national news
വിവാദ ന്യൂസ് അവതാരകന്‍ സുധീര്‍ ചൗധരിയെ 15 കോടി നല്‍കി ദൂരദര്‍ശനിലെത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പ്രസാര്‍ ഭാരതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
1 day ago
Friday, 21st March 2025, 10:27 pm

ന്യൂദല്‍ഹി: വിവാദ വാര്‍ത്ത അവതാരകന്‍ സുധീര്‍ ചൗധരിക്ക് 15 കോടി വാര്‍ഷിക ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്ത ചാനലായ ദൂരദര്‍ശനില്‍ നിയമനം. വ്യാജ വാര്‍ത്ത നിര്‍മിച്ചതിനും കൈക്കൂലി ആവശ്യപ്പെട്ടതിനും രണ്ട് തവണ ജയിലില്‍ കിടന്ന സുധീര്‍ ചൗധരിയെ ആഴ്ച്ചയില്‍ അഞ്ച് ദിവസം എന്ന നിലയ്ക്ക് 260 ദിവസത്തേക്കാണ് ദൂരദര്‍ശനില്‍ വാര്‍ത്ത അവതാരകനായി നിയമിച്ചത്.

ഡി.ഡി ന്യൂസില്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്സ്‌ക്ലൂസീവ് ഷോകള്‍ നിര്‍മിക്കുന്നതിനായി ജി.എസ്.ടിയടക്കം 15 കോടി രൂപയ്ക്കാണ് ഇരുകക്ഷികളും കരാറില്‍ എത്തിയത്.

മെയ് മുതലാണ് സുധീര്‍ ചൗധരിയുടെ ഷോ ദൂരദര്‍ശനില്‍ സംപ്രേക്ഷപണം ചെയ്യുക.വിവിധ കേസുകളിലായി രണ്ട് തവണയാണ് സുധീര്‍ ചൗധരി ജയില്‍ശിക്ഷ അനുഭവിച്ചത്. 2008ല്‍ ഒരു സ്‌കൂള്‍ അധ്യാപിക വിദ്യാര്‍ത്ഥികളെ വേശ്യവൃത്തിക്ക് നിയോഗിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനായിരുന്നു ആദ്യത്തെ ശിക്ഷ. ഇതോടെ സുധീര്‍ ചൗധരി ജയിലില്‍ ആവുകയും അദ്ദേഹത്തിന്റെ ചാനലായ ലൈവ് ഇന്ത്യ താത്കാലികമായി നിരോധിക്കുകയും ചെയ്തു.

പിന്നീട് ബി.ജെ.പി സഹായാത്രികനായ സുഭാഷ് ചന്ദ്രയുടെ സീ ന്യൂസില്‍ ജോലി ചെയ്തു. സീ ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫും സി.ഇ.ഒയുമായിരുന്നു സുധീര്‍ ചൗധരി.

എന്നാല്‍ ജിന്‍ഡാല്‍ ഗ്രൂപ്പില്‍ നിന്ന് 100 കോടി കൈക്കൂലി ചോദിച്ചതിനെത്തുടര്‍ന്ന് സീ ടിവിയുടെ ബിസിനസ് എഡിറ്റര്‍ സമീര്‍ അലുവാലിയക്കൊപ്പം വീണ്ടും ജയിലിലായി. 2022ല്‍ സീ ന്യൂസില്‍ നിന്ന് രാജിവെച്ച സുധീര്‍ ആജ് തക്കിലെത്തി. ഇന്ത്യ ടുഡേയിലും സുധീര്‍ ജോലി ചെയ്തിട്ടുണ്ട്.

2024 ജനുവരിയില്‍ ആദിവാസി സമൂഹത്തിനെതിരെ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ സുധീറിനെതിരെ എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. മുസ്‌ലിം വിരുദ്ധ പരിപാടി സംപ്രേഷണം ചെയ്തതിന് കേരളത്തിലും സുധീറിനെതിരെ കേസുണ്ട്. അതേസമയം പ്രധാന മന്ത്രി നരേന്ദ്ര മോദി സുധീര്‍ ചൗധരിക്ക് നിരവധി തവണ അഭിമുഖം അനുവദിച്ചിട്ടുണ്ട്.

Content Highlight: Prasar Bharati, a central government agency, has brought controversial news anchor Sudhir Chaudhary to Doordarshan for Rs 15 crore