സ്റ്റെയ്‌നിന്റെ നാവ് പൊന്നായി: ഉമ്രാന്‍ മാലിക്
IPL
സ്റ്റെയ്‌നിന്റെ നാവ് പൊന്നായി: ഉമ്രാന്‍ മാലിക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th June 2022, 8:28 pm

ഇന്ത്യന്‍ ബൗളിംഗ് നിരയുടെ ഭാവി വാഗ്ദാനമായാണ് ഉമ്രാന്‍ മാലിക് എന്ന യുവതാരത്തെ വിലയിരുത്തപ്പെടുന്നത്. ഐ.പി.എല്‍ 2022ല്‍ സണ്‍റൈസേഴ്‌സിന്റെ കുതിപ്പിലും കിതപ്പിലും മുഖ്യപങ്ക് വഹിച്ച ഉമ്രാനെ തേടി എമേര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരവും എത്തിയിരുന്നു.

ഇതിന് പിന്നാലെ ഉമ്രാനെ തേടി ഇന്ത്യന്‍ ടീമില്‍ നിന്നുള്ള വിളിയുമെത്തിയരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ള ടീമിലാണ് ഉമ്രാന്‍ ഉള്‍പ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസം നെറ്റ്‌സിലും താരം തന്റെ വേഗത വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡെലിവറിയ്ക്കുടമയായ അക്തറിന്റെ 161 കിലോ മീറ്ററിന്റെ റെക്കോഡും താരം നെറ്റ്‌സില്‍ എറിഞ്ഞിട്ടിരുന്നു.

കേവലം വന്യമായ വേഗത മാത്രം കൈമുതലായുണ്ടായിരുന്ന ഉമ്രാനെ ഒരു ബൗളര്‍ എന്ന നിലയില്‍ രാകിമിനുക്കിയെടുത്തത് സണ്‍റൈസേഴ്‌സിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചായ ഡെയ്ല്‍ സ്‌റ്റെയ്‌നാണ്.

ഇപ്പോള്‍ തന്റെ കോച്ചിനെ കുറിച്ച് പറയുകയാണ് ഉമ്രാന്‍ മാലിക്. സീസണ്‍ കഴിയുന്നതോടെ താന്‍ ടീമിലെത്തുമെന്ന് സ്‌റ്റെയ്ന്‍ നേരത്തെ പറഞ്ഞിരുന്നുവെന്നാണ് താരം പറയുന്നത്.

‘ഞാന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത വരുമ്പോള്‍ സ്‌റ്റെയ്ന്‍ എന്റെയൊപ്പം ടീം ബസില്‍ ഉണ്ടായിരുന്നു. അപ്പോള്‍ സ്‌റ്റെയന്‍ ഈ സീസണ്‍ കഴിയുമ്പോഴേക്കും ഇന്ത്യന്‍ ടീമിലേക്ക് സെലക്ടാവും എന്ന് പറഞ്ഞതോര്‍മയുണ്ടോ എന്ന് എന്നോട് ചോദിച്ചു.

ശരിക്കും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി എന്റെ ബെസ്റ്റ് പുറത്തെടുക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം,’ ഉമ്രാന്‍ പറയുന്നു.

സ്‌റ്റെയ്‌നിന് കീഴില്‍ മികച്ച പ്രകടനമാണ് താരം ഐ.പി.എല്ലില്‍ നടത്തിയിരുന്നത്.

ഐ.പി.എല്ലില്‍ ഫാസ്റ്റസ്റ്റ് ഡെലിവറി ഓഫ് ദി മാച്ച് അവാര്‍ഡ് ഏറ്റവും കൂടുതല്‍ നേടിയത് ഉമ്രാനായിരുന്നു. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ പന്തും ഉമ്രാനായിരുന്നു എറിഞ്ഞത്.

ഹൈദരാബാദിനായി താരം സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റായിരുന്നു വീഴ്ത്തിയത്. ഐ.പി.എല്ലില്‍ നടത്തിയ മികച്ച പ്രകടനമായിരുന്നു താരത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

നേരത്തെ അക്തറിന്റെ റെക്കോഡ് തകര്‍ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ദൈവം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് തകര്‍ക്കുമെന്നും അതിനുവേണ്ടി മാത്രം ഫോക്കസ് ചെയ്യുന്നില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ താരത്തിന്റെ ബൗളിംഗ് പ്രകടനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

 

Content Highlight: Umran Malik about his coach Dale Steyn