കൗരവ സഭയില്‍ വസ്ത്രാക്ഷേപത്തിനായി പാഞ്ചാലിയെ കൊണ്ടുവന്നപ്പോള്‍, അവള്‍ രക്ഷയ്ക്കായി നോക്കിയത് ഭിഷ്മര്‍ക്ക് നേരെയാണ്. കാരണം, ഹസ്തിനപുരിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും പിതാമഹനും ആയിരുന്നു ഭീഷ്മര്‍. യുധിഷ്ഠിരന് എങ്ങനെ തന്നെ പണയപ്പെടുത്തി വാതു വെയ്ക്കാന്‍ കഴിഞ്ഞു എന്ന് പാഞ്ചാലി ചോദിച്ചു. എന്നാല്‍, ധര്‍മ്മത്തിന്റെ പക്ഷത്ത് നില്‍ക്കും എന്ന് പാഞ്ചാലി കരുതിയ ഭീഷ്മര്‍ അവളെ കൈവെടിയുകയാണ് ചെയ്തത്. സങ്കുചിതമായ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു യുധിഷ്ഠിരന്റെ പ്രവര്‍ത്തിയെ ഭീഷ്മ പിതാമഹന്‍ ന്യായീകരിച്ചു. സ്വന്തം മനസ്സാക്ഷിയുടെ സ്വരം ശ്രവിക്കാന്‍ ധൈര്യം കാണിക്കാതെ, പാഞ്ചാലി അപമാനിക്കപ്പെടുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനേ ഭീഷ്മ പിതാമഹന് സാധിച്ചുള്ളൂ.
ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ രാജ്യത്തെ പരമോന്നത നീതിപീഠവും ഭീഷ്മ പിതാമഹനെ പോലെ പരാജയപ്പെട്ടു പോകാറുണ്ടോ എന്ന് സംശയിക്കേണ്ടിയിരുക്കുന്നു. ഈ അടുത്ത കാലത്തെ, ലോയ കേസിലെ വിധി സൂചിപ്പിക്കുന്നത് അതാണ്. തികച്ചും ദൗര്‍ഭാഗ്യകരമായ ആ വിധിയിലൂടെ ജനാധിപത്യ മൂല്യങ്ങളുടെ നഗ്‌നമായ അവഹേളനത്തിന് മൂകസാക്ഷിയായി സുപ്രീംകോടതി നില കൊണ്ടു.
ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ കൊലക്കേസ് കേട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ 2014 ഡിസംബര്‍ ഒന്നിന് ജഡ്ജ് ബി.എച്ച്. ലോയ മരണപ്പെടുന്നത്. ഗുജറാത്തില്‍ സ്വതന്ത്ര വിചാരണ ലഭ്യമാകില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലേക്ക് കേസിന്റെ വിചാരണ സുപ്രീം കോടതി ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ജഡ്ജ് ലോയയുടെ മരണത്തിനു ശേഷം ഡിസംബര്‍ പതിനഞ്ചിന് ചാര്‍ജെടുത്ത പുതിയ ജഡ്ജി പതിനഞ്ചു ദിവസത്തിനകം അമിത് ഷായെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചു.
ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, ജഡ്ജ് ലോയയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മാതാപിതാക്കന്മാരും സഹോദരിയും “കാരവാന്‍”(The Caravan) എന്ന ഇംഗ്ലീഷ് മാസികയ്ക്കു അഭിമുഖം നല്‍കുകയുണ്ടായി. ഇതോടെയാണ് ലോയ കേസ് വന്‍ ചര്‍ച്ചാവിഷയമാകുന്നത്. സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷായ്ക്ക് അനുകൂല വിധി നല്‍കാന്‍ തന്റെമേല്‍ സമ്മര്‍ദം ഉണ്ടെന്നും, ഇതിനായി ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ തനിക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്തു എന്നും മരണത്തിന്റെ തലേ ആഴ്ച ലോയ വെളിപ്പെടുത്തിയതായി ആദ്ദേഹത്തിന്റെ പിതാവ് അഭിമുഖത്തില്‍ പറഞ്ഞു.
ഈ പശ്ചാത്തലത്തില്‍ ആണ് ലോയ കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്ന ആവശ്യവുമായി ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെടുന്നത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങള്‍ സുപ്രീം കോടതിയെയും പിടിച്ചു കുലുക്കി. സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് ലോയ കേസ് കേള്‍ക്കാന്‍ താരതമ്യേന ജൂനിയര്‍മാരായ ജഡ്ജിമാര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയതാണ് ജനുവരി 12ന് നടത്തിയ നാല് സീനിയര്‍ സുപ്രീം കോടതി ജഡ്ജിമാരുടെ പത്രസമ്മേളനത്തിന്റെ ഒരു കാരണം എന്ന സൂചന അന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നല്‍കുകയുണ്ടായി. അതിനെ തുടര്‍ന്ന് കേസ് പിന്നീട് പരിഗണിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്.
ഏപ്രില്‍ 19ലെ വിധിയിലൂടെ, ജഡ്ജ് ലോയയുടെ മരണത്തെ സംബന്ധിച്ച് അന്വേഷണം ആവശ്യമില്ല എന്നും, അദ്ദേഹം മരണപ്പെട്ടത് സ്വാഭാവിക കാരണങ്ങള്‍ കൊണ്ടാണെന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു. യുക്തിപൂര്‍ണമായ ഉത്തരങ്ങള്‍ നല്‍കുന്നതിനു പകരം, നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുകയാണ് ഈ വിധി ചെയ്യുന്നത്.
സുപ്രീം കോടതി ഒരു വിചാരണക്കോടതിയോ?
നമ്മുടെ രാജ്യത്തെ നിയമസംവിധാനത്തില്‍ സുപ്രീം കോടതി ഒരു വിചാരണക്കോടതിയല്ല. അതായത്, വസ്തുതകള്‍ ശേഖരിക്കുന്ന (fact-finding) പ്രക്രിയ സുപ്രീം കോടതി ചെയ്യാറില്ല. അത് വിചാരണ കോടതികള്‍- ഒന്നുകില്‍ മജിസ്‌ട്രേറ്റ്/മുന്‍സിഫ് കോടതി അല്ലെങ്കില്‍ സെഷന്‍സ്/ജില്ലാ കോടതി- ചെയ്യേണ്ടതാണ്. അതും, നടപടി ക്രമങ്ങളും തെളിവ് നിയമങ്ങളും പാലിച്ചുകൊണ്ട്.
