World News
യു.എന്നും പാശ്ചാത്യ രാജ്യങ്ങളും ചേര്‍ന്ന് കശ്മീരിലെ അധിനിവേശത്തെ കേവലം തര്‍ക്കവിഷയമാക്കി മാറ്റി: എസ്. ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
1 day ago
Tuesday, 18th March 2025, 3:00 pm

ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടനയും പാശ്ചാത്യ രാജ്യങ്ങളും സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അതീവ ഗുരുതരമായ കശ്മീരിലെ പാകിസ്ഥാന്റെ അധിനിവേശത്തെ ഒരു തര്‍ക്കവിഷയം എന്ന രീതിയിലാണ് പാശ്ചാത്യ രാജ്യങ്ങള്‍ കണ്ടതെന്ന് പറഞ്ഞ ജയശങ്കര്‍ അതിലൂടെ അക്രമിയെയും ഇരയെയും തുല്യമായി കണക്കാക്കിയെന്നും ആരോപിച്ചു. ന്യൂദല്‍ഹിയിലെ റെയ്സിന ഡയലോഗ് 2025 ന്റെ ഒരു സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം തര്‍ക്ക വിഷയങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ എടുക്കുന്ന ഇരട്ടത്താപ്പിനേയും ജയശങ്കര്‍ വിമര്‍ശിച്ചു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോള്‍, അത് ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടിയാണെന്ന് വാദിക്കുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് വരുമ്പോള്‍, അതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നാണ് അവര്‍ക്ക് തോന്നുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.

കശ്മീര്‍ അധിനിവേശത്തെ ഒരു തര്‍ക്കമാക്കി മാറ്റിയതിന് ഐക്യരാഷ്ട്രസഭയേയും ജയശങ്കര്‍ വിമര്‍ശിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, അധിനിവേശവുമായി ബന്ധപ്പെട്ട് ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത് കശ്മീരുമായി ബന്ധപ്പെട്ടാണെന്ന് ജയശങ്കര്‍ പറഞ്ഞു.

എന്നാല്‍ ഇത് പരിഹരിക്കാന്‍ ആരും കാര്യമായൊന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.കെ, കാനഡ, ബെല്‍ജിയം, ഓസ്ട്രേലിയ, യു.എസ് എന്നിവരെല്ലാം അതില്‍ ഉള്‍പ്പെടുമെന്നും ജയശങ്കര്‍ പറഞ്ഞു.

‘നാമെല്ലാവരും പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും കുറിച്ച് സംസാരിക്കുന്നു. അത് വളരെ പ്രധാനപ്പെട്ടതും ആഗോള നിയമങ്ങളുടെ അടിത്തറയുമാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, മറ്റൊരു രാജ്യം ഒരു പ്രദേശത്ത് ഏറ്റവും കൂടുതല്‍ കാലം നിയമവിരുദ്ധമായി അധിനിവേശം നടത്തിയത് ഇന്ത്യയിലെ കശ്മീരിലാണ്.

ഈ വിഷയത്തില്‍ ഞങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ പോയി. അധിനിവേശം എന്നുണ്ടായിരുന്നത് തര്‍ക്കമാക്കി മാറ്റി. അക്രമിയെയും ഇരയെയും തുല്യരാക്കി. കുറ്റവാളികള്‍ ആരായിരുന്നു? യു.കെ, കാനഡ, ബെല്‍ജിയം, ഓസ്ട്രേലിയ, യു.എസ്.എ? ഈ മുഴുവന്‍ വിഷയത്തിലും എനിക്ക് ചില ചോദ്യങ്ങളുണ്ട്,’ ജയശങ്കര്‍ പറഞ്ഞു.

ലോകത്തിന് ശക്തമായ ഒരു ഐക്യരാഷ്ട്രസഭ ആവശ്യമാണെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു. ശക്തമായതും ഒരേസമയം നീതിയുള്ളതുമായിരിക്കണം അത്. ശക്തമായ ആഗോള ക്രമത്തിന് മാനദണ്ഡങ്ങളില്‍ സ്ഥിരത വേണമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: UN and Western countries have turned the occupation of Kashmir into a mere issue of dispute: S. Jaishankar