായും യോജിക്കാത്ത 120 രാജ്യങ്ങളുടെ ഫോറമാണ് നോണ്‍ അലൈന്‍ഡ് മൂവ്‌മെന്റ് എന്ന പേരില്‍ അറിയപ്പെടുന്നത്.
അതേസമയം, ഇസ്രഈല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ കണ്ണടക്കുന്നവരെല്ലാം ദുഃഖിക്കേണ്ടി വരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗാന്‍ പറഞ്ഞിരുന്നു. ഗസയില്‍ 25,000ത്തോളം നിരപരാധികള്‍ കൊല്ലപ്പെട്ടുവെന്നും ഇതെല്ലാം നിശബ്ദമായി കണ്ടുനിന്നവരെല്ലാം തന്നെ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘ഗസ വിഷയത്തില്‍ ഏറ്റവും മോശമായ ഇടപെടല്‍ നടത്തിയ പാശ്ചാത്യ രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സുരക്ഷാ സ്ഥാപനങ്ങള്‍ക്കും വിശ്വാസ്യത നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
മനുഷ്യാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കുന്നവരെല്ലാം തന്നെ ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ മൗനം പാലിച്ചിരിക്കുകയാണ്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തുന്ന വംശഹത്യ കണ്ട് ആസ്വദിക്കുകയാണ് അവര്‍.
ഇറാഖ്, ബോസ്നിയ, സിറിയ, യെമന്‍, മ്യാന്‍മര്‍, സൊമാലിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലോക്കെ സംഭവിച്ചത് തന്നെ ഫലസ്തീനും അനുഭവിക്കുന്നു. അന്താരാഷ്ട്ര സുരക്ഷ ഉറപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരെല്ലാം പരാജയപ്പെട്ടിരിക്കുന്നു.