ഈ പ്രമാണങ്ങളുടെ ലംഘനമാണ് സുപ്രീം കോടതി ലോയ കേസിലെ കണ്ടെത്തലുകള്‍ വഴി ചെയ്തത്. ഹര്‍ജിക്കാരുടെ ആവശ്യം ജഡ്ജ് ലോയയുടെ മരണത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ദുരൂഹതകളെപ്പറ്റി അന്വേഷണത്തിന് ഉത്തരവിടുക എന്നതായിരുന്നു. ക്രിമിനല്‍ അന്വേഷണത്തിന് കുറ്റം നടന്നു എന്ന സ്വാഭാവികമായ പ്രഥമദൃഷ്ട്യാലുള്ള സംശയങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ട ആവശ്യമേ ഉള്ളൂ. അത്തരം ചില സംശയങ്ങള്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു (അതിനെപ്പറ്റി ചുവടെ വിശദീകരിക്കാം). എന്നാല്‍, സുപ്രീം കോടതി ഒരു വിചാരണ കോടതിയെ പോലെ പെരുമാറുകയും, ലോയയുടെ മരണത്തില്‍ ദുരൂഹത ഇല്ല എന്ന് ആധികാരികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ലോയ മരണപ്പെടുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട നാല് ജഡ്ജിമാരുടെ മൊഴികള്‍ ആണ് സുപ്രീം കോടതി പ്രധാനമായി അവലംബിച്ചത്. കൂടാതെ, മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ ഒരു “”രഹസ്യ അന്വേഷണത്തിന്റെ”” കണ്ടെത്തലുകളും. എന്നാല്‍, ജഡ്ജിമാരെ ക്രോസ് വിസ്താരം നടത്തുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയില്ല. “”രഹസ്യ അന്വേഷണത്തിന്റെ”” കണ്ടെത്തലുകള്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ച സംശയകരമായ സാഹചര്യങ്ങളുമായി ഒത്തു നോക്കാനും കോടതി മുതിര്‍ന്നില്ല. അതിനാല്‍, സുപ്രീം കോടതിയുടെ അന്തിമ കണ്ടെത്തലുകള്‍ തികച്ചും ഏകപക്ഷീയവും സാമാന്യ നീതിക്ക് വിരുദ്ധവും ആണ്.
ജഡ്ജിമാരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍
ജഡ്ജിമാര്‍ കള്ളം പറയില്ല എന്നും, അതുകൊണ്ട് അവര്‍ പറയുന്നത് അപ്പാടെ വിശ്വസിക്കാം എന്നും ആയിരുന്നു സുപ്രീം കോടതിയുടെ നിഗമനം. എന്നാല്‍, അവരുടെ മൊഴികളില്‍ സ്വാഭാവിക സംശയങ്ങള്‍ ജനിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന്:-
• നാഗ്പൂരിലെ രവി ഭവന്‍ ഗസ്റ്റ് ഹൗസില്‍ രണ്ടു ജഡ്ജിമാരുടെ കൂടെ എന്തിനു മൂന്നാമനായി ജഡ്ജ് ലോയ മുറി പങ്കിടണം? അതും, അവിടെ മറ്റു മുറികള്‍ ലഭ്യമായ അവസരത്തില്‍. (ഒരു മുറിയില്‍ എക്‌സ്ട്രാ ബെഡ് നല്‍കുന്ന പതിവ് രവി ഭവനില്‍ ഇല്ല എന്ന് അവിടുത്തെ ജീവനക്കാരെ ഉദ്ധരിച്ചു “”കാരവാന്‍”” റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്)
• പുലര്‍ച്ചെ നാല് മണിക്ക് ജഡ്ജ് ലോയയ്ക്ക് നെഞ്ചു വേദന അനുഭവപ്പെട്ടു എന്നും, അന്നേരം കൂടെയുള്ള രണ്ടു ജഡ്ജിമാര്‍ നാഗ്പൂരില്‍ ഉള്ള മറ്റൊരു ജഡ്ജിയെ വിളിച്ചു എന്നും, ആ ജഡ്ജി മറ്റൊരു ജഡ്ജിനെ കൂട്ടി സ്വന്തം കാറില്‍ രവി ഭവനില്‍ വന്നു എന്നും അവിടെ നിന്ന് കാറില്‍ ഹോസ്പിറ്റലില്‍ കൊണ്ടു പോയി എന്നും ആണ് മൊഴി. ഇതൊരു സ്വാഭാവിക പ്രതികരണം ആണോ? രവി ഭവനിലെ റിസപ്ഷനില്‍ ബന്ധപ്പെട്ട് എമര്‍ജന്‍സി മെഡിക്കല്‍ സേവനം ലഭ്യമാക്കുക എന്നതല്ലേ സ്വാഭാവിക പ്രതികരണം? എന്തിന് മറ്റൊരു ജഡ്ജ് വരുന്നത് വരെ കാത്തിരിക്കണം?
• ഉറക്കത്തില്‍ നെഞ്ചു വേദന അനുഭവപ്പെട്ടു എന്ന് പറയപ്പെട്ട ജഡ്ജ് ലോയ മരണ സമയത്ത് ധരിച്ചിരുന്നത് ഷര്‍ട്ടും ജീന്‍സും ബെല്‍ട്ടും.
• ജഡ്ജ് ലോയയുടെ സമീപം സഹപ്രവര്‍ത്തകര്‍ ആയ നാല് ജഡ്ജിമാര്‍ ഉള്ളതായി ഒരു പോലീസ് രേഖയിലും കാണുന്നില്ല. ലോയയുടെ മൃതദേഹം തിരിച്ചറിയുന്നതും കൈപ്പറ്റുന്നതും പ്രശാന്ത് രാത്തി എന്ന തികച്ചും അപരിചിതനായ ഒരാള്‍ (അതിനെപ്പറ്റിയും ചുവടെ വിശദീകരിക്കാം).
