ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണ മദ്യനിരോധനമേര്‍പ്പെടുത്തണമെന്ന് ഉമാ ഭാരതി
national news
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണ മദ്യനിരോധനമേര്‍പ്പെടുത്തണമെന്ന് ഉമാ ഭാരതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st January 2021, 9:03 pm

ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മദ്യനിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് ഉമാഭാരതി.

മധ്യപ്രദേശില്‍ പുതിയ മദ്യഷാപ്പുകള്‍ തുറക്കാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഉത്തരവിറക്കിയതിനു പിന്നാലെയാണ് ഉമാ ഭാരതിയുടെ പ്രതികരണം.

ഇതു സംബന്ധിച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. ട്വിറ്ററില്‍ നദ്ദയെ ടാഗ് ചെയ്തായിരുന്നു ഉമാ ഭാരതിയുടെ പ്രതികരണം.

‘ഈ ട്വീറ്റിലൂടെ ഒരു പൊതുവിഷയം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. നിലവില്‍ ബി.ജെ.പി അധികാരത്തിലിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും  മദ്യനിരോധനം കൊണ്ടുവരണം. ലോക് ഡൗണ്‍ കാലത്ത് മദ്യശാലകള്‍ അടച്ചിട്ടിരുന്നു. മറ്റ് രോഗങ്ങള്‍ വന്ന് ആളുകള്‍ മരിച്ചതിന് കണക്കില്ല. എന്നാല്‍ മദ്യപാനം കാരണമായുള്ള മരണങ്ങള്‍ വളരെ കുറവായിരുന്നു’, ഉമ ഭാരതി ട്വിറ്ററിലെഴുതി.

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും മദ്യപാനം കാരണം ആളുകള്‍ മരിച്ചുവീഴുകയാണെന്നും അതിനാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണ മദ്യനിരോധനമേര്‍പ്പെടുത്തണമെന്നും  ഉമാഭാരതി പറഞ്ഞു.

എന്നാല്‍ അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മദ്യഷാപ്പുകളുടെ എണ്ണം സംസ്ഥാനത്ത് വളരെ കുറവാണെന്നാണ് നരോത്തം മിശ്ര പറഞ്ഞത്.

അതേസമയം നിലവിലെ മദ്യഷാപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. എന്നാല്‍ അത് മതിയാകില്ലെന്നും പൂര്‍ണ്ണ മദ്യനിരോധനമാണ് വേണ്ടതെന്നുമായിരുന്നു ഉമാ ഭാരതി ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Uma Bharathi Calls For A Ban On liquor