• ലോയയുടെ ആദ്യ നാമം “”ബ്രിജ്‌ഗോപാല്‍”” എന്നതിന് പകരം “”ബ്രിജ്‌മോഹന്‍”” എന്ന് തെറ്റായി മെഡിക്കല്‍ രേഖകളില്‍ എഴുതിയിരിക്കുന്നു. സഹപ്രവര്‍ത്തകര്‍ ആയ നാല് ജഡ്ജിമാര്‍ കൂടെയുണ്ടായിരുന്നു എങ്കില്‍ ഇതെങ്ങനെ സംഭവിക്കും?
• ജഡ്ജ് ലോയയെ ആദ്യം ദാന്‍ഡെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി എന്നും, അവിടെ ഇ.സി.ജി. എടുത്തു എന്നും, പിന്നീട് “”മെഡിട്രീന”” ഹോസ്പിറ്റലില്‍ കൊണ്ട് പോയി എന്നും ആണ് മൊഴികള്‍. എന്നാല്‍, ദാന്‍ഡെ ഹോസ്പിറ്റലില്‍ ഇ.സി.ജി മെഷിന്‍ പ്രവര്‍ത്തനരഹിതം ആയിരുന്നു എന്നും അത് കൊണ്ട് അവിടെ ഇ.സി.ജി. എടുത്തില്ല എന്നും ഒരു ജഡ്ജി മൊഴി നല്‍കി. എന്നാല്‍ മറ്റു മൂന്നു പേര്‍ അവിടെ നിന്ന് ഇ.സി.ജി എടുത്തു എന്ന് പറഞ്ഞു. ഈ വൈരുദ്ധ്യം എങ്ങനെ വിശദീകരിക്കും?
ജഡ്ജിമാര്‍ കള്ളം പറഞ്ഞു എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയല്ല. പക്ഷെ, അവരുടെ മൊഴികള്‍ ധാരാളം സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. ഈ അവസരത്തില്‍, സുപ്രീം കോടതി അവരെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമായിരുന്നു. അല്ലെങ്കില്‍, ഈ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഉത്തരവിടണമായിരുന്നു. അല്ലാതെ, ജഡ്ജിമാര്‍ കള്ളം പറയില്ല എന്ന ഒരു തത്വത്തിന്റെ പേരില്‍ എല്ലാ സംശയങ്ങളും കുഴിച്ചു മൂടാന്‍ ശ്രമിക്കുന്നത് ന്യായമല്ല.
വിധിന്യായത്തില്‍, സുപ്രീം കോടതി സ്വയമേ ഇത്തരം സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. സാക്ഷികളുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ വിശദീകരിക്കേണ്ടത് കോടതിയല്ല. അത് സാക്ഷികള്‍ തന്നെ കോടതിയുടെ മുന്നില്‍ ഹാജരായി ചെയ്യണം. ജഡ്ജിമാരെ ക്രോസ് വിസ്താരം ചെയ്യാന്‍ എതിര്‍ ഭാഗത്തിന് അവസരം നല്‍കാതെ, അത്തരം വൈരുധ്യങ്ങള്‍ക്ക് സുപ്രീം കോടതി സ്വയം കണ്ടെത്തുന്ന വിശദീകരണങ്ങള്‍ക്ക് യാതൊരു സാധുതയും ഇല്ല.
എന്താണ് “”രഹസ്യ”” അന്വേഷണം?
മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ “”രഹസ്യ അന്വേഷണ””ത്തിന്റെ (discreet enquiry) അടിസ്ഥാനത്തില്‍ ആണ് സുപ്രീം കോടതിയുടെ കണ്ടെത്തലുകള്‍. നവംബര്‍ ഇരുപതിന് പ്രസിദ്ധീകരിച്ച “”കാരവാന്‍”” റിപ്പോര്‍ട്ടിന് ശേഷം നവംബര്‍ ഇരുപത്തി മൂന്നിനാണ് “”രഹസ്യ അന്വേഷണം”” പ്രഖ്യാപിക്കുന്നത്. അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഈ അന്വേഷണം പൂര്‍ത്തിയാക്കി, ഇരുപത്തി എട്ടാം തിയതി ലോയയുടെ മരണത്തില്‍ ദുരൂഹതകള്‍ തള്ളിക്കളഞ്ഞുകൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.
ഇത് ക്രിമിനല്‍ നടപടി നിയമം (Code of Criminal Procedure) അനുസരിച്ച് നടത്തിയ ഒരു അന്വേഷണം അല്ല. നിയമത്തിന്റെ യാതൊരു പിന്തുണയും ഇല്ലാതെ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കിയ ഈ രഹസ്യ അന്വേഷണ റിപ്പോര്‍ട്ടിന് എങ്ങനെ സാധുത കല്‍പ്പിക്കാനാകും? അതിനെ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം സുപ്രീം കോടതി നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അധികാരം ഉണ്ട് എന്ന പൊള്ളയായ വിശദീകരണം മാത്രമാണ് സുപ്രീം കോടതി നല്‍കിയത്.
പ്രശാന്ത് രാത്തി എന്ന ദുരൂഹ വ്യക്തി
പ്രശാന്ത് രാത്തി ഈ സംഭവ വികാസങ്ങളിലെ ഒരു പ്രധാന വ്യക്തിയാണ്. പ്രശാന്ത് രാത്തിയാണ് പ്രേത വിചാരണയ്ക്കും (inquest) പോസ്റ്റ്-മോര്‍ട്ടത്തിനും മുമ്പ് ജഡ്ജ് ലോയയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം “”ബന്ധു”” എന്ന പേരില്‍ മൃതദേഹം കൈപറ്റിയതും പ്രശാന്ത് രാത്തിയാണ്. പക്ഷെ, ആരാണ് പ്രശാന്ത് രാത്തി?
വളരെ നീണ്ട ഒരു ബന്ധത്തിലൂടെയാണ് പ്രശാന്ത് രാത്തി പ്രത്യക്ഷപ്പെടുന്നത്. “”രഹസ്യ അന്വേഷണ റിപ്പോര്‍ട്ട്”” പ്രകാരം, ലാത്തൂരില്‍ ഉള്ള ഈശ്വര്‍ ലാല്‍ ബഹെത്തി എന്നയാള്‍ ജഡ്ജ് ലോയയുടെ ഒരു സുഹൃത്താണ്. (“കാരവന്‍”” റിപ്പോര്‍ട്ട് പ്രകാരം ആര്‍.എസ്.എസുമായി ബന്ധമുള്ള ഒരു ഈശ്വര്‍ ലാല്‍ ബഹെതിയാണ് ലോയയുടെ മരണത്തെ പറ്റി കുടുംബാംഗങ്ങള്‍ക്ക് വിവരം നല്‍കുന്നതും, മൃതദേഹം എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതും. ആര്‍.എസ്.എസ് ബന്ധം പക്ഷെ “രഹസ്യ അന്വേഷണ റിപ്പോര്‍ട്ട്”” തള്ളിക്കളയുന്നു).
ലോയയുടെ അസുഖത്തെ പറ്റി ലാത്തൂരില്‍ ഉള്ള ഈശ്വര്‍ ലാല്‍ ബഹെതിയെ അയാളുടെ ജ്യേഷ്ടന്‍ ഡോക്ടര്‍ ഹന്‍സ് രാജ് ബഹെത്തി അറിയിക്കുന്നു (ഹന്‍സ് രാജിന് എങ്ങനെ വിവരം കിട്ടി എന്ന് “”രഹസ്യ അന്വേഷണ റിപ്പോര്‍ട്ടില്‍”” പറയുന്നില്ല). ഈശ്വര്‍ ലാല്‍ ബഹെത്തി ഔറംഗബാദില്‍ ഉള്ള രുക്‌മേഷ് ജോഖത്തിയ എന്നയാളെ അറിയിക്കുന്നു. രുക്‌മേഷ് ജോഖത്തിയ നാഗ്പൂരില്‍ ഉള്ള പ്രശാന്ത് രാത്തിയെ അറിയിക്കുകയും ലോയയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെയാണ് പ്രശാന്ത് രാത്തി വരുന്നത്.
ഒരു കാര്യം വ്യക്തമാണ്. പ്രശാന്ത് രാത്തി ലോയയെ സംബന്ധിച്ച് ഒരു അപരിചിതന്‍ ആണ്. പിന്നെ എങ്ങനെ അയാള്‍ ലോയയുടെ മൃതദേഹം തിരിച്ചറിഞ്ഞു? എങ്ങനെ അയാള്‍ ലോയയുടെ മൃതദേഹം “”ബന്ധു”” എന്ന പേരില്‍ കൈപ്പറ്റി? ക്രിമിനല്‍ നടപടി നിയമ വകുപ്പ് 176 പ്രകാരം അടുത്ത ബന്ധുകള്‍ക്ക് മാത്രമേ മൃതദേഹം കൈമാറാന്‍ പാടുള്ളൂ. അതിന്റെ ലംഘനം ഈ കേസില്‍ നടന്നു. കൂടാതെ, നാല് ജഡ്ജിമാര്‍ കൂടെയുണ്ട് എന്ന് അവകാശപ്പെടുമ്പോള്‍, എന്തിനു പ്രശാന്ത് രാത്തിയെപ്പോലെ ഒരു അപരിചിതന്‍ മൃതദേഹം തിരിച്ചറിയുകയും കൈപ്പറ്റുകയും ചെയ്യുന്നു? ഈ ഒരു പശ്ചാത്തലത്തില്‍ ലോയയുടെ പേര് മെഡിക്കല്‍ രേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയത് പ്രസക്തമായ ഒരു സാഹചര്യം ആകുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, പ്രശാന്ത് രാത്തിയുടെ ആദ്യത്തെ മൊഴികളില്‍ അയാള്‍ നാല് ജഡ്ജിമാരുടെ സാന്നിദ്ധ്യത്തെപ്പറ്റി ഒന്നും പരമര്‍ശിക്കുന്നില്ല. കൂടാതെ, “”രഹസ്യ അന്വേഷണ”” റിപ്പോര്‍ട്ടില്‍ ഉള്ള പ്രശാന്ത് രാത്തിയുടെ മൊഴിയുടെ തിയതി നവംബര്‍ ഇരുപത്തി രണ്ടാണ്. പക്ഷെ, “”രഹസ്യ അന്വേഷണം”” സര്‍ക്കാര്‍ ഉത്തരവിടുന്നത് നവംബര്‍ ഇരുപത്തി മൂന്നിന് മാത്രമാണ്. പക്ഷെ, ഇതൊന്നും പരിഗണിക്കപ്പെടേണ്ട കാര്യങ്ങളായി സുപ്രീം കോടതിക്ക് തോന്നിയില്ല.
കോടതി കാണാതെ പോയ തെളിവെടുപ്പിലെ അപാകതകള്‍
പരാതിക്കാര്‍ ഉന്നയിച്ച ഔദ്യോഗികമായ വാദങ്ങളില്‍ ഒന്ന് ക്രിമിനല്‍ നടപടിക്രമങ്ങളുടെ 174ാം വകുപ്പനുസരിച്ച് ജ: ലോയയുടെ മൃതദേഹത്തിന്മേല്‍ പ്രേത വിചാരണ (inquest) നടത്തിയിരുന്നില്ല എന്നതാണ്. 174ാം വകുപ്പനുസരിച്ച്് പ്രേതവിചാരണ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലായിരിക്കേണ്ടതുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ അറിയിക്കാതെ പോലീസ് സ്വമേധയാ ആണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നത്.
ആയതിനാല്‍ത്തന്നെ പരിശോധനാ രേഖയില്‍ എവിടെയും തന്നെ ശരീരത്തിലെ മുറിവുകള്‍ രേഖപ്പെടുത്താതിരുന്നത് അത്തരമൊരു പരിശോധനാരേഖ എത്രമാത്രം സത്യസന്ധമാണെന്ന ചോദ്യമാണുയര്‍ത്തുന്നത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അസാന്നിദ്ധ്യത്തില്‍ നടത്തിയ തെളിവെടുപ്പ് ക്രിമിനല്‍ നടപടിക്രമം 174 ന്റെ നഗ്‌നമായ ലംഘനമാണ്, അതോടൊപ്പം ആശ്ചര്യമുളവാക്കുന്ന മറ്റൊരു നടപടി ഒരു വര്‍ഷത്തിനു ശേഷം ഫെബ്രുവരി 2, 2016നാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് (നാഗ്പൂര്‍ എസ്.ഡി.എം) ഈ വിവരങ്ങള്‍ കൈമാറുന്നത് എന്നുള്ളതാണ്.
എന്നാല്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി ഈ വിഷയത്തെ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് വിധിയുടെ 27 മുതല്‍ 31 വരെയുള്ള ഖണ്ഡികകളില്‍ നിന്നും വ്യക്തമാണ്. തെളിവെടുപ്പുമായി ബന്ധപ്പെട്ട നിരവധി സുപ്രീംകോടതി വിധികള്‍ ചര്‍ച്ച ചെയ്യുമ്പോഴും വിധിയിലെവിടെയും അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കുകയും, 174ാം വകുപ്പനുസരിച്ചുള്ള നടപടിക്രമങ്ങളില്‍ സംഭവിച്ച വീഴ്ചകളും അതിന്റെ പ്രത്യാഘാതങ്ങളും കാണാതിരിക്കുകയും ചെയ്യുകയാണ് ബഹു. കോടതി.
അതു കൂടാതെ നടപടിക്രമങ്ങളുടെ വീഴ്ചയെക്കുറിച്ചോ ഒരു വര്‍ഷത്തിനു ശേഷം നാഗ്പൂര്‍ എസ്.ഡി.എമ്മിനു നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ചോ വിധിയില്‍ പരാമര്‍ശിക്കാതെ ഈ ചോദ്യങ്ങള്‍ എല്ലാം തന്നെ വളരെ ലളിതമായി, കൃത്യമായി ഉത്തരങ്ങള്‍ നല്‍കാതെ കേവലപരാമര്‍ശങ്ങള്‍ നടത്തി എന്നെന്നേക്കുമായി കുഴിച്ചുമൂടുകയാണ് ചെയ്തിട്ടുള്ളത്.
മെഡിക്കല്‍ രേഖകളിലെ വൈരുദ്ധ്യങ്ങള്‍
ഔദ്യോഗിക വാദങ്ങള്‍ എല്ലാം തന്നെ ദാന്‍ഡെ ഹോസ്പിറ്റലില്‍ നിന്നെടുത്ത ഇ.സി.ജി റിപ്പോര്‍ട്ടിനെ ആധാരപ്പെടുത്തിയുള്ളതും അത്തരമൊരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജ:ലോയയുടെ മരണം സ്വാഭാവികമാണെന്നുള്ളതായിരുന്നു. ആശ്ചര്യകരമായ സംഗതി മെഡിട്രീന ഹോസ്പിറ്റലിനു മുന്‍പ് ദാന്‍ഡെ ഹോസ്പിറ്റലില്‍ നിന്നെടുത്ത ജ: ലോയയുടെ ഇ.സി.ജി റിപ്പോര്‍ട്ട് സുപ്രീം കോടതി നടപടി ക്രമങ്ങളിലെവിടെയും ഹാജരാക്കിയില്ല എന്നുള്ളതാണ്.
ഈ സന്ദര്‍ഭത്തില്‍ 2017 നവംബര്‍ 27 നു ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത നോക്കുന്നത് ഉചിതമാണ്. കാരവന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച പ്രഥമ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ തെറ്റാണെന്നുള്ള വാദമായിരുന്നു എക്‌സ്പ്രസ്സ് ഉന്നയിച്ചത്. അതിനായി ഒരു ഇ.സി.ജി. റിപ്പോര്‍ട്ടിന്റെ ചിത്രവും എക്‌സ്പ്രസ്സ് റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നു. പക്ഷെ, ആ ഇ.സി.ജി. റിപ്പോര്‍ട്ടിന്റെ തിയതി നവംബര്‍ മുപ്പതാണ്. അതായത്, ജഡ്ജ് ലോയ മരിക്കുന്നതിനു ഒരു ദിവസം മുമ്പ്. ഇത് മൂലം എക്‌സ്പ്രസ്സ് റിപ്പോര്‍ട്ടിന്റെ ആധികാരികതയെപ്പറ്റി ശക്തമായ വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നു. എന്തുകൊണ്ടോ മഹാരാഷ്ട്ര സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ ഇ.സി.ജി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
പക്ഷെ ബഹുമാനപ്പെട്ട കോടതി ഇ.സി.ജി റിപ്പോര്‍ട്ട് ആധികാരികമാണ് എന്ന നിഗമനത്തില്‍ മുന്നേറി. പ്രാഥമിക തെളിവ് ഒരിക്കല്‍പ്പോലും കാണാത്ത കോടതി ഇ.സി.ജി റിപ്പോര്‍ട്ടിലെ ഫലത്തെ യാതൊരു സംശയവും കൂടാതെ അംഗീകരിക്കുകയാണുണ്ടായത്.
ദാന്‍ഡെ ഹോസ്പിറ്റലില്‍ ഇ.സി.ജി എടുത്തിരുന്നു എന്നുള്ള ജഡ്ജിമാരുടെ മൊഴിയിലെ അസ്ഥിരത ശ്രദ്ധിക്കേണ്ടതാണ്. ജഡ്ജ് റാത്തി നല്‍കിയ മൊഴിയില്‍ ദാന്‍ഡെ ഹോസ്പിറ്റലിലെ ഇ.സി.ജി പ്രവര്‍ത്തന രഹിതമായിരുന്നെന്നും ഇ.സി.ജി യുടെ നോഡുകള്‍ പൊട്ടിയിരുന്നെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട് (പേജ് 73). പക്ഷെ മറ്റൊരു ജഡ്ജി പറയുന്നത് ദാന്‍ഡെ ഹോസ്പിറ്റലില്‍ നിന്നും ഇ.സി.ജി എടുത്തിരുന്നുവെന്നുമാണ്. ഇത്തരത്തിലുള്ള പ്രകടമായ വസ്തുതാവിരുദ്ധമായ മൊഴിക്ക് ബഹുമാനപ്പെട്ട കോടതി സ്വയമേ വിശദീകരണം നല്‍കുന്നുമില്ല. മറ്റു രണ്ടു ജഡ്ജിമാരുടെ മൊഴികളും മെഡിട്രീന ഹോസ്പിറ്റലിലെ രേഖകളും അടിസ്ഥാനപ്പെടുത്തി പ്രാഥമിക രേഖകള്‍ ഒന്നും പരിശോധിക്കാതെ ഇ.സി.ജി ദാന്‍ഡെ ഹോസ്പിറ്റലില്‍ നിന്നും എടുത്തുവെന്നാണ് കോടതി കണ്ടെത്തുന്നത്.
മാത്രമല്ല, “”മെഡിട്രിന”” ഹോസ്പിറ്റലിന്റെ ബില്ലിലും നിരവധി വൈരുധ്യങ്ങള്‍ ഉണ്ട്. ജഡ്ജ് ലോയയെ അവിടെ എത്തിച്ചപ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു എന്നാണ് ഔദ്യോഗിക വാദം. പക്ഷെ, ഹോസ്പിറ്റല്‍ ബില്ലില്‍ “”diet consultation”, “neurosurgery” എന്നീ വിഭാഗങ്ങളില്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. മരിച്ചതിനു ശേഷം ഹോസ്പിറ്റലില്‍ എത്തിച്ച രോഗിയില്‍ നിന്നും എങ്ങിനെയാണ് ഇത്തരം ചാര്‍ജുകള്‍ ഈടാക്കുവാനായി സാധിക്കുക? ഹൃദയസ്തംഭനം മൂലം ആശുപത്രിയിലെത്തിച്ച വ്യക്തിക്ക് ന്യൂറോസര്‍ജറിയുടെ ആവശ്യമെന്താണ്? ഇതിനെല്ലാം പുറമെ തലക്കുണ്ടായ പരിക്കിനെക്കുറിച്ച് ഹര്‍ജിക്കാര്‍ കൊണ്ടുവന്ന വാദം വളരെ സുപ്രധാനമാണ്.
ജ: ലോയയുടെ സഹോദരി ഡോക്ടര്‍ അനുരാധ ബിയാനി മൃതദേഹം കൊണ്ടുവന്നപ്പോള്‍ കഴുത്തിന്റെ പുറകിലും ഷര്‍ട്ടിന്റെ പുറകിലും രക്തം കണ്ടതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അഡ്വ. പ്രശാന്ത് ഭൂഷണ്‍ നടത്തിയ സമാന അന്വേഷണത്തിലും ജ: ലോയയുടെ തലക്കു പരിക്കേറ്റിരിക്കാം എന്ന് ഒരു ഫോറന്‍സിക് വിദഗ്ധന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ന്യൂറോസര്‍ജറി എന്ന് ബില്ലില്‍ രേഖപ്പെടുത്തിയതിന്റെയും മേല്‍പ്പറഞ്ഞ വാദങ്ങളുടെയും പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായിട്ടുണ്ട്.
ഡയറ്റ് കണ്‍സള്‍ട്ടേഷന്‍ എന്ന ബില്ലിലെ ഭാഗം തെറ്റാണെന്ന് സുപ്രീംകോടതി വിധി തന്നെ അംഗീകരിക്കുന്നുണ്ട്. പക്ഷെ, ഇതിലേക്കൊന്നും കടക്കാന്‍ കോടതി തയ്യാറായില്ല. ഹോസ്പിറ്റലിന്റെ അനാസ്ഥയല്ല കോടതിയുടെ പരിഗണനാ വിഷയം എന്നും പറഞ്ഞു ഈ ചോദ്യങ്ങള്‍ ഒക്കെയും കോടതി തള്ളിക്കളഞ്ഞു. ഇവിടെ ഉദിക്കുന്ന ചോദ്യം മെഡിക്കല്‍ അനാസ്ഥയെ സംബന്ധിച്ചുള്ളതല്ല മറിച്ച് ഔദ്യോഗിക വിശദീകരണത്തിന്റെ വിശ്വാസ്യത സംബന്ധിച്ചുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ ഈ ചോദ്യവും ഉത്തരം നല്‍കാതെ അവസാനിപ്പിക്കുന്നു.
ഹര്‍ജ്ജികളുടെ ഉദ്ദേശ ശുദ്ധിയെ കുറിച്ചുള്ള അടിസ്ഥാനമില്ലാത്ത ആശങ്കകള്‍
ഹര്‍ജിക്കാരുടെ ഉദ്ദേശശുദ്ധിയും അഭിഭാഷകരുടെ പ്രവര്‍ത്തിയെയും പറ്റിയുള്ള സുപ്രീം കോടതിയുടെ വിമര്‍ശനങ്ങള്‍ അതിരു കടന്നതായി അനുഭവപ്പെട്ടു. ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയില്‍ പരാമര്‍ശ്ശിച്ചിട്ടുള്ള ചില നിരീക്ഷണങ്ങള്‍ ഇവയാണ്.
“The conduct of the petitioners and the interveners scandalizes the process of the court and prima facie constitutes criminal contempt”, “Even the judges of the bench hearing the present proceedinsg, have not been spared from this vituperative assault on the judiciary” സുപ്രീം കോടതിയില്‍ കേസിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്ന വേളയില്‍ അഭിഭാഷകര്‍ തമ്മില്‍ ശക്തമായ വാഗ്വാദങ്ങള്‍ അരങ്ങേറി എന്നുള്ളത് യാഥാര്‍ഥ്യമായിരുന്നു. ഹര്‍ജിക്കാരായ അഭിഭാഷകരെ വിമര്‍ശിച്ച കോടതി പ്രതിഭാഗം അഭിഭാഷകരുടെ ധാര്‍മ്മികമായ മൂല്യച്യുതിയെ കാണാതിരുന്നത് ആശ്ചര്യജനകമാണ്.
ഹര്‍ജിക്കാരുടെ അഭിഭാഷകനായ ദുഷ്യന്ത് ദവെ, ഹരീഷ് സാല്‍വെയെ മഹരാഷ്ട്ര സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. സൊഹ്‌റാബുദ്ദീന്‍ ഷേക്കിന്റെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരനായിരുന്ന റുബാബുദ്ദീന്‍ ഷേക്കിനു വേണ്ടിയും പിന്നീട് അതേ കേസിലെ മുഖ്യപ്രതിയായിരുന്ന അമിത് ഷാക്ക് വേണ്ടിയും ഹരീഷ് സാല്‍വെ വിവിധ ഘട്ടങ്ങളില്‍ കോടതിയില്‍ ഹാജരായിരുന്നു.
ലോയ കേസില്‍ തന്നെ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായിരുന്ന പല്ലവ് സിസോദിയ എന്ന അഭിഭാഷകനും ഹര്‍ജിക്കാരുടെ താത്പര്യങ്ങള്‍ക്ക് ഘടകവിരുദ്ധമായി സൊഹ്‌റാബുദ്ദീന്‍-തുള്‍സീ റാം ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാക്ക് വേണ്ടി ഹാജരായിരുന്നു. പക്ഷെ ഇവയൊന്നും ധാര്‍മ്മിക പ്രശ്‌നമായി കാണാനോ അത്തരം അഭിഭാഷകരെ വിലക്കുവാനോ ബഹു: സുപ്രീം കോടതി തയ്യാറായില്ല എന്നത് തികച്ചും നിരാശാജനകമായ വസ്തുതയാണ്.
കേസ് പരിഗണിക്കുന്ന വേളയില്‍ ജ: ചന്ദ്രചൂഡ് ഇത്തരം ധാര്‍മ്മികമായ ചോദ്യങ്ങള്‍ അതതു അഭിഭാഷകരുടെ മനസാക്ഷിക്ക് വിടുന്നു എന്നാണു പറഞ്ഞിരുന്നത്. എന്നാല്‍ ഇതേ സമയം കോടതി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനെ ഫോറന്‍സിക്ക് വിദഗ്ദനില്‍ നിന്നും അഭിപ്രായം തേടുന്നതിനു വേണ്ടി ആര്‍.ടി.ഐ സമര്‍പ്പിച്ചതിനു ശകാരിക്കുകയും ചെയ്തു. ഭൂഷന്‍ നിഷ്പക്ഷതയോടെ അല്ല പെരുമാറിയതെന്നും കേസിനെ രക്ഷിക്കുന്നതിനു വേണ്ടി സ്വന്തം നിലക്ക് തെളിവുകള്‍ ശേഖരിക്കുന്ന തലത്തിലേക്ക് പോയി എന്നും കോടതി കുറ്റപ്പെടുത്തുന്നുണ്ട്.
ജ: ലോയയുടെ ഒപ്പമുണ്ടായിരുന്ന ജഡ്ജിമാരുമായി ജ: ഖന്‍വലിക്കര്‍, ജ: ചന്ദ്രചൂഡ് എന്നിവര്‍ക്കുള്ള അടുപ്പം ചൂണ്ടിക്കാട്ടി വാദം കേള്‍ക്കുന്നതില്‍ നിന്നും പ്രസ്തുത ജഡ്ജിമാര്‍ പിന്മാറണം എന്നുള്ള പ്രശാന്ത് ഭൂഷന്റെ അഭ്യര്‍ത്ഥനയും കോടതിയെ ചൊടിപ്പിച്ചിരുന്നു. സൊഹ്‌റാബുദ്ദീന്‍ കേസ് കേള്‍ക്കുവാന്‍ നിയമിക്കപ്പെട്ടിരുന്ന ജ: ഉത്പത്തിനെ സുപ്രീം കോടതി നിര്‍ദ്ദേശത്തിനു വിരുദ്ധമായി അടിയന്തരമായി ട്രാന്‍സ്ഫര്‍ ചെയ്ത മഹാരാഷ്ട്ര ഹൈക്കോടതി അഡ്മിനിസ്‌ട്രേഷന്റെ നടപടിക്കെതിരെയും, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ജ: ഗവായിക്കെതിരെയും മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ ഉയര്‍ത്തിയ വാദങ്ങളും സുപ്രീം കോടതിയുടെ രൂക്ഷമായ വിമര്‍ശ്ശനം വിളിച്ചു വരുത്തുകയുണ്ടായി.
“Unfounded aspersions have been cut on the judges of High court” എന്നാണു സുപ്രീം കോടതി നിരീക്ഷിച്ചത്. ഇത്തരം ആരോപണങ്ങളുടെ അടിസ്ഥാനത്തിലേക്ക് കടക്കാതെ ന്യാധിപന്മാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ മാത്രമായി അവയെ ചുരുക്കുകയാണു സുപ്രീം കോടതി ചെയ്തത്. എന്നാല്‍ മറുവശത്ത് മറ്റു അഭിഭാഷകരുടെ ധാര്‍മ്മികമായ ലംഘനങ്ങളെ വ്യക്തികളുടെ മനസാക്ഷിക്ക് വിട്ടുകൊടുക്കുകയുമാണു കോടതി ചെയ്തത്. ഇനി ഒരുപക്ഷെ ഹര്‍ജിക്കാരായ അഭിഭാഷകരുടെ പ്രവര്‍ത്തികള്‍ അതിരു കടന്നിരുന്നാല്‍ത്തന്നെയും അത് ഹര്‍ജിയുടെ നിലനില്‍പ്പിനെ ബാധിക്കുന്നത് എങ്ങനെയാണ്?
ഇതേ കേസില്‍ത്തന്നെയാണ്, കേസിന്റെ പ്രാധാന്യത്തെയും ഹര്‍ജിക്കാരുടെ വിശ്വാസത്തെയും കണക്കിലെടുക്കുന്നതായി ഒരു ഘട്ടത്തില്‍ പറഞ്ഞ, ജ: ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടതിപ്രകാരമായിരുന്നു “If a judge in district judiciary has died and there are several media reports seeking as investigation, urging us to look at and intervene , it becomes serious enough for us to examine the records, but we can”t act only on basis of the media”. ഫെബ്രുവരി 19 നു കേസ് പരിഗണിക്കുന്ന വേളയില്‍ ഹര്‍ജിക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നില്ല എന്ന് പറഞ്ഞതും ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് തന്നെയായിരുന്നു. അതു കൊണ്ട് തന്നെ വിധിയിലെ മറിച്ചുള്ള നിരീക്ഷണങ്ങള്‍ തികച്ചും അത്ഭുതമുളവാക്കുന്നതാണ്.
എന്തു തന്നെയായാലും ജ: ലോയയുടെ മരണം സ്വാഭാവികമാണെന്നുള്ള കണ്ടെത്തല്‍ സംശയങ്ങള്‍ക്ക് അതീതമല്ല. ജ: ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങള്‍ എന്നെന്നേക്കുമായി ഉത്തരം ലഭിക്കാതെ നിലകൊള്ളും. ലോയയുടെ മരണവുമായി ബന്ധപ്പെട്ട തീര്‍ച്ചപ്പെടുത്തലുകള്‍ കൃത്യമായ നടപടിക്രമങ്ങളിലൂടെയല്ലാതെയാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇത്തരം നിഗമനങ്ങള്‍ മൂലം ഈ കേസ് എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന ബോധ്യം ബഹുമാനപ്പെട്ട ന്യായാധിപന്മാര്‍ക്കുണ്ടാകണമായിരുന്നു. അതുകൊണ്ടു തന്നെ ഈ കേസിലെ തത്പരകക്ഷികളായ ജ: ലോയയുടെ കുടുംബാംഗങ്ങള്‍, കാരവന്‍ മാഗസിനിലെ റിപ്പോര്‍ട്ടര്‍മാര്‍ തുടങ്ങിയവരെ കേള്‍ക്കുക എന്ന ഔചിത്യബോധവും കോടതി പരിഗണിച്ചില്ല എന്നത് നിരാശാജനകമാണ്.
മഹാഭാരതത്തിന്റെ അവസാനം ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മര്‍, ധര്‍മ്മത്തെയും നീതിയെയും പറ്റി പാണ്ഡവര്‍ക്ക് ഉപദേശം നല്‍കുന്ന വേളയില്‍, പാഞ്ചാലി പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു എന്നാണ് കഥ. തന്നെ അപമാനത്തില്‍ നിന്ന് രക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഭീഷ്മര്‍ നടത്തുന്ന ധര്‍മോപദേശം പാഞ്ചാലിയില്‍ പുച്ഛം ഉളവാക്കിയിട്ടുണ്ടാകും.
ജ: ലോയയുടെ വിധിയില്‍ ബഹുമാനപ്പെട്ട ന്യായാധിപന്മാര്‍ നീതി നിര്‍വ്വഹണത്തിന്റെ ശുദ്ധിയെക്കുറിച്ച് ധര്‍മ്മോപദേശം നടത്തുന്നുണ്ട്. ഒരു വേളയില്‍ കോടതി നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്, “The judges of district judiciary are valuable to wanton attack on their independence, This court would be failing in it”s duty if it were not to stand by them”. അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴിനല്‍കിയ ന്യായാധിപന്മാരെ ക്രോസ് വിസ്താരത്തില്‍ നിന്ന് സംരക്ഷിച്ചു കൊണ്ടുള്ള വേളയിലാണു ബഹുമാനപ്പെട്ട കോടതി ഇതു പറയുന്നതെന്നു മാത്രം.
ഇത്തരത്തിലുള്ള സംരക്ഷണ ബോധം കീഴ്‌ക്കോടതിയിലെ അംഗമായിരുന്ന ജ: ലോയയുടെ മരണത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ കുഴിച്ചു മൂടുമ്പോള്‍ ഉണ്ടായില്ല താനും. “Courts protect the rule of law”, “”There are higher values which guide our conduct”. “The credibility of the judicial process is based on its moral authority” തുടങ്ങിയ വാചകങ്ങള്‍ ലോയ കേസിലെ വിധിയില്‍ കാണാം. പക്ഷെ ഈ വിഷയത്തെ സമഗ്രമായി അപഗ്രഥിക്കുമ്പോള്‍ ഒന്നു വ്യക്തമാണ്, മേല്‍പ്പറഞ്ഞ വാക്കുകളെല്ലാം തന്നെ പൊള്ളയായ ധര്‍മ്മ പ്രസംഗങ്ങള്‍ മാത്രമാണ്.
നീതി നടപ്പിലാക്കിയാല്‍ മാത്രം പോര, അത് നടപ്പിലാക്കപ്പെട്ടതായി തോന്നിപ്പിക്കുകയും വേണം (Justice should not only be done; but also seen to be done). അതുണ്ടാകാത്ത പക്ഷം കോടതികളുടെ സംശുദ്ധിയെക്കുറിചുള്ള ധര്‍മ്മോപദേശങ്ങള്‍ ജനങ്ങളുടെ പരിഹാസ പൂര്‍ണ്ണമായ പൊട്ടിച്ചിരികള്‍ ക്ഷണിച്ചു വരുത്തും.
(യഥാര്‍ഥ ലേഖനം Livelaw.in ലീഗല്‍ പോര്‍ട്ടലില്‍ കേരള ഹൈക്കോടതി അഭിഭാഷകനായ ആഡ്വ: മനു സെബാസ്റ്റ്യന്‍ എഴുതിയതാണ്, പരിഭാഷകന്‍ ഷിയാസ് റസാഖ് തൃശ്ശൂര്‍ നിയമ കലാലയത്തില്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്)
മൊഴിമാറ്റം: ഷിയാസ് റസാഖ്
കടപ്പാട്: ലൈവ് ലോ